ബി.എസ്.യു.പി.

ബി.എസ്.യു.പി. ബെനിഫിഷറീസ് സെലക്ഷന്‍

വീടുകളുടെ നിര്‍മ്മാണം

ഭൂമിയുടെ ഉടമസ്ഥത
ഭവന നിര്‍മ്മാണത്തിനുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ഭാര്യ/ഭര്‍ത്താവ് ഇവരില്‍ ആരുടെ പേരില്‍ ആയാലും ആനുകൂല്യം സ്ത്രീയുടെ പേരില്‍ അനുവദിക്കേണ്ടതാണ്. ഭൂമിയുടെ കൈവശാവകാശം പുരുഷന്റെ പേരില്‍ ആണെങ്കില്‍ കൈവശക്കാരനില്‍ നിന്നും സമ്മതപത്രം വാങ്ങിയാല്‍ മതിയാകും. അവിവാഹിതരായ പുരുഷന്മാരുടെ പേരില്‍ വീട് അനുവദിക്കാന്‍ പാടില്ല. പുറമ്പോക്കുകളിലാണ് വീടുകള്‍ പണിയുന്നതെങ്കില്‍ ഭൂമിയൂടെ കൈവശാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരിക്കണം വീടുകള്‍ അനുവദിക്കേണ്ടത്. ഇത് കെട്ടിട നിര്‍മ്മാണം അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂ.

വീടിനുള്ള പരമാവധി തുക
ഈ പദ്ധതി പ്രകാരം ടോയ്ലറ്റ് സൌകര്യം ഉള്‍പ്പെടെ, ഒരു വീടിന് പരമാവധി അനുവദിക്കുന്ന തുക 1,20,000/- രൂപയാണ്. അനുവദിക്കുന്ന തുകയുടെ ചുരുങ്ങിയത് 12% തുക ഗുണഭോക്ത്യ വിഹിതമായി കണ്ടെത്തണം. എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഗുണഭോക്ത്യവിഹിതം 10% ആണ്. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഗുണഭോക്ത്യ വിഹിതം നഗരസഭ വഹിക്കേണ്ടതാണ്. ഫണ്ട് വിതരണം ചെയ്യുന്നതിന് അനുവദനീയമായുള്ള ഗഡുക്കളുടെ വിശദാംശം പ്രത്യേകമായി ചേര്‍ത്തിട്ടുണ്ട്.

വീടിന്റെ വലിപ്പം
ഈ പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കുന്നതിനുള്ള ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തീര്‍ണ്ണം നിഷ്കര്‍ഷിക്കുന്നില്ല എങ്കിലും, നിര്‍മ്മിക്കുന്ന വീടിന്റെ തറ വിസ്തീര്‍ണ്ണം ഒരു കാരണവശാലും 30 ച: മീറ്ററില്‍ കുറയാന്‍ പാടില്ല. എന്നാല്‍ 60 ച: മീറ്ററില്‍ കുറയാന്‍ പാടില്ല. രണ്ട് മുറിയും അടുക്കളയും ടോയ്ലറ്റും ഉള്‍പ്പെട്ട രീതിയിലാണ് വീട് പണിയേണ്ടത്. വീട് പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഒറിജിനല്‍ ആധാരം 7 വര്‍ഷത്തേയ്ക്ക് ബന്ധപ്പെട്ട നഗരസഭകളില്‍ സൂക്ഷിക്കേണ്ടതാണ്.

ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്
ബി.എസ്.യു.പി. പദ്ധതിയില്‍ ചേരികളുടെ സമഗ്ര വികസനവും വ്യക്തിഗത വീടുകളുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു. വ്യക്തിഗത വീടുകളുടെ നിര്‍മ്മാണം നഗര പ്രദേശത്തിനുള്ളില്‍ നഗര പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലും നിര്‍മ്മിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. ഇപ്രകാരം വ്യത്യസ്ഥ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

ചേരിപ്രദേശം
തെരഞ്ഞെടുക്കപ്പെട്ടതും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ ചേരി പ്രദേശത്തിന് സമഗ്ര വികസത്തിന് ഭാഗമായി ചേരി പ്രദേശത്തിനുള്ളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിട സൌകര്യം ലഭ്യമാക്കണം.

നഗര പ്രദേശത്തിനുള്ളിലെ വ്യക്തിഗത വീടുകളുടെ നിര്‍മ്മാണം
ചേരി പ്രദേശത്തിന് പുറത്ത് നഗര പ്രദേശത്തിനുള്ളില്‍ വ്യക്തിഗത വീടുകളുടെ നിര്‍മ്മാണത്തിന് താഴെപറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

 1. ഗുണഭോക്ത്യ തെരഞ്ഞെടുപ്പിന് മുമ്പായി ഭവന നിര്‍മ്മാണത്തിനുവേണ്ടി തെരഞ്ഞെടുക്കേണ്ട പ്രദേശങ്ങള്‍ നിശ്ചയിക്കണം. പാവപ്പെട്ടവര്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.
 2. ഗുണഭോക്ത്യ തെരഞ്ഞെടുപ്പിനുവേണ്ടി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള 16.12.2004- ലെ 85/2004/ പ്ളാനിംഗ് നമ്പല്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
 3. ഭവന നിര്‍മ്മാണപദ്ധതിയില്‍ 30% വീടുകള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ/ പരമ്പരാഗത മത്സ്യതൊഴിലാളി വിഭാഗങ്ങള്‍ക്കായി നീക്കിവയ്ക്കണം. 3% ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിട്ടുള്ള അംഗങ്ങള്‍ക്കുള്ള കുടുംബങ്ങള്‍ക്കായി നീക്കിവയ്ക്കണം.
 4. അനുബന്ധമായി ചേര്‍ത്തിട്ടുള്ള ക്ളേശഘടക മാനദണ്ഡ പ്രകാരം മാര്‍ക്ക് ഇട്ടുവേണം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കേണ്ടത്. ഇതിനോടൊപ്പം നഗരസഭയ്ക്ക് യുക്തമെന്ന് തോന്നുന്ന മാനദണ്ഡങ്ങള്‍ കൂടി ചേര്‍ക്കാവുന്നതാണ്.
 5. ഗുണഭോക്ത്യ തെരഞ്ഞെടുപ്പിന് മുന്നാടിയായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വീടുകളുടെ എണ്ണവും, വീടിന് അനുവദിക്കുന്ന തുകയും, അതിന്റെ ഗഡുക്കളും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശം തെരഞ്ഞെടുത്ത മാനദണ്ഡവും വ്യക്തമാക്കിക്കൊണ്ട് അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കണം.
 6. അപേക്ഷ ക്ഷണിക്കുന്ന പ്രക്രിയയ്ക്ക് മതിയായ പ്രചാരണം നല്‍കണം. അപേക്ഷ ക്ഷണിക്കുന്ന വിവരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ രേഖാമൂലം അറിയിക്കണം.
 7. അപേക്ഷയില്‍ തന്ന ക്ളേശ ഘടകങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും അനുവദനീയമായ മാര്‍ക്കും രേഖപ്പെടുത്തിയിരിക്കണം.
 8. വീട് നല്‍കേണ്ടത് സ്ത്രീകളുടെ പേരില്‍ ആയിരിക്കണം. ഒരു കുടുംബത്തില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മാത്രമേ പുരുഷന്റെ പേരില്‍ വീട് അനുവദിക്കാന്‍ പാടുള്ളൂ.
 9. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകളും അവയ്ക്ക് നല്‍കിയ മാര്‍ക്കും കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി (സി.ഡി.എസ്) സംവിധാനത്തിലൂടെ അയല്‍ക്കൂട്ട ശ്യംഖല വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണം.
 10. നഗരസഭ നല്‍കിയ മാര്‍ക്കുകളും സി.ഡി.എസ്സിന്റെ അഭിപ്രായവും വാര്‍ഡ് സഭയില്‍ അവതരിപ്പിച്ച് വിശദമായി ചര്‍ച്ച ചെയ്തുവേണം ഗുണഭോക്ത്യ ലിസ്റ് അംഗീകരിക്കേണ്ടത്.
 11. വാര്‍ഡ് സഭ അംഗീകരിച്ച പട്ടിക പ്രകാരം മാത്രമേ ഭവന നിര്‍മ്മാണത്തിന് സഹായം അനുവദിക്കാവൂ.
 12. വാര്‍ഡ് സഭ അംഗീകരിച്ചു കഴിഞ്ഞാല്‍ പട്ടിക കൌണ്‍സില്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തേണ്ടതാണ്. അന്തിമ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളുടെ ബയോമെട്രിക് മാപ്പിംഗ് നടത്തുകയും, വിവര ശേഖരം അതാത് നഗരസഭകളില്‍ പില്‍ക്കാല ഉപയോഗത്തിനായി സൂക്ഷിക്കുകയും വേണം.