കലാസാംസ്കാരിക പ്രസ്ഥാനങ്ങള്‍

ജ്ഞാന പ്രജാഗരം
കേസരി സദസ്സ്
തിരുവനന്തപുരം കഥകളി ക്ലബ്ബ്
മാര്‍ഗി-കഥകളി പഠനകേന്ദ്രം
സോപാനം
തപസ്യ
ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതി
രംഗപ്രഭാത്
നര്‍മ്മകൈരളി
നവധാരാസദസ്സ്
മിത്രാനികേതന്‍

ജ്ഞാന പ്രജാഗരം
പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ ശ്രമഫലമായി അനന്തപുരിയിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും യുവാക്കളായ സഹൃദയന്‍മാര്‍ക്കും വേണ്ടി സമാരംഭിച്ച ‘ജ്ഞാനപ്രജാഗരം’ ആകണം ഒരു പക്ഷേ പൊതുജന പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ ശ്രദ്ധേയമായ സാംസ്കാരിക പ്രസ്ഥാനം. വിജ്ഞാനദാഹികള്‍ക്ക് ഒരഭയകേന്ദ്രമായിരുന്നു അവിടം. മതപ്രബോധനപരമായ വാദപ്രതിവാദങ്ങള്‍, സാഹിത്യ ചര്‍ച്ചകള്‍, സംഗീത പാഠങ്ങള്‍, വേദാന്ത പ്രവചനങ്ങള്‍ എന്നിവ ജ്ഞാനപ്രജാഗരത്തിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങളായിരുന്നു. ചര്‍ച്ചകളില്‍ പേട്ടയില്‍ രാമന്‍പിള്ള ആശാനും വിദ്യാധിരാജ ചട്ടമ്പി സ്വാമികളും പങ്കെടുത്തിരുന്നു.

കേസരി സദസ്സ്
കേസരിസദസ്സുകളും സാഹിത്യ പ്രവര്‍ത്തനങ്ങളുമാണ് ഒരു കാലത്ത് മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളെ സമ്പുഷ്ടമാക്കിയിരുന്നത്. പുതിയ തലമുറയ്ക്ക് മാര്‍ഗ്ഗ ദര്‍ശനമേകിയ കേസരിയുടെ സ്മാരകത്തിന്റെ ബഹുനില കെട്ടിടം പഴയ പുളിമൂട് ജംഗ്ഷനില്‍ (കേസരി ജംഗ്ഷന്‍) അനന്തപുരിക്ക് ശോഭയേകിക്കൊണ്ട് നിലകൊള്ളുന്നു. കേസരിയിലെ എല്ലാവരും തന്നെ പരന്ന വായനയും അനുഭവജ്ഞാനവും സ്വതന്ത്രമായ അഭിപ്രായവും ഉള്ളവരായിരുന്നു. കേസരി സദസ്സില്‍ അവിടെ ചര്‍ച്ചകള്‍ക്ക് വരാത്ത വിഷയങ്ങളുണ്ടായിരുന്നില്ല. നാലോ അഞ്ചോ കൊല്ലം നിലനിന്നിട്ട് കേസരി സദസ്സു പിരിഞ്ഞു.

തിരുവനന്തപുരം കഥകളി ക്ലബ്ബ്
1932-ല്‍  പ്രൊഫസര്‍ വി.കൃഷ്ണന്‍ തമ്പിയുടെ ശ്രമഫലമായി തിരുവനന്തപുരത്തു കഥകളിക്ളബ്ബ് രൂപമെടുത്തു. മാസം തോറും ഓരോ കഥകളി അവതരിപ്പിക്കുക എന്ന സമ്പ്രദായത്തിനു മാറ്റം വരുത്തി. കഥകളി ചുരുക്കി സംവിധാനം ചെയ്തു. രാത്രി 10 മണിയോടെ കഥകളി അവസാനിപ്പിക്കുന്ന രീതി ആവിഷ്ക്കരിച്ചു. വി.കൃഷ്ണന്‍തമ്പിക്കു ശേഷം സി.ഐ.ഗോപാലപിള്ളസാറിന്റെ നേതൃത്വത്തില്‍ കഥകളി ക്ലബ്ബ് സജീവമായി.

മാര്‍ഗി-കഥകളി പഠനകേന്ദ്രം
1974-ല്‍ ഈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. കഥകളിയും കൂടിയാട്ടവും പഠിക്കാനും ഉപരിപഠനത്തിനും സൌകര്യമുള്ള തിരുവനന്തപുരത്തെ അപൂര്‍വ്വ സ്ഥാപനങ്ങളിലൊന്നാണ് മാര്‍ഗി. കഥകളി പഠനകേന്ദ്രം മുഖ്യമന്ത്രി സി.അച്ചുതമേനോനാണ് ഉദ്ഘാടനം ചെയ്തത്. ബ്രഹ്മശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരിയാണ് ആദ്യത്തെ മുഖ്യ ആചാര്യന്‍. 1980-ല്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, അമ്മന്നൂര്‍ മാധവചാക്യാര്‍ എന്നിവര്‍ ഗുരുക്കളായി വന്നശേഷം മാര്‍ഗി പഠനകേന്ദ്രം വിപുലീകരിച്ചു. മാര്‍ഗി വിജയകുമാര്‍, കലാമണ്ഡലം ഹരിദാസ്, മാര്‍ഗി സതി, മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാര്‍ തുടങ്ങിയവരുടെ അത്യുന്നത കലാമൂല്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന കലാസംഘടനയായി ഈ പഠനകേന്ദ്രം മാറി.
കൂടിയാട്ടത്തിന് യുനസ്കോയുടെ അംഗീകാരം നേടിയിട്ടുണ്ട്. കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നീ കലകള്‍ ശാസ്ത്രീയ നിയമങ്ങള്‍ക്ക് കോട്ടം വരുത്താതെ അര്‍പ്പണ മനോഭാവത്തോടെ പഠിപ്പിക്കുന്നു. കഥകളിയില്‍ ഉപരിപഠന സൌകര്യവും ഇവിടെയുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഒട്ടനവധിപേര്‍ പഠിക്കാനിവിടെ എത്തുന്നു. വിദേശ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇവിടെ നിന്ന് കലാകാരന്‍മാര്‍ പോകാറുണ്ട്. കോട്ടയ്ക്കകം ഫോര്‍ട്ട് ഹൈസ്ക്കൂളിന് പിറകുവശത്തും വലിയശാല മഹാദേവര്‍ ക്ഷേത്രത്തിനടുത്തുമായി രണ്ട് സ്ഥലങ്ങളില്‍ മാര്‍ഗി പ്രവര്‍ത്തിക്കുന്നു.

സോപാനം
1960-നു ശേഷം കാവ്യനാടക രംഗത്ത് ആധുനിക പ്രസ്ഥാനം രൂപം കൊണ്ടതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത കലാ സാംസ്കാരിക സംഘടനയാണ് സോപാനം എന്ന നാടക കളരി. സോപാനത്തിന്റെ പ്രവര്‍ത്തനത്തെ സംസ്കൃത നാടകാഭിനയം, നാടോടി ശൈലിയിലുള്ള  നാടക അവതരണം എന്നിങ്ങനെ രണ്ടായി തിരിക്കാം. ആദ്യത്തേതില്‍ കൂടിയാട്ടത്തിന്റെ സങ്കേതങ്ങളും രണ്ടാമത്തേതില്‍ പടയണി, സംഘക്കളി തുടങ്ങിയ നാടന്‍ രംഗകലകളുടെ സ്വാധീനവുമുണ്ട്. സംസ്കൃത നാടകയിനത്തില്‍ ഭഗവദച്യുതം, സ്വപ്നവാസവദത്തം, ഊരുഭംഗം, കര്‍ണ്ണഭാരം, മധ്യമവ്യായോഗം എന്നിവയും പുതിയ നാടകങ്ങളുടെ കൂട്ടത്തില്‍ അവനവന്‍ കടമ്പ, ദൈവത്താല്‍, ഒറ്റയാന്‍ തുടങ്ങിയവയും എടുത്തുപറയേണ്ടവയാണ്. ഭാസന്റെ നാടകങ്ങളെപ്പറ്റി ഗവേഷണം നടത്തുകയും വര്‍ഷംതോറും ഭാസമഹോത്സവങ്ങള്‍ സംഘടിപ്പിക്കുകയും  ഈ സ്ഥാപനത്തിന്റെ മറ്റൊരു മുഖ്യകര്‍മ്മ പരിപാടിയാണ്. ആദ്യകാലത്തു നെടുമുടി വേണു, ജഗന്നാഥന്‍, കൃഷ്ണന്‍കുട്ടിനായര്‍ തുടങ്ങി ഒട്ടേറെ നടന്‍മാര്‍ സോപാനത്തിന്റെ കളരിയില്‍ അഭ്യസിച്ചവരാണ്.

തപസ്യ
കോഴിക്കോട്ട് രൂപമെടുത്ത തപസ്യയുടെ ഒരു ശാഖ തിരുവനന്തപുരത്ത് രൂപമെടുത്തത് 1980-ലാണ്. അടിയന്തിരാവസ്ഥകാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സജീവമായി രംഗത്തിറങ്ങിയ സ്വതന്ത്ര ചിന്താഗതിക്കാരുടെ സമ്മേളന രംഗമാണ് തപസ്യ. പരമേശ്വര്‍ജി,  പ്രൊഫ. എന്‍.കൃഷ്ണപിള്ള, എം.പി.മന്മഥന്‍, ഒ.എന്‍.വി.കുറുപ്പ് തുടങ്ങിയവര്‍ ഇതിന്റെ പ്രാരംഭകാലശില്പികളാണ്. പി.നാരായണക്കുറുപ്പ്, പ്രൊഫ.സി.ജി.രാജഗോപാല്‍, വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, പ്രേമചന്ദ്രന്‍ നായര്‍, രഘുവര്‍മ്മ, മണ്ണടി ഹരി തുടങ്ങിയവരാണ് തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരില്‍ പ്രമുഖര്‍. ‘വാര്‍ത്തിക’ എന്നൊരു പ്രതിമാസ പത്രിക തപസ്യയുടേതായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഭാരതീയ സാംസ്കാരിക പ്രവര്‍ത്തകരുടെ വേദി എന്ന നിലയിലാണ് തപസ്യ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതി
ഭാഷാപിതാവായ തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്റെ കൃതികള്‍ പ്രചരിപ്പിക്കുക, പഠനഗവേഷണങ്ങളും ചര്‍ച്ചകളും  സെമിനാറുകളും സംഘടിപ്പിക്കുക, ആശയപ്രചാരണത്തിനുതകുന്ന കൃതികള്‍ പ്രകാശിപ്പിക്കുക, വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്കുതകുന്ന സ്ഥാപനങ്ങള്‍ക്കു രൂപം കൊടുക്കുക ഇവയൊക്കെയാണ് ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ മുഖ്യ കര്‍മ്മപരിപാടികള്‍. അരലക്ഷത്തോളം ഗൃഹങ്ങളില്‍ ഇതിനകം ഹരിനാമകീര്‍ത്തനം അച്ചടിച്ച് എത്തിച്ചു കഴിഞ്ഞു. എഴുത്തച്ഛന്റെ സമാധി ദിനാചരണം, വിജയദശമി (കര്‍ക്കിടകമാസം), രാമായണമാസാചരണം തുടങ്ങിയവയാണ് സമിതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. സമിതിയുടെ ആഭിമുഖ്യത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രിന്റിംഗ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, നഴ്സറി സ്കൂള്‍, വായനശാല എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.

രംഗപ്രഭാത്
തിരുവനന്തപുരത്ത് വെഞ്ഞാറമൂടിന് സമീപം ആലുംതറയില്‍ രൂപമെടുത്ത രംഗപ്രഭാത്, കുട്ടികള്‍ക്കായുള്ള നാടകപരിശീലനകേന്ദ്രമാണ്. മലയാള നാടകവേദിയില്‍  ശ്രദ്ധേയനായ പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ ശ്രമഫലമായി രൂപമെടുത്ത രംഗപ്രഭാത് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ പിന്നിടുന്നു. അഞ്ചിനും പതിനാലിനും മദ്ധ്യേ പ്രായമുള്ള കുട്ടികളാണ് ഈ സ്ഥാപനത്തിലെ അംഗങ്ങള്‍. രംഗപ്രഭാതത്തിന് തുടക്കം കുറിച്ചത് 1970 സെപ്തംബര്‍ 19-ാം തീയതിയാണ്. വൈകുന്നേരം അഞ്ചു മണിക്ക് കേളി കൊട്ടോടെ രംഗപ്രഭാത് പ്രവര്‍ത്തനസജ്ജമാകുന്നു. പഴയ കലാരൂപങ്ങള്‍, കഥപറച്ചില്‍, കവിത ചൊല്ലല്‍, അഭിനയം, സംഭാഷണം ഇവയിലൊക്കെ പരിശീലനം നല്‍കുന്നു.

നര്‍മ്മകൈരളി
നര്‍മ്മത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഹാസ്യ സാഹിത്യകാരന്‍മാര്‍ 1980 ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്ത് രൂപം കൊടുത്ത സംഘടനയാണ് നര്‍മ്മകൈരളി. പൊതുജനോല്ലാസത്തിനും ഹാസ്യ കലാകാരന്‍മാരുടെ പ്രോത്സാഹനത്തിനുമായി ഹാസ്യവേദികളും ചിരിയരങ്ങുകളും സംഘടിപ്പിക്കുക, മികച്ച ഹാസ്യ സാഹിത്യരചനകള്‍ സമാഹരിച്ചു പ്രസിദ്ധീകരിക്കുക ഇവയൊക്കെയാണ് സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ജഗതി എന്‍.കെ.ആചാരി, ചെമ്മനം ചാക്കോ, സുകുമാര്‍, പത്മാലയം വിജയകുമാര്‍ എന്നിവരാണ് പ്രധാന പ്രവര്‍ത്തകര്‍.

നവധാരാസദസ്സ്
സൂര്യനു താഴെയുള്ള ഏതു വിഷയത്തെപ്പറ്റിയും നവധാരാ സദസ്സ് ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും സാഹിത്യസംബന്ധിയായ വിഷയങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. 1970-80-കളില്‍ തിരുവനന്തപുരത്ത് രാമനിലയത്തില്‍ 20-ാം നമ്പര്‍ മുറിയില്‍ സായാഹ്നങ്ങളില്‍ ഒത്തുകൂടുന്ന സഹൃദയ സദസുകളില്‍ പ്രമുഖന്‍ പി.കെ.ബാലകൃഷ്ണനായിരുന്നു. കടമ്മനിട്ട രാമകൃഷ്ണന്‍, പുനലൂര്‍ ബാലന്‍, പി.പത്മരാജന്‍, പി.നാരായണക്കുറുപ്പ്, ഇ.എന്‍.മുരളീധരന്‍ നായര്‍ എന്നിവരൊത്തുകൂടുന്ന സദസ്സില്‍ ഡോ. കെ.അയ്യപ്പപണിക്കര്‍, എം.പി.അപ്പന്‍ ഇവരൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു.

മിത്രാനികേതന്‍
വെള്ളനാട്ടെ മിത്രാനികേതന്‍ ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ അഖിലേന്ത്യാ പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. 1965-ലാണ് മിത്രാനികേതന്‍ സ്ഥാപിക്കപ്പെട്ടത്. ഗാന്ധിയനായ വിശ്വനാഥനാണ് മിത്രാനികേതന്‍ കെട്ടിപ്പടുത്തത്. പട്ടുനൂല്‍പ്പുഴുക്കൃഷിയും കൃത്രിമ ബീജസങ്കലനവുമൊക്കെ തിരുവനന്തപുരം ജില്ലയില്‍ ആദ്യം വ്യാപിപ്പിച്ചതും മിത്രാനികേതനാണ്. തിരുവനന്തപുരത്ത് ഒരു വലിയ വനിതാ ഹോസ്റ്റലും മിത്രാനികേതന്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ പടിഞ്ഞാറെ കോട്ടയിലുള്ള കൊട്ടാരക്കെട്ടുകളിലൊന്നില്‍ ഒരു സാംസ്കാരിക മ്യൂസിയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.