ജുഡീഷ്യറി

നീതിന്യായമേഖലയുടെ ചരിത്രം
ആദ്യകാലത്ത് നീതിന്യായകാര്യാദികള്‍ നിര്‍വ്വഹിച്ചിരുന്നത് സര്‍വ്വാധികാര്യക്കാരും, വലിയ സര്‍വ്വാധികാര്യക്കാരും, മേല്‍ വിചാരിപ്പുകാരും, ദളവായും മറ്റുമായിരുന്നു. റീജന്റായിരുന്ന റാണിലക്ഷ്മിഭായിയുടെ കാലത്ത് അത് പ്രാവര്‍ത്തികമായി. എങ്കിലും ശുചീന്ദ്രത്ത് തിളച്ച എണ്ണയില്‍ കൈമുക്കുന്ന പരീക്ഷയ്ക്ക് വിരാമമിടുന്നതിന് റാണി സന്നദ്ധയായില്ല. പത്മനാഭപുരം, തിരുവനന്തപുരം, കൊല്ലം, മാവേലിക്കര, പറവൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ കോടതികള്‍ സ്ഥാപിച്ചു. ധര്‍മ്മശാസ്ത്രവും, മാമൂലും ചട്ടവരിയോലകളും ആയിരുന്നു അന്നത്തെ നിയമങ്ങള്‍. ഈ കോടതികളെല്ലാം ദിവന്‍ജിക്ക് അധീനമായിരുന്നു. കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ച് വിവരം ദിവാന്‍ജിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ജഡ്ജിമാരെ ചുമതലപ്പെടുത്തിയിരുന്നു. കൊ. വ 990 ല്‍ ജില്ലാ കോടതി വിധിയിന്‍മേല്‍ അപ്പീല്‍ കേള്‍ക്കാന്‍ ഹജൂര്‍ അപ്പീല്‍ കോടതിക്ക് രൂപം കൊടുത്തു. ഇത് കൂടാതെ ഹജൂര്‍ കോടതിയും നിലവില്‍ വന്നു. സ്വാതിതിരുനാള്‍ മഹാരാജാവ് 1007:-മാണ്ട് നീതിന്യായമേഘലയില്‍ വമ്പിച്ച നവീകരണം വരുത്തി. മുന്‍സിഫ് കോടതികള്‍ രാജ്യത്തിന്റെ പലയിടങ്ങളിലും സ്ഥാപിച്ചു. ഭരണത്തില്‍ ദിവാന്‍ജിയെ സഹായിക്കുവാന്‍ ബ്രിട്ടീഷ് സംസ്ഥാനത്തു നിന്നും വരുത്തിയ ഇട്ടിരാരിച്ച കണ്ടപ്പമേനോനെ ഹജൂര്‍ കച്ചേരിയില്‍ ദിവാന്‍ പേഷ്ക്കര്‍ ഉദ്യോഗത്തില്‍ നിയമിച്ചു. മഹാരാജാവിന്റെ നിര്‍ദ്ദേശമനുസരിച്ച് കണ്ടപ്പ മേനോന്‍ ഒരു നിയമസംഹിത “തിരുവിതാംകൂര്‍ നിയമം” എന്ന പേരില്‍ എഴുതിയുണ്ടാക്കി. 1011:-ല്‍ അത് പ്രാബല്യത്തില്‍ വന്നു. അന്നു നിര്‍മ്മിച്ച നിയമസംഹിതയാണ് ഇപ്പോഴത്തേയും നീതിന്യായഭരണത്തിന്റെ അടിസ്ഥാന ബിന്ദു. അനന്തപുരിയുടെ കാലാതീത ശില്പചാതുരി വിളംബരം ചെയ്യുന്ന ഗോഥിക്ക് ഗ്രീക്ക് മാതൃകയില്‍ ചെങ്കല്‍ വര്‍ണ്ണത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള വഞ്ചിയൂര്‍ കോടതി മന്ദിരം ശ്രീമൂലം തിരുനാളിന്റെ കാലത്താണ് പണികഴിപ്പിച്ചത്. 
വഞ്ചിയൂര്‍ കോടതിമന്ദിരം
പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ന്യായാസനങ്ങളുടെ സംഗമവേദിയായ വഞ്ചിയൂരില്‍ സ്തൂപികകളോടുകൂടി ശിരസ്സുയര്‍ത്തിനില്‍ക്കുന്ന മഹാസൌധം ആരിലും കൌതുകം ജനിപ്പിക്കും. രാജവംശത്തിന്റെ അധീശാധികാരം നിലനിന്നിരുന്ന നാളുകളില്‍ ശ്രീമൂലവിലാസം ഹൈസ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പിന്നീട് തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ ആസ്ഥാനമായി മാറിയ വഞ്ചിയൂരിലെ കോടതി മന്ദിരം. തിരു:-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതോടെ ഹൈക്കോടതി എറണാകുളത്തേക്ക് മാറ്റി സ്ഥാപിച്ചു. തുടര്‍ന്നു ജില്ലാ:-സെഷന്‍സ് കോടതികള്‍ ഈ മന്ദിരത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അതുവരെ ഇപ്പോള്‍ ആയുര്‍വേദകോളേജ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ ഓലക്കെട്ടിടത്തിലായിരുന്നു ജില്ലാ സെഷന്‍ കോടതികളും മുന്‍സിഫ് കോടതിയും. തുടക്കത്തില്‍ ഹൈക്കോടതി ഹജ്ജര്‍ക്കച്ചേരിയുടെ ഒരു ഭാഗത്തായിരുന്നു പ്രവര്‍ത്തിക്കുന്നത്. മജിസ്ട്രേറ്റ് കോടതി കോട്ടയ്ക്കകത്ത് തെക്കേതെരുവിലും പ്രവര്‍ത്തിച്ചിരുന്നു. വളര്‍ന്നുപന്തലിച്ച വൃക്ഷങ്ങളും പൂമരങ്ങളും തണല്‍ വിരിച്ചുനില്‍ക്കുന്ന കോടതിയുടെ ഇന്നത്തെ അന്തരീക്ഷം നട്ടുച്ചയ്ക്കും സുഖശീതളിമ പകര്‍ന്നു നല്‍കുന്നു. കാഴ്ചബംഗ്ളാവും ആകാശവാണി നിലയവും കഴിഞ്ഞാല്‍ ഇത്രയേറെ തണല്‍ മരങ്ങള്‍ തിങ്ങി നിറഞ്ഞ മറ്റൊരു സങ്കേതമില്ലതന്ന. പ്രകൃതിമനോഹരമായ അന്തരീക്ഷം. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് താമസസൌകര്യത്തിനായി ക്വാര്‍ട്ടേഴ്സുകളുമുണ്ട്.ആദ്യകാലത്ത് നിയമബിരുദപഠനവും ബാര്‍ കൌണ്‍സിലുമുണ്ടായിരുന്നില്ല. ഹൈസ്കൂള്‍ പഠനം കഴിഞ്ഞു പ്ളീഡര്‍ ഷിപ്പ് പരീക്ഷ പാസാകുന്നവര്‍ ജഡ്ജിയെ സമീപിച്ചാല്‍ സന്നത് നല്‍കും. അങ്ങനെ അഭിഭാഷകരാകാം. അത്തരക്കാരില്‍ ശ്രദ്ധേയരായവരായിരുന്നു മന്നം, തകഴി, പൊന്നറ ശ്രീധര്‍ തുടങ്ങിയവര്‍. വെള്ളമുണ്ടും, കറുത്തകോട്ടും, വെളുത്ത തലപ്പാവുമായിരുന്നു വേഷം. ബിരുദധാരികളായ അഭിഭാഷകരുടെ വരവോടെ പാന്റ്സും കറുത്ത ഗൌണുമായി വേഷം. രാജവാഴ്ചക്കാലത്ത് ദിവാന്‍ജിയായിരുന്നു ജഡ്ജിമാരെ നിയമിച്ചിരുന്നത്. കുടുംബ മഹിമ, സ്വഭാവശുദ്ധി, വേദശാസ്ത്രപാ:ണ്ഡിത്യം, എന്നിവയൊക്കെയായിരുന്നു യോഗ്യതകള്‍. ഏകദേശം രണ്ടായിരത്തോളം അഭിഭാഷകര്‍  ഇവിടെ പ്രാക്ടീസ് ചെയ്യുന്നു. മൊത്തം 24 കോടതികള്‍ ഈ മന്ദിരത്തിലും പരിസരത്തിലും പ്രവര്‍ത്തിക്കുന്നു.

ഇതര പരാതി പരിഹാര കേന്ദ്രങ്ങള്‍

  • പെര്‍മനന്റ് ലോക് അദാലത്ത് ഫോര്‍ പബ്ളിക് യൂട്ടിലിറ്റി സര്‍വ്വീസസ്, വിവരാവകാശ കമ്മീഷന്‍ , ഉപഭോക്തൃ ഫോറം
  • വനിതാകമ്മീഷന്‍
  • മനുഷ്യാവകാശകമ്മീഷന്‍
  • ലോകായുക്ത