Geography, Agriculture & Animal Husbandry
ഭൂമിശാസ്ത്രം
തിരുവനന്തപുരം നഗരത്തിന്റെ കിഴക്ക് നെടുമങ്ങാട് താലൂക്കും, പടിഞ്ഞാറ് അറബിക്കടലും, തെക്ക് നെയ്യാറ്റിന്‍കര താലൂക്കും, വടക്ക് ചിറയിന്‍കീഴ് താലൂക്കുമാണ്. കടല്‍ത്തീര നഗരമാണെങ്കിലും ചെറുകുന്നുകളും താഴ്വരകളും നിറഞ്ഞ നിമ്നോന്നതമായ ഒരു ഭൂപ്രദേശമാണ്. കേരളത്തിന്റെ മൂന്നു പ്രധാന ഭൂമി ശാസ്ത്രമേഖലകളായ മലനാട്, ഇടനാട്, തീരപ്രദേശം എന്നിവയില്‍ ഇടനാടിന്റെ പ്രത്യേകതകളാണ് നഗരത്തിനുള്ളത്.:ചെമ്മണ്ണ്, മണല്‍ മണ്ണ് എന്നിവയാണ് നഗരപ്രദേശത്ത് പൊതുവെ കാണുന്ന മണ്ണിനങ്ങള്‍. ഭൂമധ്യരേഖയോട് വളരെ അടുത്തു കിടക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലൊഴികെ എല്ലാ മാസങ്ങളിലും കുറഞ്ഞ തോതിലാണെങ്കിലും മഴ ലഭിക്കാറുണ്ട്. :ഉഷ്ണമേഖലാ പ്രദേശമാണെങ്കിലും നഗരത്തിലെ ശരാശരി താപനില 32 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ തണുപ്പുകാലത്ത് താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും.കോട്ടണ്‍ ഹില്‍, ബാര്‍ട്ടണ്‍ ഹില്‍, കനകക്കുന്ന്, തുളസീഹില്‍ തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന കുന്നുകള്‍.
ഏഴോ എട്ടോ ദശകങ്ങള്‍ക്കു മുന്‍പുപോലും ധാരാളം ചെറുകാടുകളും, വനപ്രദേശങ്ങളും നിറഞ്ഞതായിരുന്നു ഇന്നത്തെ തിരുവനന്തപുരം നഗരത്തിന്റെ പല പ്രദേശങ്ങളും.. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി അവയൊക്കെ ക്രമേണ അപ്രത്യക്ഷമായിരിക്കുന്നു. എങ്കിലും നഗരത്തിനുള്ളിലൊരു ചെറുവനം എന്ന കണക്കെ തിരുവനന്തപുരം കാഴ്ചബംഗ്ളാവ് സ്ഥിതിചെയ്യുന്ന പ്രദേശം വിവിധ ഇനം വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു ഹരിതഭൂമിയാണ്. നഗരസഭാമന്ദിരം മുതല്‍ കവടിയാര്‍ വരെ നീളുന്ന രാജപാതയ്ക്കിരുവശവും ചന്തവും, തണലുമേകിക്കൊണ്ട് അനവധി വൃക്ഷങ്ങളുണ്ട്. പഴക്കം ചെന്നവയും മുറിച്ചുമാറ്റപ്പെട്ടതുമായ വൃക്ഷങ്ങള്‍ക്കു പകരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് നഗരത്തെ കൂടുതല്‍ മനോഹരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
നഗരത്തിലൂടെ ഒഴുകുന്ന നദികള്‍

കരമനയാര്‍ മാത്രമാണ് നദി എന്ന വിശേഷണത്തിനര്‍ഹതയുള്ളത്. അഗസ്ത്യമലയില്‍ നിന്നുത്ഭവിച്ച്, കാവി, അട്ട, വയ്യാപ്പാടി എന്നീ തോടരുവികള്‍ ചേര്‍ന്ന് പടിഞ്ഞാറോട്ടൊഴുകി നഗരത്തില്‍ പ്രവേശിക്കുന്ന കരമനയാര്‍ കടലിനോട് ചേര്‍ന്നുള്ള കായലില്‍ ചേരുന്നു. കരമനയാറിന്റെ ഭാഗമായ അരുവിക്കരയില്‍ നിന്നു നഗരത്തിനുവേണ്ട ശുദ്ധജലം ലഭിക്കുന്നു. കേരളത്തിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലമായ കരമനപാലത്തിന് നൂറോളം വര്‍ഷത്തെ പഴക്കമുണ്ട്. രാജഭരണകാലത്ത് ബ്രിട്ടീഷ് മേല്‍നോട്ടത്തില്‍ പണികഴിപ്പിച്ചതാണ് ഈ പാലം. പേരുകൊണ്ട് നദി എന്ന് ധ്വനിപ്പിക്കുന്നുണ്ടെങ്കിലും സാമാന്യം വലിയ ഒരു തോടുമാത്രമാണ് കിള്ളിയാര്‍. കിള്ളിയാറും പടിഞ്ഞാറോട്ടൊഴുകി തിരുവല്ലം പരശുരാമക്ഷേത്രത്തിനു സമീപത്തായി കരമനയാറില്‍ ചേരുന്നു. കരമന-കിള്ളിയാര്‍ സംഗമസ്ഥാനം അതിമനോഹരമായ ഒരു ഭൂപ്രദേശമാണ്. റാണി പാര്‍വ്വതിബായിയുടെ ഭരണകാലത്ത് (1815-1829) കണിയാപുരം മുതല്‍ വളളക്കടവ് (കല്പാലക്കടവ്) വരെ ഗതാഗതത്തിനായി വെട്ടിയ ജലപാതയാണ് പാര്‍വ്വതി പുത്തനാര്‍ . ചാക്ക- വളളക്കടവുപാലം ഈ ആറ്റിലാണ്.
നഗരത്തിലെ കായലുകള്‍, തടാകങ്ങള്‍

ആക്കുളം കായല്‍, വേളി കായല്‍ വെള്ളായണി കായല്‍ എന്നിവ നഗരാതിര്‍ത്തിയിലാണ്. ഇതില്‍ ആക്കുളം, വേളി എന്നീ രണ്ടുകായലുകള് കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്നാല്‍ വെള്ളായണിക്കായല്‍ ഒരു ശുദ്ധജലതടാകമാണ്. വെള്ളായണിക്കായലിലെ ശുദ്ധജലം നഗരത്തിലെ ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വിശാലമായ നെല്‍പ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും വാഴക്കൃഷിയും നിറഞ്ഞുനില്ക്കുന്ന ഈ തടാകതീരം വിനോദസഞ്ചാരികളേയും ആകര്‍ഷിക്കുന്നു. ഈ തടാകത്തില്‍ നിന്നു സമീപത്തെ കൃഷിഭൂമികള്‍ നനയ്ക്കുന്നതിനായി ചെറിയ തോതില്‍ കനാല്‍ ജലസേചന സൌകര്യവുമുണ്ട്.
കനാലുകള്‍ , തോടുകള്‍

കരമനയാറിന്റെ പോഷകനദിയായ കിള്ളിയാറ് , ആമയിഴഞ്ചാന്‍തോട്, ഉള്ളൂര്‍ തോട് ,പാര്വ്വതീപുത്തനാറ് തുടങ്ങി നഗരത്തില്‍ അനേകം നീരൊഴുക്കുകള്‍ ഉണ്ടെങ്കിലും അവയുടെ ഉപഭോഗം നാമമാത്രമാണ്.റാണി പാര്‍വ്വതീഭായിയുടെ ഭരണകാലത്ത്് (1815-1829) കണിയാപുരം മുതല്‍ വള്ളക്കടവ് കല്പാലക്കടവ് വരെ ഗതാഗതത്തിനായി വെട്ടിയ ജലപാതയാണ് പാര്‍വ്വതിപുത്തനാര്‍. ചാക്ക, വള്ളക്കടവ് പാലം എന്നിവ ഈ ആറ്റിലാണ്. നാടിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ യാത്രക്കും ചരക്കുഗതാഗതത്തിനും ഇവിടം ഉപയോഗിച്ചിരുന്നു.പാര്‍വ്വതീപുത്തനാറിന്റെ അരികിലുള്ള വള്ളക്കടവില്‍ (കല്‍പ്പാലക്കടവ്) തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആവശ്യത്തിനായുള്ള പള്ളിയോടങ്ങള്‍ അടുത്തിരുന്നു. “ചാന്നാങ്കര മുതല്‍ തിരുവനന്തപുരം കല്‍പ്പാലം വരെ പുത്തനായി തോടു വെട്ടിയതിനു” പണം നല്കിയ വിവരം ചരിത്രരേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജവാഴ്ചകാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയതാണ് വള്ളക്കടവ്-ചാക്ക ബോട്ടുപുരകള്. ചാക്കയിലേത് പിന്നീട് പൊളിച്ചുമാറ്റിയെങ്കിലും വള്ളക്കടവിലേത് തകര്‍ന്ന നിലയിലാണ്. ആലപ്പുഴയും തിരുവനന്തപുരവുമായി കച്ചവടബന്ധം സ്ഥാപിക്കുവാന്‍ ഈ ജലപാത ഒരുകാലത്ത് വളരെ ഉപകരിച്ചിരുന്നു. യാത്രയ്ക്കുപയോഗിച്ചിരിച്ചിരുന്നതിനാല് തിരുവനന്തപുരം-ചേര്‍ത്തല കനാല്‍ എന്നും വിളിച്ചിരുന്നു. ഇന്ന് നിര്‍മ്മാണത്തിലിരിക്കുന്ന ഷൊര്‍ണ്ണൂര്‍ വരെ നീളുന്ന ദേശീയജലപാതാ പദ്ധതിയുടെ ആരംഭ കേന്ദ്രമാണ് വള്ളക്കടവ്.
മറ്റു ജലസ്രോതസ്സുകള്‍

അറുപതില്‍ പരം കുളങ്ങള്‍ നഗരത്തിലുണ്ട്. കൂടാതെ നിരവധി ചെറു തോടുകളും അരുവികളും നഗരത്തെ ജലസമൃദ്ധമാക്കുന്നു.
നഗരത്തിലെ കുളങ്ങള്‍ :
കൃഷി - കാര്‍ഷിക പശ്ചാത്തലം

തിരുവനന്തപുരം ജില്ലയിലെ പകുതിയിലേറെ ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും നഗരത്തിലെ സ്ഥിതി അതല്ല. 2001-ലെ സെന്‍സസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ പ്രധാന ഉപതൊഴിലുകളില് ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം 248054 ആണ്. ഇതില്‍ 6.8 ശതമാനം കര്‍ഷകരും 12.5 ശതമാനം കര്‍ഷക തൊഴിലാളികളും 6.3 ശതമാനം കുടില്‍ വ്യവസായ മേഖലയിലെ തൊഴിലാളികളും 74.4 ശതമാനം മറ്റു മേഖലകളിലും ആണ്. ഉപനഗര പ്രദേശങ്ങളിലാണ് പൊതുവെ കൃഷിയുടെ സാന്നിധ്യം കാണുന്നത്. നെല്‍കൃഷി നഗരത്തിലെ ചുരുക്കം വാര്‍ഡുകളിലായി പരിമിതപ്പെട്ടിരിക്കുന്നു. പുഞ്ചക്കരി, കിഴക്കേക്കരി, വെള്ളായണി, കോലിയക്കോട്, നേമം, അയിരുപാറ, കോലോത്തുങ്കര, കളപ്പാട്ടുകരി, ആറ്റിപ്ര, കരിമണ്‍കുളം പാങ്ങോട്, തൃക്കണ്ണാപുരം, ആറന്നൂര്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാന നെല്പ്പാടങ്ങളെന്നു പറയാം. നെല്ലിക്കുഴി ഏലാ, ആനയറ ഏലാ, കരിക്കകം ഏലാ, എന്നിവ നികത്തിക്കഴിഞ്ഞു. നെല്‍കൃഷി ലാഭകരമല്ലാത്തതിനാലും മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഭൂമിയുടെ വിനിയോഗം കൂടിവരുന്നതിനാലും ഉണ്ടായിരുന്ന നെല്‍ വയലുകള്‍ നികത്തി വാഴ, തെങ്ങ് മുതലായവ കൃഷിചെയ്യുകയും പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത ഏറിവരുന്നതിനാലും 9-ാം പദ്ധതിയുടെ ആരംഭത്തിലുണ്ടായിരുന്ന കൃഷിഭൂമിയുടെ വിശേഷിച്ച് നെല്‍വയലുകളുടെ വിസ്തൃതി ഏകദേശം മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ട്. വ്യാപകമായി എല്ലാ പ്രദേശത്തും തെങ്ങുകൃഷി കാണാം. തീരദേശവാര്‍ഡുകളിലെ പ്രധാന കൃഷി വരുമാനം തെങ്ങുകൃഷിയില്‍ നിന്നു തന്നയാണ്. മരച്ചീനി, വാഴ, പച്ചക്കറി, ഇവയുടെ ഏറിയകൂറും നഗരത്തോടു കൂട്ടിച്ചേര്‍ക്കപ്പെട്ട മുന്‍ പഞ്ചായത്തു പ്രദേശങ്ങളിലാണ് നിലനിന്നുവരുന്നത്. ഈ പ്രദേശത്തെ മൊത്തം കൃഷിഭൂമിയുടെ 50 ശതമാനവും കാര്‍ഷികാവശ്യത്തിനു തന്ന വിനിയോഗിക്കുന്നതായി കാണുന്നു. 9-ാം പദ്ധതിയുടെ ആരംഭത്തില്‍ നഗരാതിര്‍ത്തിക്കുള്ളില്‍ ഭൂമിയുടെ കേവലം 10 ശതമാനം മാത്രമാണ് കാര്‍ഷികാവശ്യത്തിനു വിനിയോഗിച്ചിരുന്നത്. 9-ാം പദ്ധതിയുടെ അവസാനത്തോടെ നെല്‍കൃഷിയിടത്തിന്റെ വിസ്തൃതി 144 ഹെക്ടറായി വര്‍ദ്ധിച്ചു. തെങ്ങുകൃഷിയാകട്ടെ 3653 ഹെക്ടറില്‍ നിന്ന് 8000 ഹെക്ടറായി വര്‍ദ്ധിച്ചു. കര്‍ഷകരുടെ എണ്ണവും വര്‍ദ്ധിച്ചു. കര്‍ഷകരെ ശാസ്ത്രീയ കൃഷിരീതിയില്‍ സഹായിക്കാനും ആവശ്യമായ വിജ്ഞാനം പ്രദാനം ചെയ്ത് കാര്‍ഷികവൃത്തിയില്‍ സാധാരണ ജനങ്ങളെ തല്പ്പരരാക്കാനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ സഹായിക്കാനും വേണ്ടി നഗരത്തില്‍ 1998-99 മുതല്‍ നഗരസഭയുടേതായി ഒരു കാര്‍ഷികവിജ്ഞാന വിപണന കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു. വിവിധ വാര്‍ഡുകളില്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വിപണനകേന്ദ്രങ്ങള്‍ വാടകയ്ക്കു നല്‍കുക, വാര്‍ഡടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ശാസ്ത്രീയ കൃഷിരീതികളില്‍ അറിവു പകരുന്ന ക്ളാസ്സുകള്‍ സംഘടിപ്പിക്കുക, തൈകള്‍ , വിത്തുകള്‍, രാസവളം, എന്നിവ വിതരണം ചെയ്യുക. സസ്യസംരക്ഷണം മുതലായ പ്രവര്‍ത്തനങ്ങള്‍ ഈ കേന്ദ്രത്തില്‍ നടക്കുന്നു.ഭക്ഷ്യധാന്യങ്ങള്‍ക്കും കായ്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയ്ക്കും അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലുള്ളത്.നഗരത്തിലെ കൃഷിഭവനുകള്ആറ്റിപ്ര, ഉള്ളൂര്‍, കടകംപള്ളി, തിരുവല്ലം, നേമം എന്നിവയാണ്
മൃഗസമ്പത്ത് - മൃഗസംരക്ഷണം

ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം മൃഗസമ്പത്തുകൊണ്ട് സമ്പന്നമാണെങ്കിലും നഗരപ്രദേശത്ത് തുലോം കുറവാണ്. നഗരത്തിനുള്ളില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളിലായി മൃസംരക്ഷണാര്ത്ഥം കുറച്ചുസ്ഥാപനങ്ങള് പ്രവര്‍ത്തിച്ചു വരുന്നു. നഗരപ്രദേശത്ത് കുടിലുകളില്‍ ചെറിയ തോതിലും ചെറുകിടഫാമുകളില്‍ സാമാന്യമായ തോതിലും കോഴികൃഷി നടന്നുവരുന്നു. റീജ്യണല്‍ പൌള്‍ട്രി ഫാമും ഡിസ്ട്രിക്ട് ലൈവ്സ്റോക്ക് ഫാമും കുടപ്പനക്കുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. പാലോടുളള ഡ്രൈ സ്റ്റോക്ക് ഫാം, പേട്ടയില്‍ സ്ഥിതി ചെയ്യുന്ന ഇന്റന്‍സീവ് പൌള്‍ട്രി ഫാമിനു പുറമേ വെറ്റിനറി സബ് സെന്ററുകള്‍, ക്ളിനിക്കല്‍ ലാബ്, ബയോളജിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട്, ഡിസീസ് ഇന്‍വസ്റിഗേഷന്‍ ഓഫീസ്, ലൈവ് സ്റോക്ക് ഡിസീസ് കണ്ട്രോള് യൂണിറ്റ്, സൊസൈറ്റി ഫോര്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് എന്നിവയാണ് ജില്ലയിലെ പ്രമുഖ ആനിമല്‍ ഹസ്ബന്‍ഡറി സ്ഥാപനങ്ങള്‍. ഉപഭോക്താക്കള്‍ക്ക് പാല് വിതരണം ചെയ്യുന്നത് അമ്പലത്തറയിലെ ഡെയറിയില്‍ നിന്നാണ്. നഗരത്തിലെ വെറ്ററിനറി ഹോസ്പിറ്റലുകള്‍ പേട്ട, തിരുവല്ലം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ആറ്റിന്‍കുഴി, കടകംപളളി, അമ്പലത്തറ, തൃക്കണ്ണാപുരം, വെട്ടിക്കുഴി, പോങ്ങുംമൂട് എന്നിവിടങ്ങളിലാണ് വെറ്റിനറി ഡിസ്പെന്‍സറികള്‍. വെറ്റിനറി ഹോസ്പിറ്റലുകളുടെയും വെറ്റിനറി ഡിസ്പെന്‍സറികളുടേയും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ സീനിയര്‍ വെറ്റിനറി സര്ജന്മാരോ വെറ്റെറിനറി സര്ജന്മാരോ ആണ്. തിരുവല്ലം, പൂഴിക്കുന്ന്, പാപ്പനംകോട്, ആര്യശാല, മണക്കാട്, പോങ്ങുംമൂട്, ആറ്റിന്‍കുഴി, മാധവപുരം, പൂജപ്പുര, മരുതന്‍കുഴി എന്നിവിടങ്ങളിലാണ് ബീജസങ്കലന ഉപ കേന്ദ്രങ്ങള്‍. ഇതിന്റെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ലൈവ് സ്റോക്ക് ഇന്‍സ്പെക്ടര്‍മാരാണ്.
ക്ഷീരോല്പാദനം

ക്ഷീരോല്പ്പാദനം വര്‍ദ്ധിപ്പിക്കുകയും ക്ഷീര ഉപഭോഗത്തിന് പ്രചാരം നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഡയറി ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ക്ഷീരവികസന വകുപ്പ്) കേരളത്തില്‍ രൂപം കൊണ്ടത് 1962 ലാണ്. ഗ്രാമങ്ങളിലെ ക്ഷീരോല്‍പ്പാദന മേഖലകളെക്കൂടി ഉള്‍പ്പെടുത്തി പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, ക്ഷീരസഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, പുല്ലുവളര്‍ത്തല്‍,പശുഗ്രാമം ഡയറി പ്രോജക്ടുകള്‍ തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.
മത്സ്യബന്ധനം

നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രമാണ് വിഴിഞ്ഞം.ഔട്ട്ബോര്‍ഡ് എന്‍ജിനുകള്‍, യന്ത്രവത്കൃത ബോട്ടുകള്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളിലൂടെ സമുദ്രോത്പ്പന്നങ്ങളുടെ അളവ് ഇരട്ടിപ്പിക്കുന്നതിനും വിദേശങ്ങളില്‍ പ്രിയമുള്ള ഇനങ്ങളെ വലയിലാക്കി കയറ്റുമതി വികസനം നേടുന്നതിനുമുള്ള യത്നങ്ങള്‍ പുരോഗതിയാര്ജ്ജിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖല സംസ്ഥാനത്തെ വരുമാനത്തിന്റെ 2 ശതമാനം സംഭാവന ചെയ്യുന്നുണ്ട്. മീന്‍പിടിത്തവും സംസ്കരണവും വിതരണവും സംസ്ഥാനത്തെ ജനസംഖ്യയുടെ 3 ശതമാനം വിഭാഗത്തിന് ഉപജീവനമാര്‍ഗ്ഗം പ്രദാനം ചെയ്യുന്നു. നഗരത്തിലെ കടലോരവാര്ഡുകള്, പള്ളിത്തുറ, പൌണ്ട്കടവ്, വെട്ടുകാട്, ശംഖുമുഖം, വലിയതുറ, വള്ളക്കടവ്, ബീമാപള്ളി, പൂന്തുറ, പാച്ചല്ലൂര്‍, വെള്ളാര്‍ എന്നിവയാണ്. എന്നാല്‍ മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന സമൂഹത്തിലെ ഒരു ഗണനീയ വിഭാഗത്തിന്റെ സാമൂഹ്യെ-സാമ്പത്തിക സ്ഥിതിയും ജീവിത നിലവാരവും സംസ്ഥാനത്തെ ഇതര ജനവിഭാഗത്തേക്കാള്‍ തുലോം പിന്നാക്കമായി നിലനില്ക്കുന്നു. നമ്മുടെ നഗരാതിര്‍ത്തിയില്‍ ഏകദേശം അഞ്ഞൂറോളം മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളും രണ്ടായിരത്തോളം പരമ്പരാഗതയാനങ്ങളും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗത യാനങ്ങളില്‍ ഭൂരിഭാഗവും ചാളത്തടികളാണ്. റിംഗ്, വല, കോരുവല, ബോട്ടുസീന്, മിനിട്രോന്, കരമടിവല, ഗില്വല, ഒഴുക്കുവല, ട്രോള്‍ വല, വീശുവല, ചൂണ്ട മുതലായവയാണ് ഇവിടെ പ്രചാരത്തിലുള്ള ഉപകരണങ്ങള്‍. നഗരത്തില്‍ രജിസ്റര്‍ ചെയ്ത ഐസ് പ്ളാന്റുകള്‍ ഒന്നും തന്ന മത്സ്യ തൊഴിലാളികളുടെ സ്വന്തമായിട്ടില്ല. മത്സ്യോത്പാദന വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന 3 ഏജന്‍സികളാണ് ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവ.
ചെറുകിട വ്യവസായരംഗം
കയര്‍ , കൈത്തറി, കശുവണ്ടി
പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി തുടങ്ങിയവ യൊക്കെ ഇന്നു നിരവധി പ്രശ്നങ്ങളെ നേരിട്ട് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഈ രംഗത്തെ അസംഘടിതമായ തൊഴിലവസ്ഥയും, ലാഭകരമായി വിറ്റഴിക്കാനാകാത്തതും പരമ്പരാഗത ഉല്‍പ്പന്നങ്ങളോട് വേണ്ടത്ര ആഭിമുഖ്യം പ്രകടിപ്പിക്കാത്ത ജനങ്ങളുടെ ആധുനിക അഭിരൂചികളുമൊക്കെ ഈ പിന്നാക്കാവസ്ഥയ്ക്ക് കാരണമായി പറയാവുന്നതാണ് കയറുല്‍പ്പന്നങ്ങളുടെ പ്രധാന ഇനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് അഞ്ചുതെങ്ങിലും, മുപ്പിരിയിലുമാണ്. ബാലരാമപുരത്തും അമരവിളയിലും, കുളത്തൂരിലും ചിറയിന്‍കീഴിലുമാണ് ജില്ലയിലെ പ്രധാനപ്പെട്ട കൈത്തറിമേഖലകള്. കൈത്തറി-നെയ്ത്ത് സഹകരണ സംഘ ത്തിന്റെ 20 ഹാന്‍ടെക്സ് ഡിപ്പോകളും, 5 ഷോറൂമൂകളും ജില്ലയിലുണ്ട്.
സഹകരണ വ്യവസായ യൂണിറ്റുകള്‍
- ഹാന്‍ടെക്സ്, ഫോണ്‍ : 2330297
- കേരഫെഡ്, ഫോണ്‍ : 2326107
- കേരള സ്റേറ്റ് റൂറല്‍ വിമന്‍സ് ഇലക്രോണിക്സ് ഇന്‍ഡ്സട്രിയല്‍ കോ-ഓപ്പറേറ്റീവ് ഫേഡറേഷന് ലി., ഫോണ്‍ : 243608
- മത്സ്യഫെഡ്, ഫോണ്‍ : 2435806
- മില്‍മ, ഫോണ്‍ : 2555993
- സെറിഫെഡ്, ഫോണ്‍ : 2332542
- ടെക്സ്ഫെഡ്, ഫോണ്‍ : 2318721
സഹകരണ വ്യവസായ സമിതികള്‍ എണ്ണം
- എസ്.സി - 7
- എസ്.റ്റി - 68
- വനിത - 99
- മറ്റുളളവര്‍ - 43
- ആകെ സൊസൈറ്റികള്‍ - 217
- കൈത്തറി വ്യവസായ സമിതികള്‍ - 363
ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 
1957 ആഗസ്റില്‍ തിരുവനന്തപുരം കേന്ദ്രമാക്കി തുടങ്ങിയ ഖാദി ബോര്‍ഡ് കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഖാദി ഗ്രാമവ്യവസായങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു. വ്യവസായ വകുപ്പ് മന്ത്രി അധ്യക്ഷനായുളള പതിനാലംഗഭരണ സമിതിയാണ് ഇതിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നത്. ദേശീയ ഖാദി വ്യവസായ കമ്മീഷന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഖാദി വ്യവസായബോര്‍ഡ് സോപ്പ്, തീപ്പെട്ടി, കരിപ്പുകട്ടി, ഗ്യാസ്, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ ഒട്ടേറെ ഗ്രാമീണ വ്യവസായങ്ങള്‍ക്കാണ് പ്രധാനമായും സാമ്പത്തിക സഹായം നല്‍കുന്നത്. ‘ഗ്രാമദീപം’ ബോര്‍ഡിന്റെ പ്രസിദ്ധീകരണമാണ്. നിരവധിപേര്‍ക്കു തൊഴില്‍ നല്കുന്ന സമഗ്രവികസന പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. കരകൌശല വിപണനശാലകളാണ് എസ്.എം.എസ്.എം ഇന്‍സ്റിറ്റ്യൂട്ട്, വൈ എം സി എ റോഡ്, ഗ്രാമശ്രീ വഴുതയ്ക്കാട്, ഖാദി ഗ്രാമോദ്യോഗ് ഭവന്, എം.ജി റോഡ്, കൈരളി, സ്റാച്യു, നടേശന്, എം.ജി റോഡ്, പാലയ്ക്കല്‍ ആര്‍ട്ട് ഗ്യാലറി, വി.ജെ.ടി ഹാള്‍ എന്നിവ
വന്‍കിട വ്യവസായരംഗം
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് 
50 വര്‍ഷമായി ലാഭം നേടുന്ന ഈ പൊതുമേഖലാസ്ഥാപനമാണ് സംസ്ഥാന ഗവണ്മെന്റിന് കെ.ജി.എസ്.ടി നല്‍കുന്നത്. 1962 ആഗസ്ത് 15 ന് ദേശസാല്‍ക്കരിച്ചു. ആരംഭകാലത്ത് അഞ്ച് ടണ്‍ പ്രതിദിനം ഉല്പാദനമായിരുന്നത് 68 ടണ്ണായി ഉയര്‍ന്നു. മുപ്പതുശതമാനം ഡിവിഡന്റ് നല്കുന്ന ഏകസ്ഥാപനവും ടൈറ്റാനിയമാണ്.
റബ്ബര്‍ വര്‍ക്സ്
1935 ആഗസ്റ് 17 നാണ് റബ്ബര്‍ വര്‍ക്സ് പ്രവര്‍ത്തനമാരംഭിച്ചത്. ഒരു ഇടവേളയൊഴിച്ചാല്‍ സൈക്കിള്‍ റിം ഫാക്ടറിയോടുകൂടി പ്രവര്‍ത്തനമാരംഭിച്ചു. 1984 ജൂണ്‍ 19 മുതല്‍ കെ.എസ്.ആര്.ടി.സി യുടെ നിയന്ത്രണത്തിലായിരുന്ന റബ്ബര്‍ വര്‍ക്സ് 1994 മുതല്‍ ഫാമിങ് കോര്‍പറേഷന്റെ അധീനതയില്‍ ഉല്പാദനം തുടരുന്നു. കെ.എസ്.ആര്.ടി.സി യാണ് പ്രധാന ഉപഭോക്താവ്. ഇന്ത്യയിലെ തന്ന പ്രഥമ റബ്ബറധിഷ്ഠിത പൊതുമേഖലാ സ്ഥാപനമായ റബ്ബര്‍ വര്‍ക്സില്‍ ഇരുനൂറില്‍ താഴെ ജീവനക്കാരാണുളളത്.
ഹിന്ദുസ്ഥാന്‍ ലാറ്റക്സ്
1969 ല്‍ കേന്ദ്രഗവണ്മെന്റ് ഹിന്ദുസ്ഥാന്‍ ലാറ്റക്സിന് തുടക്കം കുറിച്ചത്. പൂജപ്പുരയില്‍
ഹെഡ്ഡാപ്പീസും പേരൂര്‍ക്കടയില്‍ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നു. വമ്പിച്ച പുരോഗതിയുമായി ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ജൈത്രയാത്ര തുടരുന്നു. 2001-2002 ല്‍ 702.38 ദശലക്ഷം ഗര്‍ഭനിരോധന ഉറ നിര്‍മ്മിച്ച് വിപണനം നടത്തി.1.95 ദശലക്ഷം ബ്ളഡ്ബാഗ് നിര്‍മ്മിച്ചതും ഇതേ വര്‍ഷം തന്നയായിരുന്നു. ഓപ്പറേഷനിലും മറ്റുമുപയോഗിക്കുന്ന ഓപ്പറേഷന് സ്റ്റീച്ചര് വിപണിയിലിറക്കാനുളള ഒരുക്കങ്ങളിലാണ്. ലോകാരോഗ്യ സംഘടനയുടെയും യുനിസെഫിന്റെയും പ്രോജക്ടുകളുടെ ഭാഗമായി ഇന്ത്യക്കകത്തുളള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് ജല്‍ജീവന്‍ ഓറല്‍ ഡി ഹൈഡ്രേഷന് സാള്‍ട്ട്, ഫെറോപ്ളസ് അയണ്‍, ഫോളിക് ആസിഡ്, സഹി തുടങ്ങിയവ സോഷ്യല്‍ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി നല്‍കുന്നുണ്ട്. ഗര്‍ഭനിരോധന ഉറ പായ്ക്കുചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇന്ത്യാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളിലേക്കും കോമണ്‍ വെല്‍ത്ത് ഇന്‍ഡിപെന്‍ഡന്റ് രാഷ്ട്രങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. മിഡില്‍ ഈസ്റ് ഡെവലപ്മെന്റ് ട്രേഡിങ് കമ്പനി മുഖേനയാണ് ഈ വിപണനം.
ഇംഗ്ളിഷ് ഇന്ത്യന്‍ ക്ളേസ് ലിമിറ്റഡ് 
കെല്‍ട്രോണ്‍ 
പൂജപ്പുര വിജയമോഹിനി മില്‍സ്
സര് സി.പി രാമസ്വാമി അയ്യരായിരുന്നു വിജയമോഹിനി മില്‍സിന്റെ മുഖ്യശില്പി. 12 ലക്ഷം രൂപ മുതല്‍മുടക്കോടെ 1946 ല്‍ എന്‍.ജെ. നായര്‍ എന്ന ബിസിനസ്സുകാരനാണ് വിജയ മോഹിനി മില്‍ ആരംഭിച്ചത്. തുടക്കത്തില്‍ 9000 സ്പിന്‍ഡല്‍ കപ്പാസിറ്റിയുണ്ടായിരുന്നിടത്ത്, 1958-59 ആയപ്പോഴേക്കും 15,080 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് 10.65 ഏക്കറിലാണ് തിരുമലയില്‍ മില്‍ സ്ഥിതിചെയ്യുന്നത്. 1995 ല്‍ മില്‍ പ്രവര്‍ത്തനസംവിധാനം ആധുനികവല്‍ക്കരിച്ചു. 1960 ല്‍ മില്‍ വിജയലക്ഷ്മി മില്‍സ് ഗ്രൂപ്പിന് കൈമാറി. ആ സമയം കപ്പാസിറ്റി 25,000 ആണ്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം 1971 ല്‍ അടച്ചിട്ടു. എന്നാല്‍, സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ നിന്നുളള സാമ്പത്തിക സഹായത്താല്‍ സംസ്ഥാന ഗവണ്മെന്റ് ഏറ്റെടുത്ത് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും പ്രതിസന്ധി തുടര്‍ന്നതിനാല്‍ 1974-ല്‍ പീഡിത വ്യവസായ പട്ടികയില്‍ ഉള്‍പ്പെടുത്തി നാഷണല്‍ ടെക്സ്റെല്‍സ് കോര്പ്പറേഷന് (എന്‍.ടി.സി) ഏറ്റെടുത്തു. കോട്ടണ്‍, പോളിസ്റര്‍, പോളിസ്റര്‍ കോട്ടണ്‍, വിസ്കോസ്, എന്നീ വിവിധ തരത്തിലുളള യാണുകളാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്.
കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (കെല്‍ടെക്)
സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഐ എസ് ആര് ഒ ക്കും പ്രതിരോധ വിഭാഗത്തിനും ആവശ്യമായ അതിസങ്കീര്‍ണ്ണമായ ഘടകങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്ത് ചാക്കയിലെ കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (കെല്‍ടെക്). 40 കോടി രൂപ മുതല്‍ മുടക്കുളള ഈ സ്ഥാപനം 1989 ജൂണില്‍ സ്ഥാപിതമായി. 1994 ഏപ്രില്‍ ഒന്നു മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദനം തുടങ്ങിയ കമ്പനിയുടെ ആദ്യചെയര്‍മാന്‍ യു. ആര്. റാവു ആയിരുന്നു. ഗുണമേന്മയ്ക്കുളള ഐ.എസ്.ഒ 9002 സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുളള കെല്‍ടെക് ഇന്ത്യയിലെ തന്ന മികച്ച സാങ്കേതിക തികവുളള സ്ഥാപനമാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ജി.എസ്.എല്‍.വി ക്കു വേണ്ടി വികാസ് ദ്രവ എഞ്ചിന്, എല്‍-40 ടാങ്കുകള്‍, പ്രധാന നിര്‍മ്മാണ ഘടകങ്ങള്‍, ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനങ്ങളുടെ ടര്‍ബോജറ്റ് എഞ്ചിനുകളുടെ പ്രധാന ഘടകങ്ങള്‍ എന്നിവ നിര്‍മിച്ചത് കെല്‍ടെക്കിന്റെ വിജയപാതയിലെ നാഴികക്കല്ലുകളാണ്. അസംസ്ക്യത സാധനങ്ങളുടെ ദൌര്‍ലഭ്യം മൂലം 1999 ഏപ്രിലില്‍ പീഡിതവ്യവസായ നിയമത്തിന് കീഴില്‍ ബി.ഐ.എഫ് ആറിന്റെ പരിഗണനയിലായി തുടര്‍ന്ന് നടത്തിയ പുനരൂദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പനി ഉല്പാദനത്തില് ഗണ്യമായ പുരോഗതി കൈവരിച്ചു. 1999-2000-ല്‍ 658 ലക്ഷം രൂപയുടെ ഉല്പാദനം നടന്നപ്പോള്‍ 2001-2002 ല്‍ അത് 748 ലക്ഷ്മായി.
കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ്
ഓട്ടോറിക്ഷകള്‍, പിക്കപ്പ് വാനുകള്‍, ഡെലിവറി വാനുകള്‍ തുടങ്ങി മുച്ചക്ര വാഹനങ്ങളുടെ നിര്‍മാണത്തിനായി കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്. തിരുവനന്തപുരത്ത് 1978 ല്‍ കമ്പനിനിയമവ്യവസ്ഥ പ്രകാരം പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനം ഓട്ടോറിക്ഷകളുടെ നിര്‍മ്മാണത്തില്‍ മുംബൈയിലെ ഓട്ടോമൊബൈല്‍ പ്രോഡക്ട്സ് ഓഫ് ഇന്ത്യാ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സാങ്കേതിക സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു. 1980 ഡിസംബര്‍ 27 ന് നെയ്യാറ്റിന്‍കര താലൂക്കിലെ അതിയന്നൂരില്‍ ശിലാസ്ഥാപനം നടത്തിയ കമ്പനിയുടെ മൂലധനം നാലുകോടി രൂപയാണ്. മുച്ചക്രവാഹനങ്ങളുടെ നിര്‍മാണത്തിനായി 7.5 കോടി രൂപയുടെ പ്രോജക്ട് ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനത്തിന് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നീ ധനകാര്യസ്ഥാപനങ്ങളുടെ സാമ്പത്തിക സഹായമുണ്ട്. 1984 ഫെബ്രുവരി അഞ്ചിന് കേന്ദ്രവാണിജ്യമന്ത്രി കമ്പനിയിലെ ത്രീ വീലര്‍ പ്രോജക്ട് ഉദ്ഘാടനം ചെയ്തതോടെ ‘കെ എ എല്‍ 175’ ഓട്ടോറിക്ഷകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ മുച്ചക്രവാഹന നിര്‍മാണ സ്ഥാപനമാണിത്.
ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന്
സനാനാമിഷന്‍ സ്കൂളിനെതിരെയുളള വടക്കേകൊട്ടാരമാണ് ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികവും വ്യാവസായികവുമായ പുരോഗതിക്കായി 1968-ല്‍ രൂപം കൊണ്ടതാണ് ഈ കോര്പ്പറേഷന്. ഇതിനുളള കേന്ദ്ര വിഹിതം 49 ശതമാനമാണ്. കാര്ഷികോല്പന്നങ്ങള് നിര്‍മിക്കുക, അവയെ സംസ്കരിക്കുക, കോഴിമുട്ട വിപണനം, കീടനാശിനി വിതരണം എന്നിവയും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെടുന്നു. കേരളാ ആഗ്രോമിഷണറി കോര്പ്പറേഷന്, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളും വിവിധ ഭാഗങ്ങളില്‍ സാങ്കേതിക വര്‍ക്ക് ഷോപ്പുകളും, മെക്കാനിക്കല്‍ കമ്പോസ്റ് പ്ളാന്റ്, ക്രാഫ്റ്റ് പേപ്പര്‍ പ്രോഡക്റ്റ്, ഫ്രൂട്ട്സ് പ്രോഡക്ട് എന്നീ യൂണിറ്റുകളും കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.
പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റ്
കേരള ഗവണ്മെന്റ് സ്ഥാപനമായ സിഡ്കോയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും നടത്തപ്പെടുന്ന കേരളത്തിലെ 17 വ്യവസായ എസ്റേറ്റുകളിലൊന്നാണ് പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റ്. ഏകദേശം 16 ഏക്കറോളം വ്യാപിച്ച് നില്ക്കുന്ന പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റില്‍ സിഡ്കോയുടെ തന്ന 3 വ്യവസായ യൂണിറ്റുകളും സ്വകാര്യ മേഖലയിലെ 76 യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍, പ്രൊപ്രൈറ്റര്‍ സ്ഥാപനങ്ങള്‍ (ഒരാളുടെ മാത്രം ഉടമസ്ഥത) എന്നിങ്ങനെ മൂന്നു തരം വ്യവസായ സംരംഭങ്ങളാണ് ഈ എസ്റേറ്റിലുളളത്. ഏകദേശം ആയിരത്തിനുതാഴെ തൊഴിലാളികള്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുന്നു. വ്യവസായ യൂണിറ്റുകള്‍ക്കുളള ഷെഡ്ഡുകള്‍ സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിനും, വാടകക്കും എടുത്ത് നടത്താമെങ്കിലും അത് കൈമാറ്റം ചെയ്യാനോ മറിച്ച് കൊടുക്കാനോ ഉളള അധികാരം സിഡ്കോയില്‍ നിക്ഷിപ്തമാണ്. വൈദ്യുതി വിതരണവും, ജലവിതരണവുമുള്പ്പെടെയുളള ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതല എസ്റേറ്റ് മാനേജര്‍ക്കാണ്. പാപ്പനംകോട് വ്യവസായ എസ്റേറ്റ് ഉള്‍ക്കൊളളുന്ന ഡിവിഷന്റെ ചുമതല സീനിയര്‍ മാനേജര്‍ക്കാണ്. വിവിധ ഡിവിഷനുകളുടെ നിയന്ത്രണവും ഭരണവും കൈകാര്യം ചെയ്യുന്നത് സിഡ്കോയുടെ മാനേജിംഗ് ഡയറക്ടറാണ്. ജില്ലയിലെ മേജര്‍ വ്യവസായ എസ്റേറ്റാണ് പാപ്പനംകോടുളളത്. പുറമേ ഉളളൂരിലും, വെളളനാടും, വര്‍ക്കലയിലും ഓരോ മൈനര്‍ വ്യവസായ എസ്റേറ്റുകളുമുണ്ട്. പാപ്പനംകോട് എസ്റേറ്റില്‍ പ്ളാസ്റിക് ഉല്പന്നങ്ങള്, ഇലക്ട്രിക് ഉല്പന്നങ്ങള്, ഫര്‍ണിച്ചര്‍ ഉല്പന്നങ്ങള് തുടങ്ങിയ വിവിധയിനം ഉല്പന്നങ്ങള് നിര്‍മ്മിക്കുന്ന പ്രമുഖ സ്വകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്റേറ്റ് വളപ്പിനുളളില്‍ ഒരു പോസ്റോഫീസും ഒരു ബാങ്കും പ്രവര്‍ത്തിക്കുന്നുണ്ട്.
കിന്‍ഫ്ര
കേരള ഇന്റസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്പറേഷന് അഥവാ കിന്‍ഫ്രാ എന്ന സ്ഥാപനം സംസ്ഥാനത്ത് വ്യവസായാനുകൂല സാഹചര്യം സംജാതമാക്കുന്നതിനു വേണ്ടിയുള്ള അടിസ്ഥാന സൌകര്യവികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി തന്നയാണ് കിന്‍ഫ്രയുടെ ചെയര്മാന്. കൂടാതെ മറ്റു ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടിയുള്ള മാനേജിംഗ് ഡയറക്ടറും മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. വെബ് സൈറ്റ്:- www.kinfra.com
കെ.എസ്.ഐ.ഡി.സി
കേരളത്തിന്റെ വ്യവസായ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി (കേരളാ സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്) 1961 ലാണ് സ്ഥാപിതമായത്. വന്‍കിട-ഇടത്തര വ്യവസായങ്ങള്‍ക്ക് വളരുവാന്‍ വേണ്ടുന്ന സൌകര്യങ്ങളും പ്രോല്‍സാഹനവും, സാമ്പത്തിക സഹായങ്ങളും ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ 1961 ലാണ് കെ.എസ്.ഐ.ഡി.സി സ്ഥാപിതമായത്. വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ താല്പര്യപ്പെടുന്ന സംരംഭകര്‍ക്കും സര്‍ക്കാരിനുമിടയില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്ന രീതിയില്‍ മധ്യവര്‍ത്തിയായും കെ.എസ്.ഐ.ഡി.സി വര്‍ത്തിക്കുന്നു. മികച്ച പരിശീലന പശ്ചാത്തലത്തില്‍ നിന്നും വരുന്ന കഴിവുളള മനുഷ്യവിഭവശേഷിയും കെ.എസ്.ഐ.ഡി.സി.ക്കുണ്ട്. തിരുവനന്തപുരത്ത് കവടിയാര്‍ കെസ്റണ് റോഡിലാണ് കെ.എസ്.ഐ.ഡി.സി സ്ഥിതി ചെയ്യുന്നത്.
ഫോണ്‍- 0471 2318922, 2315993
ഇ-മെയില്‍ -
