എക്സിക്യൂട്ടീവ്

സംസ്ഥാനഭരണത്തലവനായ ഗവര്‍ണറുടേയും സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയുടേയും മറ്റു വകുപ്പ് മന്ത്രിമാരുടേയും ഔദ്യോഗിക കാര്യാലയങ്ങള്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു. സംസ്ഥാന ഭരണസംവിധാനത്തിന്റെ നെടുന്തൂണുകളായ സെക്രട്ടേറിയേറ്റ,് വികാസ് ഭവന്‍, ഏജീസ് ഓഫീസ് തുടങ്ങിയ പ്രധാന സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയുടെ കാര്യാലയങ്ങളുടേയും പ്രവര്‍ത്തനകേന്ദ്രം തിരുവനന്തപുരമാണ്. മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടും സംസ്ഥാന സര്‍ക്കാരിനെ നയിച്ചുകൊണ്ടു മുഖ്യമന്ത്രിയും, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതിന് മറ്റ് മന്ത്രിമാരും അവര്‍ക്ക് കീഴില്‍ സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വിപുലമായ ഭരണക്രമത്തിന്റെ കേന്ദ്രമാണ് തലസ്ഥാനനഗരമായ തിരുവനന്തപുരം.

പബ്ളിക് റിലേഷന്‍സ് വകുപ്പ്
ഗവ.സെക്രട്ടറിയേറ്റിനോടനുബന്ധമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പബ്ളിക് റിലേഷന്‍സ് വകുപ്പ് കേരള സംസ്ഥാന രൂപീകരണത്തോടെയാണ് പ്രാധാന്യം കൈവരിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും ഡെപ്യൂട്ടി ഡയറക്ടര്‍മാരും 2 അഡീഷണല്‍ ഡയറക്ടറും കള്‍ച്ചറല്‍ ഡയറക്ടറും അടങ്ങുന്ന ഈ വിഭാഗത്തിന്റെ മേധാവി പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ആണ്. മുഖ്യമന്ത്രിയുടെ നേരിട്ടുളള നിയന്ത്രണത്തിലുളള വകുപ്പിന്റെ മേധാവി ഗവണ്‍മെന്റില്‍ എക്സ് ഒഫീഷിയോ അഡീഷണല്‍ സെക്രട്ടറി കൂടിയാണ്. കേരള പിറവിയോടെ എം. ഗോവിന്ദന്‍ ഈ വകുപ്പില്‍ ഉദ്യോഗസ്ഥനായി. പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ സൂത്രധാരന്‍, പ്രഥമ ഡയറക്ടര്‍  എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന വി ആര്‍ നാരായണന്‍ നായരെ തുടര്‍ന്ന് ജി വിവേകാനന്ദന്‍, തോട്ടം രാജശേഖരന്‍, കെ അശോകന്‍, ജി എന്‍ പണിക്കര്‍ എന്നിവര്‍ സേവനമനുഷ്ഠിച്ചിരുന്നു.

ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്സെക്രട്ടറിയേറ്റ്
ഭരണക്രമത്തിന്റെ നവീകരണത്തിന് 1811 ല്‍ (കൊല്ല വര്‍ഷം 996) റാണി ലക്ഷ്മിബായിയും കേണല്‍ മണ്‍റോയും ചേര്‍ന്നു ചില നൂതനപദ്ധതികള്‍ ആവിഷ്ക്കരിച്ചു. റവന്യു, ധനകാര്യം, നീതിന്യായം, പോലീസ്, സൈന്യം എന്നിങ്ങനെ മര്‍മ്മപ്രധാനങ്ങളായ വകുപ്പുകള്‍ക്ക് അവര്‍ രൂപം നല്‍കി. ബ്രിട്ടീഷിന്ത്യയില്‍ നിലവിലിരുന്ന ഭരണക്രമം നടപ്പാക്കാനാണ് മണ്‍റോ ആഗ്രഹിച്ചത്. ഹജൂര്‍, പബ്ളിക് ഓഫീസ്, പുത്തന്‍ കച്ചേരി എന്നീ പേരുകളിലാണ് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ആദ്യം അറിയപ്പെട്ടിരുന്നത്. ഹസൂര്‍ എന്ന അറബിഭാഷാപദത്തിന് ഭരണകേന്ദ്രം എന്നാണര്‍ത്ഥം.ഡല്‍ഹിസുല്‍ത്താന്‍മാരുടെ ഭരണകാലത്ത് തിരുവിതാംകൂറുമായുളള കത്തിടപാടുകളില്‍ ‘ഹസൂര്‍’ എന്നാണ് രേഖപ്പെടുത്താറുണ്ടായിരുന്നത്. പകിടശാല എന്നും ഹജൂര്‍ കച്ചേരി ഒരു കാലത്ത് അറിയപ്പെട്ടിരുന്നു. ഹജൂര്‍ കച്ചേരിയുടെ വികസിതരൂപമാണ് ഇപ്പോഴത്തെ ഗവ.സെക്രട്ടറിയേറ്റ്. ഈ മന്ദിരമാണ് തിരുവിതാംകൂറിന്റെയും, തിരുക്കൊച്ചിയുടെയും, ഇപ്പോള്‍ കേരളത്തിന്റെയും ഭരണസിരാകേന്ദ്രം.

വികാസ് ഭവന്‍
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ കേന്ദ്രമാണിവിടം. എം എല്‍ എ ക്വാര്‍ട്ടേഴ്സിനും പി.എം.ജി ഓഫീസിനും മധ്യേയാണ് വികാസ് ഭവന്‍ നിലകൊളളുന്നത്. 1972 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ വികാസ്ഭവന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചൂ. കോളേജിയറ്റ് എഡ്യൂക്കേ ഷന്‍, കൃഷി, വ്യവസായം, വാണിജ്യം, ഫിഷറീസ്, സാമൂഹ്യക്ഷേമം, സൈനികക്ഷേമം, മൃഗസംരക്ഷണം, ലോട്ടറി, പൊതുമരാമത്ത്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് തുടങ്ങിയ നിരവധി ഓഫീസുകളുടെ ആസ്ഥാനവുമാണ് വികാസ്ഭവന്‍.

ഏജീസ് ഓഫീസ്
ഭരണഘടനാ ജന്യമായ ഉന്നത ഔദ്യോഗിക പദവിയാണ് കണ്‍ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലില്‍ (സി.എ.ജി) നിക്ഷിപ്തമായിരിക്കുന്നത്. ഇന്ത്യന്‍ പ്രസിഡന്റിനാല്‍ നിയമിക്കപ്പെടുന്ന സി.എ.ജി യുടെ ഭരണകാലാവധി 6 വര്‍ഷമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും യൂണിയന്‍ ടെറിറ്ററി പ്രദേശങ്ങളുടേയും കണക്കുകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുകയും കൃത്യമായ റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റു മുഖാന്തിരം ലോക്സഭയിലും ഗവര്‍ണര്‍ മുഖാന്തിരം സംസ്ഥാന നിയമ സഭയിലും എത്തിക്കയാണ് സി.എ.ജി യുടെ മുഖ്യ ചുമതല. സുപ്രീം കോടതി ജഡ്ജിക്കു തുല്യമായ പദവിയാണ് സി.എ.ജി ക്കു ഭരണഘടന നല്‍കിയിരിക്കുന്നത്. ഭരണഘടനയുടെ 149 മൂതല്‍ 151 വരെയുളള ആര്‍ട്ടിക്കിളുകളില്‍ സി.എ.ജിയുടെ അധികാരങ്ങളും ചുമതലകളും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള കമ്പനികളൂടേയും കോര്‍പ്പറേഷന്റെയും കണക്കുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയെന്നതും സി.എ.ജി യുടെ പ്രവര്‍ത്തന പരിധിയില്‍പ്പെടുന്നു. സംസ്ഥാനങ്ങളില്‍ സി.എ.ജി യ്ക്കു വേണ്ടി പ്രസ്തുത ചുമതലകള്‍ അക്കൌണ്ടന്റ് ജനറല്‍ ആണ് നിര്‍വ്വഹിക്കുന്നത്. സ്വാതന്ത്യപ്രാപ്തിയോടെ അക്കൌണ്ട്സും ഓഡിറ്റും വിപുലമാകുകയും പഞ്ചവത്സരപദ്ധതി പ്രവര്‍ത്തനമാരംഭി ക്കുകയും ചെയ്തു. ആദ്യത്തെ അക്കൌണ്ടന്റ് ജനറല്‍ കെ. ഗോവിന്ദ മേനോന്‍ ആയിരുന്നു. എസ് രാമയ്യ, ജെ ആര്‍ സൂരി, ഡി എം കുര്യാക്കോസ്, എസ് വാസുദേവന്‍ തുടങ്ങിയ നിരവധി പ്രമുഖന്‍മാര്‍ കേരള അക്കൌണ്ടന്റ് ജനറല്‍മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 01/03/1984 ല്‍  ഭരണ സൌകര്യത്തിനായി ആഡിറ്റിങും ആഡിറ്റും വേര്‍പ്പെടുത്തി പ്രത്യേകം അക്കൌണ്ടന്റ് ജനറല്‍മാരുടെ നിയന്ത്രണത്തില്‍ കൊണ്ടു വന്നു.തലസ്ഥാന നഗരിയില്‍ ആദ്യമായി അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് പ്രവര്‍ത്ത നമാരംഭിച്ചത് ഇപ്പോഴത്തെ ഏജീസ് ഓഫീസ് വളപ്പില്‍, ആദ്യകാലത്തെ ലോ കോളേജ് പ്രവര്‍ത്തിച്ചിരുന്ന ഓടിട്ട ഇരുനില കെട്ടിടത്തിലായിരുന്നു.    

കോര്‍പ്പറേഷനുകളും ബോര്‍ഡുകളും
കേരളത്തില്‍ പൊതുമേഖലയില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍, ഇലക്ട്രോണിക് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍) തുടങ്ങി നൂറിലധികം കോര്‍പ്പറേഷനുകള്‍ നിലവിലുണ്ട്. ഇവയില്‍ പലതിന്റേയും ആസ്ഥാനം തിരുവനന്തപുരമാണ്. വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനപുരോഗതി കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, കേരള ലൈവ് സ്റോക്ക് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, കേരള ഇന്‍ലാന്റ് ഫിഷറീസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, കോക്കനട്ട് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, റൂറല്‍ ഡവലപ്പ്മെന്റ് ബോര്‍ഡ്, ബിവറേജസ് കോര്‍പ്പറേഷന്‍, ബാംബു കോര്‍പ്പറേഷന്‍, ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ എന്നിങ്ങനെ വിവിധ കോര്‍പ്പറേഷനുകള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. വ്യവസായങ്ങള്‍ക്കു ദീര്‍ഘകാല വായ്പ അനുവദിക്കുന്ന ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, ഹാന്റിക്രാഫ്റ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, കേരള ഓട്ടോ മൊബൈല്‍ ലിമിറ്റഡ്, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, ടെക്സ്റയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, മെട്രോപൊളിറ്റന്‍, എഞ്ചിനീയറിംഗ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍, കേരള സ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, ഹൌസിങ് ബോര്‍ഡ്, കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, കേരള ഫിഷര്‍മെന്‍ വെല്‍ഫെയര്‍ കോര്‍പ്പറേഷനുകള്‍ എന്നിവ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. പ്രശസ്തമായ ഗവണ്‍മെന്റ് ചിട്ടി സ്ഥാപനമായ കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ചിട്ടി കൂടാതെ ഹയര്‍ പര്‍ച്ചേസ് മേഖലയിലും പ്രവര്‍ത്തിക്കുന്നു. മറ്റൊരു തൊഴിലധിഷ്ഠിത സര്‍ക്കാര്‍ സ്ഥാപനമായ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നിരവധി പേര്‍ക്ക് ഖാദി, കരകൌശലം, തേനീച്ച വളര്‍ത്തല്‍ മുതലായ മേഖലയില്‍ തൊഴില്‍ പരിശീലനവും നല്‍കുന്നു.ഏജീസ് ഓഫീസ്, അഗ്രികള്‍ച്ചറല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്,സതേണ്‍ എയര്‍ കമാന്‍ഡ്,ആള്‍ ഇന്ത്യാ റേഡിയോ,ഡയറക്ടര്‍ ഓഫ് സെന്‍സസ് ഓപ്പറേഷന്‍സ്,പി.എം.ജി. ഓഫീസ്,കോസ്റ് ഗാര്‍ഡ് , ഇന്‍കം ടാക്സ് ഓഫീസ,് ദൂരദര്‍ശന്‍ കേന്ദ്രം,എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ,നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ്നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്സ്,പാസ്പോര്‍ട്ട് ഓഫീസ,പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ,സതേണ്‍ റെയില്‍വേ,എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ,ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ്  ടെക്നോളജി ,സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍,മിലിട്ടറി ക്യാമ്പ്, പാങ്ങോട് .ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്ന വിവിധ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ ആസ്ഥാനം തിരുവനന്തപുരമാണ്.

ജില്ലാ കളക്ടറേറ്റ് 
സംസ്ഥാന ഭരണസംവിധാനത്തില്‍ ഭരണത്തെ പൊതുജനങ്ങളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് ജില്ലാ റവന്യു വകുപ്പ്. ആധുനിക ഭരണ സമ്പ്രദായത്തിന്റെ തുടക്കത്തില്‍ തന്ന നിലവില്‍ വന്ന പേഷ്ക്കാര്‍ സ്ഥാനം പിന്നീട് ജില്ലാ കളക്ടര്‍ ആയി. കളക്ടറുടെ കീഴില്‍ താലൂക്ക് ഓഫീസുകളും വില്ലേജ് ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ജില്ലാ കളക്ടര്‍ ഐ എ എസ് ഓഫീസറാണ്. ഭൂമി കൈമാറ്റം, പാട്ടം, ഭൂമി തര്‍ക്കം, സര്‍വ്വേ, ഭൂനികുതി തുടങ്ങി നിയമസമാധാനം, പ്രകൃതി ക്ഷോഭക്കെടുതിയനുഭവിക്കുന്നവര്‍ക്കുളള ധനസഹായം, അഗതി പെന്‍ഷന്‍, പൊതു വിതരണം, പൊതു തെരഞ്ഞെടുപ്പ് എന്നീ കാര്യങ്ങള്‍ കളക്ടറുടെ നിയന്ത്രണത്തിലാണ്. തിരുവനന്തപുരത്തെ വഞ്ചിയൂരിലുണ്ടായിരുന്ന കളക്ടറേറ്റ ആസ്ഥാനം ഇപ്പോള്‍ കുടപ്പനക്കുന്നിലാണ പ്രവര്‍ത്ഥിക്കുന്നത്..

താലൂക്ക് ഓഫീസ്
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടുന്നത് തിരുവനന്തപുരം താലൂക്കിലാണ്..ആറ്റിപ്ര, , ചെറുവയ്ക്കല്‍, ഉളളൂര്‍, പട്ടം, , കവടിയാര്‍, കുടപ്പനക്കുന്ന്, പേരൂര്‍ക്കട,ശാസ്തമംഗലം, തൈക്കാട്, പേട്ട, വഞ്ചിയൂര്‍, കടകംപളളി, മണക്കാട ,മുട്ടത്തറ, , തിരുമല, തിരുവല്ലം, നേമം എന്നിവയാണ് താലൂക്കിലുള്‍പ്പെടുന്ന നഗരസഭയിലെ റവന്യു വില്ലേജുകള്‍. ഫോര്‍ട്ടിലാണ് താലൂക്കാഫീസ് സ്ഥിതി ചെയ്യുന്നത്. തഹസീല്‍ദാരിനാണ് ഭരണച്ചുമതല.

അറിയാനുളള അവകാശം
തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ ഭരണപരമോ വികസനപരമോ നിയന്ത്രണപരമോ ആയിട്ടുളള ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദരേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്‍മാര്‍ക്കുളള അവകാശം. കേരളാ മുന്‍സിപ്പാലിറ്റി ആക്ട്24 അദ്ധ്യായം എ വകുപ്പുകള്‍ 517-എ, ബി, സി, ഡി, ഇ എന്നിവയില്‍ അനുബന്ധച്ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.