കലാകാരന്‍മാരുടെ ചരിത്രം

കുഞ്ചന്‍ നമ്പ്യാര്‍
രാമപുരത്ത് വാര്യര്‍
ഉണ്ണായിവാര്യര്‍
ഇരയിമ്മന്‍ തമ്പി
കുട്ടിക്കുഞ്ഞു തങ്കച്ചി
ഈശ്വരപിള്ള വിചാരിപ്പുകാര്‍
കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍

പി ഗോവിന്ദപിള്ള
എ ആര്‍ രാജരാജവര്‍മ്മ
സി വി രാമന്‍പിള്ള
രാജാ രവി വര്‍മ്മ
മഹാകവി ഉള്ളൂര്‍
മഹാകവി കുമാരനാശാന്‍

കുഞ്ചന്‍ നമ്പ്യാര്‍

തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാര്‍ (1705-1770) പാലക്കാട് കിള്ളിക്കുറിശ്ശി മംഗലത്തു കലക്കത്തു നമ്പ്യാര്‍ മഠത്തില്‍ 1705 ല്‍ ജനിച്ചു. കുട്ടിക്കാലജീവിതം പിന്നിട്ടത് കോട്ടയം ജില്ലയിലെ കിടങ്ങൂരിലായിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴയിലും കുടമാളൂരും താമസമാക്കിയ നമ്പ്യാര്‍ ചെമ്പകശ്ശേരി രാജാവായ ദേവനാരായണന്റെ സ്നേഹവാത്സല്യങ്ങള്‍ക്കു പാത്രമായി.
അമ്പലപ്പുഴനിന്നു തിരുവനന്തപുരത്തിനു കൈവന്ന മഹാഭാഗ്യങ്ങള്‍ മൂന്നെണ്ണമാണ്. ഒന്ന് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍, രണ്ട് അമ്പലപ്പുഴ പാല്‍പായസം, മൂന്ന് വേലകളി. സാധാരണജനങ്ങളുടെ വൈകാരിക അനുഭൂതികളുമായി ഇണങ്ങിച്ചേര്‍ന്ന കലാസൃഷ്ടികളാണ് കുഞ്ചന്‍ നമ്പ്യാരുടേത്. 1770 ല്‍ നമ്പ്യാര്‍ അന്തരിച്ചു.

രാമപുരത്തു വാര്യര്‍

കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കര്‍ത്താവായ രാമപുരത്തു വാര്യരും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും സമകാലികരായിരുന്നു. ഭക്താഗ്രണിയായ ഒരു മഹാപണ്ഡിതന്‍ എന്നതിലുപരി അനുഗ്രഹീതനായ ഒരു കവി കൂടിയായിരുന്നു വാര്യര്‍. കൊ. വ 878 കുംഭം 2 നു (1703) മീനച്ചല്‍ താലൂക്കിലെ രാമപുരത്തു ജനിച്ചു. ശങ്കരന്‍ എന്നായിരുന്നുവത്രേ പേര്. രാമയ്യന്‍ ദളവയുമൊത്തു ക്ഷേത്രദര്‍ശനത്തിനെത്തിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വാര്യരുടെ കവിത വായിക്കാന്‍ ഇടവന്നതോടെയാണ് വാര്യര്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. മഹാരാജാവിന്റെ മടക്കയാത്ര വാര്യരേയും കൂട്ടിയായിരുന്നു. ‘യാത്രയ്ക്കിടയില്‍ ഒരു വഞ്ചിപ്പാട്ടു രചിച്ചു പാടരുതോ?’ എന്ന രാജകല്പന ശിരസാ വഹിച്ച് ധര്‍മ്മോപദേശമടങ്ങുന്ന ആത്മകഥയുമായി സാദൃശ്യമുള്ള കുചേലകഥ വാര്യര്‍ വഞ്ചിപ്പാട്ടു രീതിയില്‍ ആലോചിച്ചു. മൂന്നുനാളുകള്‍ക്കു ശേഷം വഞ്ചിപ്പാട്ടിന്റെ രചനയും പൂര്‍ത്തിയായിരുന്നു. ഇതാണ് വഞ്ചിപ്പാട്ടിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം. ഹ്രസ്വകാലം തിരുവനന്തപുരത്ത് താമസിച്ച ശേഷം വാര്യര്‍ നാട്ടിലേക്കു മടങ്ങി. സ്വവസതിയിലെത്തിയ അദ്ദേഹത്തിനു ശ്രീകൃഷ്ണ ദര്‍ശനത്തിനു ശേഷം മടങ്ങിച്ചെന്ന കുചേലനുണ്ടായ അനുഭവമാണത്രെ ഉണ്ടായത്. തകര്‍ന്നടിഞ്ഞ തന്റെ വസതി ഒരു മണിമാളികയായി മാറിയിരിക്കുന്നു. മഹാരാജാവിന്റെ നിര്‍ദ്ദേശമനുസരിച്ച് പണിയിച്ചതായിരുന്നു ആ മാളിക.

ഉണ്ണായി വാര്യര്‍

ഉണ്ണായി വാര്യരുടെ ജനനസ്ഥലത്തെപ്പറ്റി ഭാഷാപണ്ഡിതന്‍മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 940 ല്‍ അദ്ദേഹം തിരുവനന്തപുരത്ത് വന്നതായും മഹാരാജാവിനെ കണ്ടതായും മലയാളത്തിലെ ആദ്യചരിത്രകാരനായ പി.ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നു. അക്കാലത്ത് കുഞ്ചന്‍ നമ്പ്യാരും തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവത്രെ. അഗാധമായ ജീവിതാവബോധവും അവികലമായ കലാമര്‍മ്മജ്ഞതയും പ്രതിഫലിപ്പിക്കുന്ന നളചരിതം ആട്ടക്കഥ മലയാളത്തിലെ മരണമില്ലാത്ത മഹാകവികളുടെ കൂട്ടത്തില്‍ ഉണ്ണായി വാര്യര്‍ക്കുള്ള സ്ഥാനം മഹത്തരമാണെന്നു പ്രഖ്യാപിക്കുന്നു. നളചരിതം ആട്ടക്കഥ ഒന്നുകൊണ്ടു മാത്രം വാര്യര്‍ ആട്ടക്കഥാരംഗത്തു ശാശ്വതമായ യശസ്സാര്‍ജ്ജിച്ചു. ‘നളചരിതം ആട്ടക്കഥ’ എന്ന ആ ഒറ്റ കൃതി അന്നുവരെയുണ്ടായിരുന്ന മലയാള സാഹിത്യത്തില്‍ ഭാസുരമായ ഒരു വ്യതിയാനം സൃഷ്ടിച്ചു.

ഇരയിമ്മന്‍ തമ്പിഇരയിമ്മന്‍ തമ്പി

ആട്ടക്കഥാ പ്രസ്ഥാനം പുരോഗതിയുടെ പടവുകള്‍ പിന്നിട്ടത് ഇരയിമ്മന്‍ തമ്പിയുടെ ആഗമനത്തോടെയാണ്. ‘ഓമനത്തിങ്കള്‍ക്കിടാവോ’ എന്ന ഗാനത്തിന്റെ കര്‍ത്താവ് എന്ന നിലയില്‍ അനശ്വരനായ അദ്ദേഹം ശ്രദ്ധേയനായ ഒരു ആട്ടക്കഥാകാരനും, കൈരളിയെ ധന്യമാക്കാന്‍ ഉപകരിച്ച വേറെയും നിരവധി വിശിഷ്ട ഗ്രന്ഥങ്ങളുടെ കര്‍ത്താവും കൂടിയാണ്. കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം തുടങ്ങിയ കൃതികള്‍ പാടിയും അഭിനയിച്ചും രസിക്കാവുന്നതാണ്. കര്‍ണ്ണാടക സംഗീതം, കഥകളി എന്നീ ക്ളാസിക് കലാരൂപങ്ങള്‍ക്ക് ഒരു പോലെ ശോഭചാര്‍ത്തിയ ഇരയിമ്മന്‍ തമ്പി ആദ്യകവികുല ഗുരു എന്ന അത്യുന്നത പദവിക്കും അര്‍ഹനായി തീര്‍ന്നു. സ്വാതി തിരുനാളിന്റേയും ഉത്രം തിരുനാളിന്റേയും സദസ്സിനെ അലങ്കരിച്ചിരുന്ന ഇരയിമ്മന്‍ തമ്പിയുടെ ആട്ടക്കഥകള്‍ സഹൃദയ ലോകത്തെയാകെ ആകര്‍ഷിച്ചു. തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് വിറകുപുരക്കോട്ട വാതിലിനരികിലുള്ള കിഴക്കേ മഠത്തില്‍ 1783 (കൊ.വ 958 തുലാമാസത്തില്‍) ഇരയിമ്മന്‍ തമ്പി ജനിച്ചു.
നിരവധി കീര്‍ത്തനങ്ങള്‍ സംസ്കൃതത്തിലും മലയാളത്തിലുമായി അദ്ദേഹം രചിച്ചു. “കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ” തുടങ്ങിയ കീര്‍ത്തനങ്ങള്‍ സംഗീതസദസ്സുകളില്‍ ഉയരുമ്പോള്‍ സഹൃദയലോകമാകെ അതിലലിഞ്ഞു ചേര്‍ന്നിരുന്നു പോകും. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കൃതികള്‍ പരിശോധിച്ചു പൂര്‍ണ്ണതയേകുന്ന ചുമതലയും ഇരയിമ്മന്‍ തമ്പി നിര്‍വ്വഹിച്ചിരുന്നു. സ്വാതി തിരുനാളിന്റെ സംഗീതകലാരംഗത്തെ യശസ്സിനു പിന്നില്‍ ഇരയിമ്മന്‍ തമ്പിയുടെ വിദഗ്ദ്ധഹസ്തം പ്രവര്‍ത്തിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം ഇനിയും വെളിപ്പെടാനിരിക്കുന്നതേയുളളൂ. സംഗീത നാടക അക്കാദമി ഇരുപതിലേറെ ഗാനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേറെയും നിരവധി കീര്‍ത്തനങ്ങളും ആട്ടക്കഥകളും 200-ാം ജന്‍മദിനം ആഘോഷിച്ചുകഴിഞ്ഞിട്ടും അപ്രകാശിതങ്ങളായി അവശേഷിക്കുന്നു എന്നതാണ് ദു:ഖസത്യം.

കുട്ടിക്കുഞ്ഞു തങ്കച്ചി കുട്ടിക്കുഞ്ഞു തങ്കച്ചി

ഇരയിമ്മന്‍ തമ്പിയുടെ മകളായി 1820 ല്‍ കുട്ടിക്കുഞ്ഞു തങ്കച്ചി ജനിച്ചു. പിതാവായ ഇരയിമ്മന്‍തമ്പിയും കൊച്ചുപിള്ളവാര്യരുമായിരുന്നു ഗുരുക്കന്‍മാര്‍. തിരുവാതിരപ്പാട്ടുകള്‍, കുറത്തിപ്പാട്ടുകള്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍, സങ്കീര്‍ത്തനങ്ങള്‍, ആട്ടക്കഥകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട നിരവധി കൃതികളിലൂടെ അവര്‍ ഭാഷയെ സമ്പന്നമാക്കി. പാര്‍വ്വതീ സ്വയംവരം, തിരുവനന്തപുരം സ്ഥലപുരാണം, വൈക്കം സ്ഥലപുരാണം, കിളിപ്പാട്ടുകള്‍, ശിവരാത്രി മാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം തുടങ്ങി മൂന്നു തിരുവാതിരപ്പാട്ടുകള്‍ കിരാതം, നളചരിതം കുറത്തിപ്പാട്ടുകള്‍, സ്വര്‍ഗ്ഗവാതില്‍ ഏകാദശി, മാഹാത്മ്യം കിളിപ്പാട്ട് മൂന്ന് എന്നീ ആട്ടക്കഥകള്‍, ആയില്യം തിരുനാളിന്റെ കാശിയാത്രയെ പുരസ്ക്കരിച്ചു രചിച്ച ഗംഗാസ്നാനം ഓട്ടന്‍തുള്ളല്‍, അജ്ഞാതവാസം നാടകം എന്നിങ്ങനെ നിരവധി കൃതികള്‍ അവരുടേതായിട്ടുണ്ട്. സംസ്കൃത സാഹിത്യത്തിലും അവര്‍ അങ്ങേയറ്റം പ്രാവീണ്യം നേടിയിരുന്നു. സംസ്കൃതത്തില്‍ ഗ്രന്ഥ രചനയും നടത്തിയിട്ടുണ്ട്. 1904 ല്‍ അന്തരിച്ചു.

ഈശ്വരപിള്ള വിചാരിപ്പുകാര്‍

കഥകളി നടന്‍, ഒട്ടേറെ വിശിഷ്ട ഗ്രന്ഥങ്ങളുടെ പ്രസാധകന്‍ എന്നീ നിലകളിലൊക്കെ ആദരണീയനായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാര്‍ 1815 ല്‍ കൊട്ടാരത്തിലെ ഒരു ജീവനക്കാരിയുടെ മകനായി ജനിച്ചു. ഇളം പ്രായത്തില്‍ തന്നെ വേണ്ടത്ര കലാഭിരുചി പ്രകടമായിരുന്ന കുട്ടി വളര്‍ന്നപ്പോള്‍ കൊട്ടാരം കളിയോഗത്തില്‍ അംഗമായി. അക്കാലത്തെ പ്രഗത്ഭ കഥകളിനടനായിരുന്ന വലിയ കൊച്ചയ്യപ്പണിക്കര്‍, കൊച്ചുകുഞ്ഞപ്പിള്ള എന്നിവരുടെ ശിക്ഷണത്തില്‍ ഈശ്വരപിള്ള വളരെ വേഗം പ്രസിദ്ധ കഥകളി നടന്‍ എന്ന നിലയിലേക്കുയര്‍ന്നു. കഥകളി രംഗത്ത് പ്രധാന വേഷങ്ങളിലെല്ലാം അതിപ്രശംസാര്‍ഹമായ നിലയിലേക്കുയരാന്‍ ഈശ്വരപിള്ളയ്ക്കു കഴിഞ്ഞു.
തിരുവിതാംകൂറില്‍ ഒരു സ്വകാര്യ വ്യക്തിയുടെ വകയായി ഒരച്ചടിശാല ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത് ഉത്രം തിരുനാളിന്റെ നിര്‍ദ്ദേശപ്രകാരം 1853 ല്‍ ഈശ്വരപിള്ള വിചാരിപ്പുകാരുടെ നിയന്ത്രണത്തിലായിരുന്നു. കേരളവിലാസം അച്ചുകൂടം തിരുവനന്തപുരത്താണ് സ്ഥാപിച്ചത്. എഴുത്തച്ഛന്‍, നമ്പ്യാര്‍ തുടങ്ങിയവരുടെ കൃതികളും, സ്വാതിതിരുനാളിന്റെയും ഇരയിമ്മന്‍ തമ്പിയുടേയും കീര്‍ത്തനങ്ങളും അക്കാലത്തു പ്രചാരത്തിലിരുന്ന 54 ദിവസത്തെ ആട്ടക്കഥകളും, രാമായണം, നളചരിതം എന്നീ ഗ്രന്ഥങ്ങളും കേരള വിലാസം പ്രസ്സിലാണ് അച്ചടിച്ചത്.

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍

കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ (1845-1914) 1845 ഫെബ്രുവരി 19 ന് ജനിച്ചു. 10-മത്തെ വയസ്സില്‍ തിരുവനന്തപുരത്തെത്തി. അര ശതാബ്ദക്കാലം ഭാഷാസാഹിത്യ രംഗത്ത് ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റേത്. മലയാള ഭാഷയെ അതിന്റെ ശൈശവാവസ്ഥയില്‍ തന്നെ പാശ്ചാത്യ സാഹിത്യവുമായി ബന്ധപ്പെടുത്തുകയും സംസ്കൃത സാഹിത്യത്തില്‍ നിന്നും മലയാള സാഹിത്യത്തിലേക്കുള്ള വിവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്ത്, വിവിധ സാഹിത്യശാഖകളെ ധന്യമാക്കിയ തമ്പുരാന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വളര്‍ച്ചയിലും മുഖ്യപങ്കു വഹിച്ചു. 22-മത്തെ വയസ്സില്‍  പാഠപുസ്തക കമ്മിറ്റിയില്‍ അംഗമായും തുടര്‍ന്ന് അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 3-ാം ക്ളാസ്സുവരെയുള്ള പാഠപുസ്തകങ്ങള്‍ക്കും ഇന്ത്യാ ചരിത്രം, ഭൂമി ശാസ്ത്രം, തിരുവിതാംകൂര്‍ചരിത്രം എന്നിങ്ങനെ വിവിധ ക്ളാസ്സുകളിലെ പാഠപുസ്തകങ്ങള്‍ക്കും രൂപം കൊടുത്തു.

പി ഗോവിന്ദപിള്ള

ജനസേവനത്തിനും ഭാഷാഭിവൃദ്ധിക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അപൂര്‍വ്വം ചില വ്യക്തി ശ്രേഷ്ഠരില്‍ ഒരാളായിരുന്നു പി.ഗോവിന്ദപ്പിള്ള. കൊട്ടാരത്തിലെ ഗ്രന്ഥശേഖരങ്ങളുമായി വേണ്ടത്ര ഇഴുകിച്ചേര്‍ന്ന അദ്ദേഹം വായിച്ചാര്‍ജ്ജിച്ച സംസ്കാരം ഉള്‍ക്കൊണ്ടുകൊണ്ടു തന്നെയാണ് സാഹിത്യ ചരിത്ര രചനയ്ക്ക് തുടക്കം കുറിച്ചത്. അഭിഭാഷകവൃത്തിയിലേര്‍പ്പെട്ട അദ്ദേഹം ഭാഷാചരിത്ര നിര്‍മ്മാണത്തില്‍ മുഴുകി. ഹ്രസ്വകാലം ഒരു ഇംഗ്ളീഷ് പ്രസിദ്ധീകരണവും “കേരളചന്ദ്രിക” എന്ന മലയാള പ്രസിദ്ധീകരണവും നടത്തി.

എ ആര്‍ രാജരാജവര്‍മ്മ

ആധുനിക മലയാള സാഹിത്യത്തിന്റെ നൂതന പ്രസ്ഥാനങ്ങളുടെ പുരസ്കര്‍ത്താവ്, ഭാഷാസേവനവും സാഹിത്യപോഷണവും ജീവിതവ്രതമായി അംഗീകരിച്ച പ്രതിഭാധനന്‍, ഔദ്യോഗികരംഗത്ത് ഉന്നതാധികാരി ഈ നിലകളിലൊക്കെ മലയാളികളുടെ തികഞ്ഞ ആദരവാര്‍ജിച്ച ശ്രേഷ്ഠ വ്യക്തിയാണ് എ.ആര്‍. രാജരാജ വര്‍മ (1863-1918). കവി, അഭിഭാഷകന്‍, വൈയാകരണന്‍, ഭാഷാശാസ്ത്രവിശാരദന്‍ എന്നീ നിലകളില്‍ പ്രശോഭിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കോളേജിലെ ആദ്യ മലയാളി പ്രിന്‍സിപ്പല്‍ എന്ന ബഹുമതിക്കുമര്‍ഹനായി.  പണ്ഡിതന്‍മാരില്‍ പണ്ഡിതനും കവികളില്‍ കവിയുമായ അദ്ദേഹം ഒരു മികച്ച സാഹിത്യ പ്രസ്ഥാനമായിട്ടാണ് തിരുവനന്തപുരത്ത് കഴിഞ്ഞു കൂടിയത്.  ഭാഷാ വ്യാകരണ ശാസ്ത്രവും, അലങ്കാര-വൃത്തശാസ്ത്രവും തിരുവനന്തപുരത്ത് താമസിക്കവേയാണ് അദ്ദേഹം രചിച്ചത്.  കേരള പാണിനീയം, ഭാഷാ ഭൂഷണം, ശബ്ദശോധിനി, വൃത്തമഞ്ജരി, സാഹിത്യസാഹ്യം തുടങ്ങിയ കൃതികള്‍ മലയാള സാഹിത്യത്തിന് ബലിഷ്ഠമായ അടിത്തറയിട്ട കൃതികളാണ്.

സി.വി രാമന്‍പിള്ള

സി.വി.രാമന്‍പിള്ള (1858-1922) 1858-ല്‍ തിരുവനന്തപുരത്ത് ജനിച്ചു.  മലയാളത്തിലെ ഇതിഹാസ കാവ്യങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്നതാണ് സി.വി യുടെ ആഖ്യായികകള്‍.  അത്രത്തോളം മഹത്വമേറിയ കൃതികള്‍ മലയാളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല എന്ന് പറയാം.  തന്റെ സാഹിത്യ സൃഷ്ടികളിലൂടെ തിരുവിതാംകൂറിന്റെ പഴയകാല ചരിത്ര സംഭവങ്ങള്‍ വര്‍ണ്ണശോഭയോടെ സി.വി അവതരിപ്പിച്ചു. സര്‍ഗ്ഗാത്മകപ്രതിഭകളുള്ള ഒരു പുതിയ തലമുറയ്ക്ക് നേതൃത്വം കൊടുത്ത സാംസ്കാരിക നായകനെന്ന നിലയ്ക്കും സി.വിയുടെ നാമം എക്കാലവും ജ്വലിച്ചു നില്‍ക്കും. ”രാമരാജാബഹദൂര്‍”, “മാര്‍ത്താണ്ഡ വര്‍മ്മ”, “ധര്‍മ്മരാജാ” എന്നീ ചരിത്രനോവലുകള്‍ തിരുവിതാംകൂര്‍ രാഷ്ട്രീയ ചരിത്രത്തെ പശ്ചാത്തലമാക്കി രചിച്ചവയാണ്.

രാജാരവി വര്‍മ്മരാജാരവി വര്‍മ്മ

ചിത്രമെഴുത്ത് കോയിത്തമ്പുരാന്‍ എന്ന പേരില്‍ വിശ്വവിഖ്യാതിയാര്‍ജ്ജിച്ച രാജാരവി വര്‍മ്മ (1848-1906), കിളിമാനൂര്‍ രാജകുടുംബാംഗമായിരുന്നു.  ജന്മസിദ്ധമായ വാസനയും നിരന്തരമായ അഭ്യാസവും കൊണ്ട് വളരെ വേഗം അദ്ദേഹം ഭാരതീയ ചിത്രകാരന്മാരുടെ മുന്‍നിരയിലേക്ക് കയറിച്ചെല്ലാന്‍ തക്ക പ്രാഗത്ഭ്യം നേടി.  അതിപ്രശസ്ത പാരമ്പര്യമുള്ള രാജകുടുംബത്തില്‍ ജനിച്ച രാജാരവിവര്‍മ്മ അമ്മാവനില്‍ നിന്നു തന്നെയാണ് ചിത്രരചനയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.  രവിവര്‍മ്മയില്‍ മൊട്ടിട്ട് നിന്ന കലാഭിരുചി വേണ്ടത്ര ഗ്രഹിച്ച ആയില്യം തിരുനാള്‍ മാഹാരാജാവാണ് ആവശ്യമായ പ്രേത്സാഹനം നല്‍കിയത്.  തിയഡോര്‍ജെന്‍സണ്‍ എന്ന പ്രസിദ്ധ ഡച്ച് എണ്ണച്ചായാ ചിത്രകാരന്റെ മാര്‍ഗ്ഗദര്‍ശിത്വം കൂടിയായപ്പോള്‍ രവിവര്‍മ്മ ആ രംഗത്തും അസാധാരണ പ്രാഗല്‍ഭ്യം ആര്‍ജിച്ചു. രവിവര്‍മ്മച്ചിത്രങ്ങള്‍ മദിരാശിയിലും, വിയന്നയിലും നടന്ന ചിത്രകലാ മത്സരങ്ങളില്‍ സമ്മാനാര്‍ഹമായതോടെ രവിവര്‍മ്മ ലോക പ്രശസ്തിയാര്‍ജ്ജിച്ചു. രവിവര്‍മ്മയുടെ രചനകള്‍ക്ക്  തിരുവനന്തപുരം ചിത്രാലയത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കി ഇന്നും ആദരിക്കുന്നു. ഭാരതീയ ചിത്രകലയെ പാശ്ചാത്യവല്‍ക്കരിച്ചത് രാജാ രവിവര്‍മ്മയാണ്.

മഹാകവി ഉള്ളൂര്‍

തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ സുബ്രഹ്മണ്യയ്യരുടേയും പെരുണ താമരശ്ശേരി ഇല്ലത്തെ ഭഗവതി അമ്മാളിന്റേയും മകനായി 1877 ജൂണ്‍ 5 ന് ജനിച്ചു. മഹാകവിത്രയത്തില്‍ ശ്രദ്ധേയനായ ഉള്ളൂര്‍ പരമേശ്വരയ്യര്‍ (1877-1949) സാഹിത്യചരിത്ര ഗവേഷകന്‍, പണ്ഡിതന്‍ എന്നീ നിലകളില്‍ തികഞ്ഞ ആദരവിനര്‍ഹനായി. അഞ്ചു വാല്യങ്ങളുള്ള സാഹിത്യ ചരിത്ര ഗ്രന്ഥമാണ് ഉള്ളൂരിന്റെ  ഗവേഷണ ഗ്രന്ഥങ്ങളില്‍ പ്രമുഖം.  പതിറ്റാണ്ടുകളുടെ തപസ്സ് ഇതിന്റെ രചനക്ക് വേണ്ടി വന്നു. ഇതു കൂടാതെ രാമചരിതം, കണ്ണശ്ശരാമായണം, ഉമാകേരളം, ഭക്തിദീപിക, കര്‍ണ്ണഭൂഷണം, പിംഗള തുടങ്ങിയ കൃതികള്‍ ഉള്‍പ്പെടെ മുപ്പതിലേറെ കൃതികള്‍ അദ്ദേഹം രചിച്ചു.  ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനം കൊണ്ട കവി, ദേശീയപ്രസ്ഥാനത്തിന്റെ മേഖലയിലും തന്റേതായ സംഭാവനകളര്‍പ്പിച്ചു. 1937 ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം മഹാകവി ബിരുദം സമ്മാനിച്ചു.

മഹാകവി കുമാരനാശാന്‍

കവിത്രയത്തില്‍ പ്രമുഖനായ കുമാരനാശാന്‍ (1873-1924) മണിപ്രവാളത്തിലാണ്ടു കിടന്ന മലയാളകവിതയെ ആധുനിക ഭാവുകത്വത്തിലേക്ക് നയിച്ചതില്‍ മുഖ്യസ്ഥാനമാണുള്ളത്. വള്ളത്തോളിനോടൊപ്പം മലയാള കവിതയെ വിശ്വമാനവികതയുടെ മണ്ഡലത്തിലേക്കെത്തിച്ച കാര്യത്തിലും പ്രഥമഗണനീയനാണ് ആശാന്‍. ശ്രേഷ്ഠങ്ങളായ ഖണ്ഡകാവ്യങ്ങളുടെയും, ഒട്ടേറെ ഭാവഗീതങ്ങളുടെയും കര്‍ത്താവെന്ന നിലയിലും മലയാള സാഹിത്യത്തില്‍ കുമാരനാശാന് സമുന്നതമായ ഒരു സ്ഥാനമുണ്ട്. മലയാളകാവ്യ സാഹിത്യശാഖയില്‍ ശ്രദ്ധേയങ്ങളായ കൃതികള്‍ രചിച്ച ആശാന്‍ 1922-ല്‍ വെയില്‍സ് രാജകുമാരനില്‍ നിന്നും പട്ടും, വളയും സ്വീകരിച്ചു.  മലയാളസാഹിത്യത്തില്‍ നവോത്ഥാന കാലഘട്ടത്തിനു പ്രാരംഭം കുറിച്ച മഹാകവി കുമാരനാശാന്‍ മലയാളഭാഷാ സാഹിത്യത്തിനു മുതല്‍ക്കൂട്ടേകുന്ന നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. വീണപൂവ്, നളിനി, ലീല, ശ്രീബുദ്ധചരിതം, കിളിപ്പാട്ട്, ബാലരാമായണം, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങിയ നിരവധി കൃതികള്‍ കുമാരനാശാന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1913 ല്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രതിനിധിയായി ശ്രീമൂലം പ്രജാസഭയില്‍ അംഗമായി.