സാമാന്യ വിവരങ്ങള്‍

 തിരുവനന്തപുരം നഗരസഭ1877-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് കണ്‍സര്‍വന്‍സി (ശുചിത്വപാലനം) വകുപ്പ് ആരംഭിച്ചു. കോട്ടയ്ക്കകം, ചാല, ശ്രീവരാഹം, മണക്കാട്, പേട്ട എന്നീ 5 ഡിവിഷനുകളായി തിരുവനന്തപുരം ടൌണിനെ വിഭജിച്ചു. തുടര്ന്ന് തിരുവനന്തപുരം ടൌണ്‍ ഇംപ്രൂമെന്റ് കമ്മിറ്റി രൂപം കൊണ്ടു. കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ദിവാന്‍ പേഷ്ക്കാര്‍ ഇരവിപേരൂര്‍ പിള്ളയായിരുന്നു.19 പേര്‍ കമ്മിറ്റിയിലുണ്ടായിരുന്നു. 1920-ല്‍ തിരുവനന്തപുരം മുനിസിപ്പാലിറ്റി നിലവില്‍ വന്നു. രണ്ടു പതിറ്റാണ്ടു കാലം കഴിഞ്ഞ് ശ്രീ ചിത്തിരതിരുനാളിന്റെ ഭരണ കാലത്ത് തിരുവനന്തപുരം മുനിസിപ്പാലിറ്റി തിരുവനന്തപുരം കോര്‍പ്പറേഷനായി. 1940 ഒക്ടോബര്‍ 30 വരെ മുനിസിപ്പാലിറ്റിയായിരുന്ന നഗരസഭ, കോര്‍പ്പറേഷനായപ്പോള്‍ അതിന്റെ ആസ്ഥാനം എം.ജി റോഡില്‍ എസ്.എം.വി. ഹൈസ്കൂളിനു എതിര്‍വശമായിരുന്നു. കോര്‍പ്പറേഷന്‍ രൂപമെടുത്തതോടെ നഗരത്തിന്റെ ആസൂത്രിതമായ വികസനത്തിനു സഹായകമാംവണ്ണം ബഹുമുഖ പരിപാടികള്‍ക്ക് ദിവാന്‍ സര്‍. സി.പി.രാമസ്വാമി അയ്യര്‍ രൂപം കൊടുത്തു. ആദ്യമേയര്‍ അന്ന് ചീഫ് സെക്രട്ടറിയായിരുന്ന സി.ഒ.മാധവനും, രണ്ടാമത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരപിതാവ് കരിമ്പുവിളാകം എം.ഗോവിന്ദപ്പിള്ളയുമായിരുന്നു.പ്രായപൂര്‍ത്തി വോട്ടവകാശം അക്കാലത്ത് നിലവിലില്ലായിരുന്നു. കരമൊടുക്കുന്നവര്‍ക്ക് ്  വോട്ടവകാശമുണ്ടായിരുന്നു.പ്രൌഢഗംഭീരമായ പുതിയ മന്ദിരത്തിന് 1962-മാര്‍ച്ച് മാസം 19-ാം തീയതി തിങ്കളാഴ്ച അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള തറക്കല്ലിട്ടു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 1966-ല്‍ പൂര്‍ത്തിയായി.  അന്തരിച്ച മുന്‍ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി 1966 ജൂണ്‍ 3-ാം തീയതി ഈ നഗരസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.