നാടകരംഗം

അമേച്വര്‍ നാടകവേദിയിലും ഈ നഗരം പണ്ടുകാലം മുതല്‍ക്കേ മുന്‍നിരയിലായിരുന്നു.  തമിഴ് നാടകങ്ങളായിരുന്നു ഒരുകാലത്ത് മലയാള നാടക രംഗത്തെ സ്വാധീനിച്ചിരുന്നത്. വള്ളിത്തിരുമണം, പവിഴക്കൊടി, ഗുലേബക്കാവലി തുടങ്ങിയ നാടകങ്ങളും കിട്ടപ്പ, ത്യാഗരാജഭാഗവതര്‍, സരസ്വതിഭായി-രത്നഭായി സഹോദരങ്ങളും ഒരുകാലത്ത് അരങ്ങു തകര്‍ത്തിരുന്നു. അക്കാലത്തു തന്നെ ചരിത്രപരമായി ഒട്ടൊക്കെ പ്രാധാന്യമര്‍ഹിക്കുന്നതും സാമൂഹികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവയുമായ ഔവ്വയാര്‍, ഗുമസ്ഥാവിന്‍പെണ്‍ എന്നീ നാടകങ്ങളും അവതരിപ്പിച്ചിരുന്നു. ‘മധുരദേവിബാലവിനോദ സംഗീത സഭ’ തമിഴ് നാടകവേദിയില്‍ അക്കാലത്തു ഒട്ടൊക്കെ അംഗീകാരം ആര്‍ജ്ജിച്ചിരുന്നു. രാജമാണിക്യത്തിന്റെ നാടകമാകട്ടെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയതും അടുക്കും ചിട്ടയുമൊപ്പിച്ച് രംഗസംവിധാനം ചെയ്തതുമാണ്.
വലിയ കോയിത്തമ്പുരാന്റെ ‘ശാകുന്തള’മാണ് മലയാള നാടക വേദിയില്‍ ഹരിശ്രീകുറിച്ചത്. കെ.സി.കേശവപ്പിള്ളയുടെ ‘സദാരാമ’ നിരവധി വേദികളിലവതരിപ്പിക്കുകയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഇക്കാലങ്ങളിലും തമിഴ് നാടകങ്ങള്‍ വിവിധ സംഘങ്ങള്‍ അവതരിപ്പിച്ചിരുന്നു. മഹാകവി കുമാരനാശന്റെ “കരുണ” സ്വാമി ബ്രഹ്മവ്രതനാണ് നാടകരൂപത്തില്‍ അവതരിപ്പിച്ചത്. ആ നാടകത്തില്‍ വാസവദത്തയുടെ വേഷമണിഞ്ഞ ഓച്ചിറ വേലുക്കുട്ടിയുടെ ഭാവാഭിനയം നാടകാസ്വാദകരെ ആകര്‍ഷിച്ചു. തുടര്‍ന്ന് തിക്കുറിശ്ശി സുകുമാരന്‍നായരുടെ ‘സ്ത്രീ’, ‘മായ’ തുടങ്ങിയ നാടകങ്ങള്‍ നാടകരംഗത്ത് നവോന്മേഷം പ്രദാനം ചെയ്തവയാണ്. സ്റ്റേജില്‍ നിന്ന് ഹാര്‍മോണിയവും, മൃദംഗവും മാറ്റി സ്ഥാപിച്ചതും തിക്കുറിശ്ശിയുടെ കാലത്താണ്. തിരുവനന്തപുരത്തുകാരെ നാടകപ്രിയരാക്കി മാറ്റാന്‍ തന്റെ നാടകത്തിലൂടെ സി.വി യ്ക്ക് നിഷ്പ്രയാസം കഴിഞ്ഞു. സി.വി.രാമന്‍പിള്ളയുടെ  ‘പ്രഹസന’ങ്ങളാണ് തിരുവനന്തപുരം നിവാസികളെ നാടകപ്രിയരാക്കിയത്. അന്നു നിലവിലിരുന്ന സാമൂഹ്യവ്യവസ്ഥയിലെ പരിഹാസപരമായ പ്രമേയങ്ങള്‍ ഗുണദോഷബുദ്ധിയോടെ രചിക്കപ്പെട്ട ആ നാടകങ്ങള്‍ അത്യന്തം ഫലിതമയമായിരുന്നു. ഇ.വി.ഷ്ണപിള്ളയുടെ വരവ് നാടകരംഗത്ത് നവചൈതന്യം പ്രദാനം ചെയ്തു. ഒരു കാലഘട്ടത്തിന്റെ വ്യക്തിത്വമായിരുന്ന ഇ.വി.കൃഷ്ണപിള്ളയുടെയും കര്‍മ്മമണ്ഡലം തിരുവനന്തപുരമായിരുന്നു. പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ പര്യാപ്തമായ ഇ.വി യുടെ നിരവധി നാടകങ്ങള്‍ വി.ജെ.ടി ഹാളില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്‍.പി.ചെല്ലപ്പന്‍ നായര്‍ പ്രഹസനമെന്ന സാമൂഹ്യ നാടകരൂപത്തിന്റെ പ്രചാരകരില്‍ പ്രമുഖനായിരുന്നു. കൈനിക്കര സഹോദരന്‍മാര്‍, ടി.എ.ഗോപിനാഥന്‍നായര്‍, ജഗതി എന്‍.കെ.ആചാരി, വീരരാഘവന്‍ നായര്‍ തുടങ്ങിയവര്‍ നല്കിയ സംഭാവനകളും വിലപ്പെട്ടതാണ്. നാടകരചയിതാക്കള്‍ക്കും, സംവിധായകര്‍ക്കും മാര്‍ഗ്ഗദര്‍ശനമേകിയ ആ രംഗത്തെ ഒരു ജീനിയസായിരുന്നു, പി.കെ.വിക്രമന്‍ നായര്‍. കെ.പി.എ.സി ഉള്‍പ്പെടെ ജനഹൃദയങ്ങളെ പുളകം കൊള്ളിച്ച നിരവധി നാടക സംഘങ്ങളുടെ പിന്നില്‍ പി.കെ.വിക്രമന്‍ നായരുടെ വിദഗ്ദ്ധഹസ്തം പ്രവര്‍ത്തിച്ചിരുന്നു. നാടകരംഗത്ത് ആഴവും പരപ്പുമുള്ള സാഹിത്യസൃഷ്ടികളിലൂടെ ആരാധ്യനായിതീര്‍ന്ന എന്‍.കൃഷ്ണപിള്ളയും പരീക്ഷണനാടകങ്ങള്‍ക്ക് കളമൊരുക്കിയ പ്രൊഫ. പി.ശങ്കരപ്പിള്ള തുടങ്ങി സി.എന്‍.ശ്രീകണ്ഠന്‍ നായര്‍, സി.ജെ.തോമസ്, കാവാലം, പി.കെ.വേണുക്കുട്ടന്‍ നായര്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍, വയലാ വാസുദേവന്‍ പിള്ള, ജി.ഗോപാലകൃഷ്ണന്‍ ‍എന്നിവര്‍ നല്‍കിയ സംഭാവനകളും വിലപ്പെട്ടതാണ്.
മലയാള നാടകവേദിയിലൂടെ ചലച്ചിത്രമേഖലയില്‍ ആധിപത്യമുറപ്പിച്ചവരും നിരവധി പേരുണ്ട്. തിക്കുറിശ്ശി, നാഗവള്ളി, വഞ്ചിയൂര്‍ മാധവന്‍ നായര്‍, മധു, സത്യന്‍, പ്രേം നസീര്‍, മോഹന്‍ലാല്‍, സണ്ണി, ജഗതി എന്‍.കെ.ആചാരി, ലളിത, പത്മിനി, രാഗിണി തുടങ്ങിയ പ്രതിഭാധനരുടെ പട്ടികയും ഏറെ നീണ്ടതാണ്. തമിഴ് നാടകവേദിയുടെ ആര്‍ഭാടപൂര്‍വമായ രംഗസജ്ജീകരണം മലയാള നാടകവേദിയ്ക്ക് ബാലികേറാമലയായിരുന്ന ഒരു കാലഘട്ടത്തിലാണ് കലാനിലയം കൃഷ്ണന്‍നായരുടെ നേതൃത്വത്തില്‍ അത്ഭുതകരമായ സെറ്റിംഗ്സും രംഗവേദിയുമായി ചരിത്രനാടകങ്ങള്‍ പ്രേക്ഷകസമക്ഷം അവതരിപ്പിച്ചത്. കൃഷ്ണന്‍ നായരുടെ സ്ഥിരം നാടകവേദി പതിനായിരകണക്കിനു നാടകപ്രേമികളെ ഹഠാദാകര്‍ഷിച്ചു. ജഗതി എന്‍.കെ.ആചാരിയാണ് കലാനിലയം നാടകങ്ങള്‍ അധികവും രചിച്ചിട്ടുള്ളത്.

ആക്ട് : മലയാള നാടകവേദിയില്‍ പ്രൊഫഷണല്‍ നാടകരംഗത്തെ കലാകാരന്‍മാര്‍ക്ക് ഒരു മത്സരവേദിക്ക് പ്രാരംഭം കുറിച്ചതും, അര്‍ഹതയുള്ളവരെ അറിഞ്ഞാദരിക്കുകയും ചെയ്യുന്ന ഒരു കലാ-സാംസ്കാരിക പ്രസ്ഥാനമാണ് ‘ആക്ട്’. മലയാളനാടക പ്രസ്ഥാനത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി യത്നിക്കുന്ന ഈ പ്രസ്ഥാനം 1971 മെയ് 22-ാം തീയതി തിരുവനന്തപുരത്ത് രൂപമെടുത്തു.