കലാസാംസ്കാരിക കേന്ദ്രങ്ങള്‍

വിവിധോദ്ദേശ സാംസ്കാരിക സമുച്ചയം, നാളന്ദ
സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സാംസ്കാരിക സമുച്ചയത്തിലാണ് വൈലോപ്പിള്ളി സംസ്കൃതിഭവനും ആര്‍ട്ട് ഗാലറിയും കേരള ചരിത്ര ഗവേഷണകേന്ദ്രവും മറ്റും സ്ഥിതി ചെയ്യുന്നത്. കലയുടെയും സംസ്കാരത്തിന്റേയും വളര്‍ച്ചക്കും പരിപോഷണത്തിനും എന്നും ഒരു മുതല്‍ക്കൂട്ട് തന്നെയാണ് ഈ വേദി. ഇടയ്ക്കിടെ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ അതിമനോഹരമായ നൃത്തസംഗീതപരിപാടികള്‍ അരങ്ങേറാറുണ്ട്. കേരളത്തിലേയും പുറത്തേയും അതിപ്രശസ്തരായ ചിത്രകാരന്മാരുടെയും ശില്പികളുടേയും ചിത്ര-ശില്പപ്രദര്‍ശനങ്ങള്‍ ഇതിനോടനുബന്ധിച്ചുള്ള ആര്‍ട്ട്ഗാലറിയില്‍ നടക്കാറുണ്ട്. സാസ്കാരിക വകുപ്പു മന്ത്രിയാണ് ഈ സ്ഥാപനത്തിന്റെ ചെയര്‍മാന്‍.
ഫോണ്‍ :- 04712321228
വെബ്സൈറ്റ്:- www.keralaculture.org
 
വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈലോപ്പിളളി സംസ്കൃതി ഭവന്‍
നഗരത്തിലെ പൊതുമേഖലയിലുള്ള സാംസ്കാരിക കലാകേന്ദ്രമാണ് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍. മനോഹരമായ പൂന്തോട്ടവും കൂത്തമ്പലവും ആര്‍ട്ട് ഗാലറിയും അനുബന്ധമായിട്ടുള്ള വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ സംഗീത നൃത്ത സാംസ്കാരിക പരിപാടികള്‍ മുടങ്ങാതെ നടക്കാറുണ്ട്. പി.എം.ജി ജംഗ്ഷന് ഒരു കിലോമീറ്റര്‍ അകലെയായി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപത്തായിട്ടാണ് ഈ സാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
 
 
സരസ്വതി മണ്ഡപം
അനന്തപുരിയുടെ സാംസ്കാരികപാരമ്പര്യത്തിന്റെ ഉത്തമഉദാഹരണമാണു  പൂജപ്പുരയിലെ സരസ്വതി മണ്ഡപം. രാജഭരണത്തിന്റെ സുവര്‍ണ്ണ ദിനങ്ങളില്‍ ആയുധവിദ്യയുടെ ആരംഭം കുറിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാര്‍ ആര്‍ഭാടപൂര്‍ണ്ണമായ ഘോഷയാത്രയായി വിജയദശമി ദിവസം ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. പൂജപ്പുരയ്ക്കു ആ പേര് നേടിക്കൊടുത്ത വര്‍ണ്ണപ്പൊലിമയാര്‍ന്ന അസംഖ്യം പൂജയെടുപ്പ് മഹോത്സവങ്ങള്‍ക്ക് ഈ മണ്ഡപം വേദിയൊരുക്കിയിട്ടുണ്ട്. നവരാത്രിപൂജയ്ക്കു തിരുവനന്തപുരത്ത് എത്തിച്ചേരുന്ന കുമാരസ്വാമി വിഗ്രഹം വിജയദശമി ദിവസം രാവിലെ സരസ്വതി മണ്ഡപത്തില്‍ എഴുന്നള്ളിക്കപ്പെടുന്നു. തുടര്‍ന്നാരംഭിക്കുന്ന പൂജാപരിപാടികള്‍ രാജാവിന്റെ ആയുധവിദ്യാരംഭത്തോടെ വൈകുന്നേരം സമാപിക്കുന്നു.

യൂണിവേഴ്സിറ്റി സെനറ്റ്ഹാള്‍
സര്‍വ്വകലാശാല സ്ഥിതിചെയ്യുന്ന മന്ദിരത്തില്‍ പ്രധാന കവാടത്തിനു സമീപത്തായി നിലകൊള്ളുന്ന സെനറ്റുഹാള്‍ നിരവധി കലാസാംസ്കാരിക സമ്മേളനങ്ങളുടെ വേദികൂടിയാണ്. വിദ്യാഭ്യാസപരമായ രംഗങ്ങളില്‍ പുരോഗതി ആര്‍ജ്ജിക്കുക എന്നതു മാത്രമല്ല സാഹിത്യ-കലാസാംസ്കാരിക രംഗങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ്  യൂണിവേഴ്സിറ്റി സെനറ്റുഹാള്‍ സ്ഥാപിച്ചത്.

ശ്രമിക്ക് വിദ്യാപീഠം
നഗരത്തിലെ തൊഴില്‍ രഹിതരായ പാവപ്പെട്ടവര്‍ക്കു തൊഴില്‍ പരിശീലനം നല്‍കുവാന്‍ കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ശ്രമിക്ക് വിദ്യാപീഠം. ജനറല്‍ പോസ്റ്റോഫീസിനു പിന്നിലുള്ള ലെയിനിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. ഈ സ്ഥാപനവും സാംസ്കാരികമായ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.

സാഹിത്യ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
ബാലസാഹിത്യം പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്ത ഇന്‍സ്റ്റിറ്റ്യൂട്ടാണിത്. ശിശുക്കളുടെ മാനസികോന്നമനത്തിനും വിജ്ഞാനപോഷണത്തിനും ഉതകുന്ന സാംസ്കാരിക പ്രാധാന്യമുള്ള ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യകര്‍മ്മ പരിപാടി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓഫീസ് സംസ്കൃത കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്നു. ധീരദേശാഭിമാനികളായ മഹാപുരുഷന്മാരുടെ ജീവചരിത്രഗ്രന്ഥങ്ങളും ശിശുഭാവന വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുക, ബാലസാഹിത്യത്തെപ്പറ്റി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുക, കുട്ടികള്‍ക്ക് വേണ്ടിയുള്ള മാസിക പുറത്തിറക്കുക എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്നു. ‘വിശ്വകൈരളി’ വിശ്വസാഹിത്യത്തിലെ മഹോന്നത ഗ്രന്ഥങ്ങളുടെ പുനരാഖ്യാനമാണ്. മലയാളനാടകവേദിയില്‍ ശ്രദ്ധേയനായിരുന്ന എബ്രഹാം ജോസഫായിരുന്നു ആദ്യ ഡയറക്ടര്‍.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
മലയാള ഭാഷയെ പരിപോഷിപ്പിക്കുവാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ രൂപം കൊടുത്ത ഒരു സ്ഥാപനമാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 1968 സെപ്തംബര്‍ 16-ാം തീയതി  ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിനു പ്രാരംഭം കുറിച്ചു. രണ്ടു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഭാഷാ സാഹിത്യത്തിനും വിജ്ഞാന സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ ‘വിജ്ഞാനകൈരളി’ ഉന്നത നിലവാരം പുലര്‍ത്തുന്ന പ്രസിദ്ധീകരണമാണ്. ഡോ. എന്‍.വി.കൃഷ്ണവാര്യര്‍, ഡോ. എം.പി.പരമേശ്വരന്‍, സി.പി.നാരായണന്‍, പ്രൊഫ. എസ്.ഗുപ്തന്‍ നായര്‍, കെ.എസ്.നാരായണപിളള, വിഷ്ണുനാരായണന്‍ നമ്പൂതിരി, പി.നാരായണക്കുറുപ്പ് എന്നിവര്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നന്ദന്‍കോടിനു സമീപം വൈലോപ്പിള്ളി സംസ്കൃതി ഭവന് അടുത്തായാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴത്തെ ഡയറക്ടര്‍ ഡോ. പി.കെ.പോക്കര്‍ ആണ്.

സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
മലയാളഭാഷ സംസാരിക്കുന്നവര്‍ക്ക് വിജ്ഞാനമാര്‍ജ്ജിക്കുന്നതിന് ഉപകരിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് കേരളാ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ്. 1961-ല്‍ പട്ടം താണുപിള്ള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലാണ് വിശ്വവിജ്ഞാനകോശം പ്രസിദ്ധീകരിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചത്. പത്ത് വാല്യങ്ങളായി വിശ്വവിജ്ഞാനകോശം പുറത്തിറക്കാനായിരുന്നു പദ്ധതി. അതിനായി പ്രൊഫ. എന്‍.ഗോപാലപിള്ളയെ എഡിറ്ററായി നിയമിച്ചു. വിജ്ഞാനകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ വ്യതിയാനങ്ങള്‍ വന്നത് 1962-ല്‍  പ്രൊഫ. കെ.എം.ജോര്‍ജ് ചീഫ് എഡിറ്ററായതോടെയാണ്. വാല്യങ്ങളുടെ എണ്ണം 20 ആക്കുവാനും ശീര്‍ഷകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും തീരുമാനിച്ചു. 1975 ല്‍ ഡോ. വെള്ളായണി അര്‍ജ്ജുനന്‍ ചീഫ് എഡിറ്ററായിരുന്നപ്പോള്‍ 3 മുതല്‍ 7 വരെയുള്ള വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇന്‍സ്റ്റാള്‍മെന്റ്, ക്രെഡിറ്റ് പദ്ധതികള്‍ ആരംഭിച്ചത് മൂലം വിശ്വവിജ്ഞാനകോശത്തിന്റെ വില്പനയില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചു.
ഫോണ്‍ :- 0471 3015666, 2325301

ഇ-മെയില്‍ : sarvavijnanakosam@yahoo.com
വെബ്സൈറ്റ് :  www.keralasiep.org

സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്
കേന്ദ്രസര്‍ക്കാരിന്റെ പ്രസിദ്ധീകരണവിഭാഗത്തിന്റെ മാതൃകയില്‍ സംസ്ഥാനത്ത്  രൂപം കൊടുത്ത സ്ഥാപനമാണ് സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്. ഗവേഷണ പ്രധാനമായ ‘സാംസ്കാരിക കേരളം’ എന്ന പ്രസിദ്ധീകരണം വകുപ്പിന്റേതായി പുറത്ത് വന്നു. സാംസ്കാരിക മൂല്യമാര്‍ന്ന ഗ്രന്ഥങ്ങള്‍ വ്യാഖ്യാനസഹിതം അച്ചടിച്ച് പ്രകാശിപ്പിക്കുക, വിസ്മൃതിയില്‍പ്പെട്ടുപോയ മഹാപുരുഷന്മാരുടെ ജീവചരിത്രങ്ങള്‍ പ്രസിദ്ധീകരിക്കുക, പഴയ സാഹിത്യമൂല്യമാര്‍ന്ന വിശിഷ്ട ഗ്രന്ഥങ്ങള്‍ പുന:പ്രകാശനം ചെയ്യുക ഇവയാണ് ഈ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

പബ്ലിക് റിലേഷന്‍സ് വകുപ്പ്
ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിനോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പബ്ളിക് റിലേഷന്‍സ് വകുപ്പ് കേരളസംസ്ഥാന രൂപീകരണത്തോടെയാണ് പ്രാധാന്യം കൈവരിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും ഡെപ്യൂട്ടി ഡയറക്ടര്‍മാരും രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാരും ഒരു കള്‍ച്ചറല്‍ ഡയറക്ടറും അടങ്ങുന്ന ഈ വിഭാഗത്തിന്റെ മേധാവി പബ്ളിക് റിലേഷന്‍സ് ഡയറക്ടറാണ്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വകുപ്പിന്റെ മേധാവി ഗവണ്‍മെന്റില്‍ എക്സ് ഒഫീഷ്യോ അഡീഷണല്‍ സെക്രട്ടറി കൂടിയാണ്. വളരെ പ്രശസ്തരായ സാഹിത്യകാരന്‍മാരും പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഈ വകുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളപ്പിറവിയോടെ എം.ഗോവിന്ദന്‍ ഈ വകുപ്പില്‍ ഉദ്യോഗസ്ഥനായി. പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ സൂത്രധാരന്‍, പ്രഥമ ഡയറക്ടര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു വി.ആര്‍.നാരായണന്‍നായര്‍. തുടര്‍ന്ന് ജി.വിവേകാനന്ദന്‍, തോട്ടം രാജശേഖരന്‍, കെ.അശോകന്‍, ജി.എന്‍.പണിക്കര്‍ എന്നിവര്‍ ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു.   

ലക്സിക്കണ്‍
1953 ജൂണില്‍ ലക്സിക്കണ്‍ രൂപമെടുത്തു. പുരാതനരേഖകള്‍, ശിലാശാസനങ്ങള്‍, സഞ്ചാരികളുടെ കുറിപ്പുകള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ നിഘണ്ടു നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ഹസ്തലിഖിത ഗ്രന്ഥശാല
ഹസ്തലിഖിത ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതിനും സമാഹരിക്കുന്നതിനും വിപുലമായ ശ്രമം നടത്തിയതിന്റെ പരിണിതഫലമാണ് ഹസ്തലിഖിത ഗ്രന്ഥശാല. തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാല, വലിയ കൊട്ടാരം ഗ്രന്ഥപ്പുര, കിളിമാനൂര്‍ കൊട്ടാരം, തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍ കോവിലകങ്ങള്‍ എന്നിവിടങ്ങളില്‍ ആയിരത്തിലേറെ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. സാംസ്കൃതത്തിലെ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍, ഭാസനാടകങ്ങള്‍, ആര്യ മഞ്ജു ശ്രീകല്പം, ശില്പരത്നം, അര്‍ത്ഥ ശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഹസ്തലിഖിത ഗ്രന്ഥശാല സഹൃദയശ്രദ്ധ പിടിച്ചുപറ്റി. നാലായിരത്തോളം സംസ്കൃത-മലയാളഭാഷാഗ്രന്ഥശേഖരങ്ങള്‍ അടങ്ങുന്നതായിരുന്നു വലിയ കൊട്ടാരം ഗ്രന്ഥപ്പുര. വിശാഖം തിരുനാളിന്റെ കാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥപ്പുരയോടനുബന്ധിച്ച് ക്യൂറേറ്റര്‍ ഓഫീസ് രൂപം കൊണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശാല ഇതായിരുന്നു. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം ഉള്‍ക്കൊള്ളുന്ന ഹസ്തലിഖിത ഗ്രന്ഥശാലയാണ് ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മാനുസ്ക്രിപ്റ്റ് ലൈബ്രറി എന്ന പേരില്‍ അറിയപ്പെടുന്നത്.

മാനുവല്‍ - ഗസറ്റിയര്‍
1817-ല്‍ വില്ല്യം ലോഗണ്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാനുവലുകളാണ് കേരളത്തിലെ ഗസറ്റിയറുകളുടെ തുടക്കം. ദി മലബാര്‍ ജില്ല ഗസറ്റിയറാണ് കേരള ഗസറ്റിയറിന് സഹായകമായത്. നാഗമയ്യയുടെ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍ 1911-ല്‍ പ്രസിദ്ധീകരിച്ചു. 1956-ല്‍ കേരള ഗസറ്റിയര്‍ വകുപ്പ് സ്ഥാപിതമായി. വിവിധ ജില്ലകളെ സംബന്ധിച്ചുള്ള ഗസറ്റിയറുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

കെ.സി.എച്ച്.ആര്‍ (കേരള ചരിത്ര ഗവേഷണകേന്ദ്രം)
ഒരു നാടിന്റെ ചരിത്രം അതിലെ ജനതയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നിരിക്കെ രണ്ടും വേറിട്ടു വീക്ഷിക്കാനാവില്ല. അതിജീവന ശ്രമങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന സംസ്ക്കാരത്തിന്റെ കണികകള്‍ കണ്ടെത്തി ഒരുമിച്ച് കൂട്ടിയിണക്കുക എന്നതാണ് ചരിത്ര ഗവേഷണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. സാമൂഹ്യശാസ്ത്രത്തിലും ചരിത്രത്തിലും ശാസ്ത്രീയമായ ഗവേഷണങ്ങള്‍ നടത്തുന്നതിനായി സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനമാണ് കെ.സി.എച്ച്.ആര്‍ (ദി കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്) എന്ന പേരില്‍ അറിയപ്പെടുന്ന കേരള ചരിത്ര ഗവേഷണ കേന്ദ്രം. മുന്‍കാലത്തുണ്ടായിരുന്ന സ്റ്റേറ്റ് ഗസറ്റിയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് രൂപാന്തരം സംഭവിച്ചതാണ് ഇന്നത്തെ കെ.സി.എച്ച്.ആര്‍. കേരളസര്‍ക്കാരിന്റെ സാംസ്ക്കാരിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കെ.സി.എച്ച്.ആര്‍ കേരള സര്‍വ്വകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രം കൂടിയാണ്. തലസ്ഥാനനഗരിയായ തിരുവനവന്തപുരത്തെ വിവിധോദ്ദേശ സാംസ്ക്കാരിക സമുച്ചയമായ വൈലോപ്പിള്ളി സംസ്കൃതിഭവനിലാണ് കെ.സി.എച്ച്.ആര്‍ സ്ഥിതിചെയ്യുന്നത്. പ്രമുഖ ചരിത്രപണ്ഡിതന്മാരും ഗവേഷകന്മാരുമായിരുന്ന പ്രൊഫ: ഏലംകുളം കുഞ്ഞന്‍പിള്ളയുടെയും കെ.പി.പത്മനാഭപിള്ളയുടെയും സ്മരണയ്ക്കായി സമര്‍പ്പിക്കപ്പെട്ടതാണ് കെ.സി.എച്ച്.ആര്‍ സ്ഥിതിചെയ്യുന്ന പ്രത്യേക ബ്ലോക്ക്. ഡോക്ടറല്‍,  പോസ്റ്റ്ഡോക്ടറല്‍ ബിരുദം, ഇന്റേന്‍ഷിപ്പ് പ്രോഗ്രാമുകള്‍, സോഷ്യല്‍ തിയറിയുടെ ഹ്രസ്വകാലകോഴ്സുകള്‍, ഗവേഷണ മാര്‍ഗ്ഗങ്ങള്‍, എപ്പിഗ്രാഫി, പാലിയോഗ്രാഫി,   ന്യൂമിസ്മാറ്റിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ കെ.സി.എച്ച്.ആര്‍ മുഖേന നടത്തപ്പെടുന്നു. ഗവേഷണം, പ്രസിദ്ധീകരണം, ഡോക്യുമെന്റേഷന്‍, ട്രെയിനിംഗ്, കോ-ഓര്‍ഡിനേഷന്‍ തുടങ്ങിയവയാണ് കെ.സി.എച്ച്.ആറിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കേരളചരിത്രത്തെയും, കേരളീയ സമൂഹത്തെയും പറ്റിയുള്ള ആകര്‍ഷകവും വിപുലവുമായ പുസ്തക ശേഖരമടങ്ങുന്ന അതീവ സൌകര്യങ്ങളോടുകൂടിയ ഒരു ലൈബ്രറി കെ.സി.എച്ച്.ആറിന് സ്വന്തമായുണ്ട്. പാട്രണ്‍സ് കൌണ്‍സില്‍, അഡ്വൈസറി കൌണ്‍സില്‍, എക്സിക്യൂട്ടീവ്  കൌണ്‍സില്‍ എന്നിങ്ങനെ ത്രിതലസമിതിയാണ് കെ.സി.എച്ച്.ആറിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്.

സത്യന്‍ സ്മാരക മന്ദിരം
പ്രശസ്ത മലയാള ചലച്ചിത്ര നടനായ സത്യന്റെ ഓര്‍മ്മയ്ക്കായിട്ടാണ് സത്യന്‍ സ്മാരക മന്ദിരം സ്ഥാപിച്ചത്. 1978-ല്‍ തുടക്കം കുറിച്ച ഈ സ്ഥാപനം കേരള കള്‍ച്ചറല്‍ ഫോറം എന്ന സംഘടനയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സത്യന്‍ അഭിനയിച്ച 149 ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോ ഗ്യാലറിയും ഈ സ്ഥാപനത്തിലുണ്ട്. എല്ലാ വര്‍ഷവും സത്യന്റെ ജന്‍മദിനത്തിന്,  മികച്ച അഭിനയം കാഴ്ചവെച്ച ഒരു സിനിമാതാരത്തിനു ‘സത്യന്‍ അവാര്‍ഡ്’ കൊടുക്കാറുണ്ട്. 10001 രൂപയാണ് അവാര്‍ഡായി നല്‍കുന്നത്. നഗരസഭാ കാര്യാലയത്തിനു സമീപം രാജവീഥിക്കരികിലായാണ് ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്.

റഷ്യന്‍ സാംസ്കാരിക കേന്ദ്രം
ബേക്കറി ജംഗ്ഷനിലെ ഗോര്‍ക്കിഭവനിലാണ് റഷ്യന്‍ സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. റഷ്യന്‍ നയതന്ത്രകാര്യാലയത്തിന്റെ കീഴിലാണ് ഈ സാംസ്കാരിക കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പ്രശസ്ത റഷ്യന്‍ ചിത്രകാരനായ സ്വതോസ്ളാവ് റോറിച്ചിന്റെ പേരില്‍ ഒരു ആര്‍ട്ട് ഗ്യാലറി ഇവിടെ പ്രവര്‍ത്തിക്കുന്നു. റഷ്യന്‍ സംസ്കാരവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളും, റഷ്യന്‍ സിനിമകളുടെ സ്ക്രീനിംഗും, റഷ്യന്‍ ഭാഷാ പ്രചാരണ പരിപാടികളും ഇവിടെ നടത്തിവരുന്നുണ്ട്. ഈ കേന്ദ്രത്തിന്റെ ഭാഗമായി “ന്യൂ സ്പ്രിംഗ്” എന്ന ത്രൈമാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതു കൂടാതെ നിരവധി കോഴ്സുകളും നടത്തിവരുന്നുണ്ട്.
റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടത്തുന്ന കോഴ്സുകള്‍ :
റഷ്യന്‍ ലാംഗ്വേജ് ക്ലാസ്സ്
പിയാനോ ക്ലാസ്സ്
ഗിത്താര്‍ ക്ലാസ്സ്
ചെസ്സ് ക്ലബ്ബ് & കോച്ചിംഗ് വീക്കിലി ടൂര്‍ണമെന്റ്
ഡ്രാമാ ക്ലാസ്സ്                       

എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ട്
1890-ല്‍ (കൊ.വ 1064 കുംഭം 17-ന്) ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തി സ്മാരക ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഒരു കരകൌശല മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിതമായി. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചതിന്റെ സ്മാരകമായിട്ടായിരുന്നു കരകൌശല മ്യൂസിയം തുടങ്ങിയത്. കൊത്തുപണിയും ദന്തവേലയുമാണ് ആദ്യകാലത്ത് നിര്‍വ്വഹിച്ചിരുന്നത്. കരകൌശല ഉല്പന്നങ്ങളുടെ രൂപകല്പനാ കേന്ദ്രമെന്ന നിലയില്‍ ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ത്തന്നെ ഈ സ്ഥാപനം തികഞ്ഞ ബഹുമതിയാര്‍ജ്ജിച്ചു. പിന്നീട് പാത്രങ്ങള്‍ നിര്‍മ്മിക്കുക, ഡയിംഗ്, ദന്തവേല, കൊത്തുപണി തുടങ്ങിയ കൈത്തൊഴിലുകളില്‍ അഭ്യസനം നല്‍കുന്ന സ്ഥാപനമായി മാറി. രാജാരവിവര്‍മ്മയുടെ ഭാഗിനേയനായ കെ.ആര്‍.രവിവര്‍മ്മയായിരുന്നു ആദ്യകാല മേലാധികാരി. ഇവിടെ നിന്നും 4 വര്‍ഷത്തെ കോഴ്സു പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മദ്രാസ് ഗവണ്‍മെന്റിന്റെ സാങ്കേതിക പരീക്ഷകളില്‍ പങ്കെടുക്കാനര്‍ഹതയുണ്ടായിരുന്നു. 1972 ആയപ്പോഴേക്കും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമായി. 1962-ല്‍ കേരള സര്‍ക്കാര്‍ ഈ സ്ഥാപനത്തെ ഒരു വാണിജ്യ സ്ഥാപനമാക്കി മാറ്റി. കരകൌശല വസ്തുക്കളുടെ ഉല്‍പാദന ശേഖരണ വിപണനകേന്ദ്രമായി വിപുലീകരിക്കപ്പെട്ടു. 1968-ല്‍ കേരള സംസ്ഥാന കരകൌശല വികസന കോര്‍പ്പറേഷന്‍ നിലവില്‍ വന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി ഇരുപതിലധികം വ്യാപാരകേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ തന്നെ പത്ത് കേന്ദ്രങ്ങളുണ്ട്.