കലാസാംസ്കാരിക ചരിത്രം

ചിരപുരാതനമായ സാംസ്കാരിക പാരമ്പര്യമുള്ള ഒരു നഗരമാണ് തിരുവനന്തപുരം. കേരവാട്ടെഴുത്ത് ലിപിള സംസ്ക്കാരത്തിന്റെ വളര്‍ച്ചയ്ക്കു വിലപ്പെട്ട പല സംഭാവനകളും ഈ നഗരത്തിലൂടെ ലഭിച്ചിട്ടുണ്ട്. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന അതിപുരാതനമായ ലിപികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വട്ടെഴുത്ത് ലിപി. ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ കാലം വരെ തിരുവിതാംകൂറില്‍ ഔദ്യോഗിക രേഖകളില്‍ വട്ടെഴുത്താണ് ഉപയോഗിച്ചിരുന്നത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരമാക്കിയപ്പോള്‍ ധാരാളം കലാകാരന്‍മാരും കവികളും തിരുവനന്തപുരത്ത് താമസിച്ചിരുന്നതായി കാണാം. കുഞ്ചന്‍ നമ്പ്യാര്‍, ഉണ്ണായി വാര്യര്‍, രാമപുരത്തു വാര്യര്‍ എന്നിവര്‍ ഇവരില്‍ എടുത്തു പറയേണ്ടവരാണ്. വഞ്ചി രാജവംശത്തിന്റെ ആസ്ഥാനമായതു മുതല്‍ തന്നെ തിരുവനന്തപുരം കേരളത്തിലെ ഏറ്റവും വലിയ സംഗീത കേന്ദ്രമായി വളരാന്‍ തുടങ്ങിയിരുന്നു. പക്ഷേ സ്വാതിതിരുനാളിന്റെ കാലത്താണ് കര്‍ണാടക സംഗീതത്തിന്റെ പരമ പ്രധാന കേന്ദ്രമായി തിരുവനന്തപുരം മാറിയത്. കലാ പ്രോത്സാഹനത്തിന് പ്രശസ്തിയാര്‍ജ്ജിച്ച രാജകുടുംബമാണ് തിരുവിതാംകൂര്‍ രാജകുടുംബം. കാര്‍ത്തിക തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ‘ബാലരാമഭാരതം’ എന്ന പേരില്‍ ഒരു നാട്യശാസ്ത്രഗ്രന്ഥവും അനേകം ആട്ടക്കഥകളും ചില കീര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് സ്വാതി തിരുനാള്‍ രാമവര്‍മ നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ട ഒന്നാണ്. മുന്‍സിഫ് കോടതികള്‍, ജില്ലാ കോടതികള്‍,  ആശുപത്രികള്‍, ഗ്രന്ഥശാലകള്‍, നക്ഷത്ര ബംഗ്ലാവ്, ഗവണ്‍മെന്റ് ഇംഗ്ലീഷ് സ്കൂള്‍ എന്നിവ സ്ഥാപിച്ചതിലൂടെ തിരുവനന്തപുരം നഗരം സാംസ്കാരികമായി വളരുകയായിരുന്നു. സംഗീതശാസ്ത്രത്തിനു അപാരമായ സംഭാവനകള്‍ നല്‍കിയ സ്വാതി തിരുനാള്‍ പത്മനാഭ ശതകള്‍, ഭക്തി മഞ്ജരി, സ്യാനന്ദൂര വര്‍ണ്ണന പ്രബന്ധം, കുചേലോപാഖ്യാനം, ഉത്സവബന്ധം എന്നീ പ്രശസ്ത കൃതികളുടെ കര്‍ത്താവു കൂടിയാണ്.
സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സദസ്സില്‍ പ്രമുഖനായിരുന്ന ഇരയിമ്മന്‍ തമ്പി സാഹിത്യലോകത്തെ കെടാവിളക്കാണ്. 1782-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. സംഗീതത്തിലും സാഹിത്യത്തിലും പാണ്ഡിത്യം നേടിയ, ഇരയിമ്മന്‍ തമ്പി എന്ന പേരിലറിയപ്പെട്ടിരുന്ന രവി വര്‍മ്മന്‍ തമ്പിയുടെ രചനകളായി നിരവധി ആട്ടക്കഥകളും, കീര്‍ത്തനങ്ങളും, താരാട്ടുകളും, പദങ്ങളുമുണ്ട്. സംഗീതവും, സാഹിത്യവും നാട്യവുമെല്ലാം വഴി തിരുവനന്തപുരത്തിനെ ഉന്നതിയിലെത്തിച്ച മറ്റു വിശിഷ്ടവ്യക്തികളായിരുന്നു കണ്ണയ്യഭാഗവതര്‍, പരമേശ്വരഭാഗവതര്‍, ഗോവിന്ദമാരാര്‍, വിദ്വാന്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍, വടിവേലുവും സഹോദരന്‍മാരും, മാളിയേക്കല്‍ കൃഷ്ണമാരാര്‍ തുടങ്ങിയവര്‍. കലാസാംസ്കാരിക രംഗത്തും തിരുവനന്തപുരം വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചു പോരുന്നുണ്ട്. എണ്ണമറ്റ സാഹിത്യ സദസ്സുകളും പ്രസ്ഥാനങ്ങളും നല്‍കിയതും, നല്‍കിക്കൊണ്ടിരിക്കുന്നതുമായ സംഭാവനകളും വിസ്മരിക്കാനാവില്ല.

1939-ല്‍ പ്രൊഫ. ആര്‍.ശ്രീനിവാസന്റെ മഹനീയാധ്യക്ഷതയില്‍ രൂപം കൊണ്ട സ്വാതി തിരുനാള്‍ സംഗീത അക്കാദമി അനന്തപുരിക്ക് സാംസ്കാരിക ശോഭയേകുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അമ്മ മഹാറാണി സേതു പാര്‍വ്വതി ഭായിയുടെ തളരാത്ത യത്നം കൃതഞ്ജതാപൂര്‍വ്വം സ്മരിക്കേണ്ടതുണ്ട്. പ്രശസ്ത നര്‍ത്തകനായ ഗുരുഗോപിനാഥിനെ കൊട്ടാരം നര്‍ത്തകനായി നിയമിച്ചതും തിരുവനന്തപുരത്ത് ഗോപിനാഥ് നൃത്തകലാ വിദ്യാലയം ആരംഭിക്കുന്നതിനു പ്രേരണയേകിയതും അമ്മ മഹാറാണിയാണ്. ഗുരുഗോപിനാഥിന്റെ ശിക്ഷണത്തില്‍ നിരവധി പേര്‍ നൃത്തകലാരംഗത്തും ചലച്ചിത്ര രംഗത്തും ആധിപത്യമുറപ്പിച്ചു. ഗുരുഗോപിനാഥ്കഴിഞ്ഞ തലമുറയുടെ ആദരവിന് പാത്രമായ ലളിത, പത്മിനി, രാഗിണി തുടങ്ങി നിരവധി കലാപ്രതിഭകളുണ്ട് ഇക്കൂട്ടത്തില്‍. മഹാകവി വള്ളത്തോളിന്റെ പോലും തികഞ്ഞ ബഹുമതിക്ക് പാത്രമായ പ്രൊഫ. വി.കൃഷ്ണന്‍ തമ്പിയുടെ പ്രയത്നഫലമായി തിരുവനന്തപുരത്ത് രൂപം കൊടുത്ത തിരുവനന്തപുരം കഥകളി ക്ലബ്, കഥകളിയുടെ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകളും അവിസ്മരണീയമാണ്. ഒരു ക്ളാസിക്കല്‍ കലാകേന്ദ്രമായി വളര്‍ന്ന് രാജ്യമെമ്പാടുമുള്ള കഥകളി ആരാധകരുടെ പ്രശംസ നേടിയ ഡി.അപ്പുക്കുട്ടന്‍ നായരുടെ യത്നത്തിന്റെ ഫലമായി ശക്തിയാര്‍ജ്ജിച്ചതാണ് “മാര്‍ഗി” കഥകളി വിദ്യാലയം. പ്രൊഫ. സി.ജി.രാജഗോപാലും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രൂപം കൊടുത്തിട്ടുള്ള ദൃശ്യവേദി, കുടമാളൂരിന്റെ ശിക്ഷണത്തില്‍ വെങ്ങാനൂരില്‍ പ്രവര്‍ത്തിക്കുന്ന കഥകളി ക്ലബ്ബ്, കൂടാതെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു പോരുന്ന ഒട്ടേറെ കഥകളി ക്ളബ്ബുകള്‍ വേറെയുമുണ്ട്. കഥകളിയുടെ അഭിവൃദ്ധിക്കായി കിളിമാനൂര്‍ കുട്ടന്‍പിള്ള ഒരു പതിറ്റാണ്ടിലേറെ കാലമായി പ്രസിദ്ധീകരിച്ചു പോരുന്ന ‘നൃത്തകലാരംഗം’ ബഹുസഹസ്രം സഹൃദയരുടെ ആദരവാര്‍ജ്ജിച്ചു കഴിഞ്ഞു. നാടകപ്രസ്ഥാനങ്ങള്‍, സാംസ്കാരിക സംഘടനകള്‍, സംഗീത സഭകള്‍ ഇവയെല്ലാം തന്നെ തിരുവനന്തപുരത്തിന്റെ കലാസാംസ്കാരിക രംഗത്തുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നവയാണ്.