മഹാരാജാക്കന്മാരും കലാരംഗവും

സംഗീത-സാഹിത്യ-നൃത്തകലകളില്‍ മഹാരാജാക്കന്മാര് എക്കാലവും പുലര്‍ത്തിയിരുന്ന പ്രതിപത്തി പ്രശംസനീയമായിരുന്നു. പഴയ കലാരൂപങ്ങള്‍ക്ക് പുതുജീവന്‍ പ്രദാനം ചെയ്യുന്നതില്‍ രാജവാഴ്ചക്കാലത്ത് പ്രദര്‍ശിപ്പിച്ചിരുന്ന താല്പര്യത്തിനു ഉദാഹരണമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് നടത്തിവന്നിരുന്ന കലാപ്രദര്‍ശനങ്ങള്‍. ആ കലാരൂപങ്ങളില്‍ ചിലതെങ്കിലും ഇന്നു നാമാവശേഷമായിപ്പോയി. വിവിധതരം പാട്ടുകള്‍ക്കു പുറമേ, രാജവംശങ്ങള്‍ ഭരണം നടത്തിയ കാലത്ത് രാമചരിതം, ലീലാതിലകം, കൃഷ്ണഗാഥ, എഴുത്തച്ഛന് കൃതികള്‍, ചമ്പുക്കള്‍ , ആട്ടക്കഥകള്‍ തുടങ്ങി നിരവധി വിശിഷ്ടഗ്രന്ഥങ്ങളും ഭാഷാസാഹിത്യത്തെ സമ്പുഷ്ടമാക്കിക്കൊണ്ട് പ്രകാശിതങ്ങളായി. അതോടെ അക്ഷരമാല പൂര്‍ണ്ണത കൈവരിക്കുകയും ചെയ്തു. ഡച്ചു ഗവര്‍ണറായ വാന്റീസ് പ്രസാധനം ചെയ്ത സസ്യശാസ്ത്ര കൃതിയാണ് മലയാളത്തിലെ ആദ്യ ശാസ്ത്രകൃതിയെന്നു കരുതപ്പെടുന്നു.
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കുഞ്ചന്‍ നമ്പ്യാരെപ്പോലുളള കവികളെ അംഗീകരിച്ചാദരിക്കുന്നതില്‍ വേണ്ടത്ര താല്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. കാര്‍ത്തിക തിരുനാള്ധര്മ്മരാജാവിന്റെ കാലമായപ്പോഴേക്കും കുഞ്ചന്നമ്പ്യാര് പോലും മഹാരാജാവിന്റെ കഥകളിഭ്രമം കണക്കിലെടുത്ത് ആട്ടക്കഥാരചനയില്‍ വ്യാപൃതനായി‘ശംബരീശവധം’ തുടങ്ങിയ കഥകള്‍ രചിച്ചു. എന്നാല്‍ കഥയും സംഗീതവും സമഞ്ജസമായി സമ്മേളിച്ചവയാണ് ഉണ്ണായിവാര്യരുടെ നളചരിതം നാലു ദിവസത്തെ ആട്ടക്കഥകള്‍. ധര്‍മ്മരാജാവിന്റെ ഭാഗിനേയനായ അശ്വതി തിരുനാള്‍ രചിച്ച ‘അംബരീഷചരിതം’ ആട്ടക്കഥയും സംസ്കൃതചമ്പുഗ്രന്ഥങ്ങളും തികഞ്ഞ പ്രശംസയ്ക്കര്‍ഹമായി. ധര്‍മ്മരാജാവിന്റെ കൃതികളായ അംബരീഷചരിതം, സുഭദ്രാഹരണം, പൂതനാമോക്ഷം, രാജസൂയം, രുഗ്മിണി സ്വയംവരം, കല്യാണ സൌഗന്ധികം തുടങ്ങിയ കൃതികള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. നവരാത്രി ഉത്സവങ്ങളില്‍ കഥകളി നിര്‍ബന്ധമാക്കി.

ഷഡ്കാല ഗോവിന്ദമാരാരില് തുടങ്ങുന്ന സംഗീതജ്ഞരുടെ നീണ്ട പട്ടിക ഇന്ന് ശെമ്മാങ്കുടി ശ്രീനിവാസ അയ്യരിലും നെയ്യാറ്റിന്‍കര വാസുദേവനിലും എത്തി നില്ക്കുന്നു. സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് കലാസാഹിത്യ രംഗവും, വിദ്യാഭ്യാസ രംഗവും പുരോഗതിയുടെ പടവുകള്‍ പിന്നിട്ടു. ഇരയിമ്മന്‍തമ്പിയുടെ ‘ഓമനത്തിങ്കള്‍ക്കിടാവോ’ എന്ന താരാട്ടുപാട്ട് കേട്ടു വളര്‍ന്ന സ്വാതി തിരുനാള്‍ സംഗീതാദിസാഹിത്യ കലകള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയിരുന്നു. സംഗീത അദ്ധ്യാപകര്‍ക്ക് തഹസീല്ദാര്മാരേക്കാള് വേതനം നല്കി ആദരിച്ച മഹാനുഭാവനാണ് സ്വാതി തിരുനാള്‍ മഹാരാജാവ്. സ്വാതി തിരുനാളിനെ തുടര്‍ന്ന് അധികാരത്തില്‍ വന്ന ഉത്രം തിരുനാള്‍ കഥകളിയെന്ന കലാരൂപത്തിന് ഉറച്ച അടിത്തറ പാകി. കൊട്ടാരം കളിയോഗത്തിനു രൂപം കൊടുത്തു. കഥകളി വിചാരിപ്പുകാര്‍ എന്ന പദവിയും സൃഷ്ടിച്ചു. സ്വാതി തിരുനാളിന്റെ ഭരണകാലം ഗദ്യ-പദ്യസാഹിത്യങ്ങളുടെ നവോത്ഥാന കാലഘട്ടമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. ശാകുന്തളം നാടകം, സി.വി യുടെ മാര്‍ത്താണ്ഡവര്‍മ്മ, പി.ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം ഇവയെല്ലാം തിരുവനന്തപുരത്തു നിന്നാണ് പ്രകാശനം ചെയ്തത്.
ഭാഷാ സാഹിത്യത്തിന്റെ പുരോഗതിക്കു ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ നഗരങ്ങളിലൊന്നാണ് അനന്തപുരി. ശില്പഭംഗിയാര്ന്ന വിവിധ വാസ്തുശില്പങ്ങളും കൊത്തുപണികളും കൊണ്ട് സമൃദ്ധമാണ് ഈ പ്രദേശം. വിദ്യാഭ്യാസരംഗത്തും അനന്തപുരിയുടെ സ്ഥാനം എക്കാലവും മുന്‍നിരയിലാണ്. കലാസാഹിത്യ പാരമ്പര്യത്തിലും ഈ നഗരം ഒരിക്കലും പിന്നിരയിലായിരുന്നില്ല. നാടന്‍ പാട്ടുകളുടെ രംഗാവിഷ്ക്കരണം മുതല്‍ ആധുനിക സാഹിത്യ കൃതികളുടെ രചനയില്‍ വരെ ഈ നഗരത്തിന് പ്രാമുഖ്യം അവകാശപ്പെടാനാവും. വേണാടിന്റെ തനിമയാര്‍ന്നതാണ് തെക്കന്‍ പാട്ടുകള്‍. തെക്കന്‍ തിരുവിതാംകൂറില്‍ വില്ലടിച്ചാന്‍ പാട്ട് അല്ലെങ്കില്‍ വില്ലുകൊട്ടിപ്പാട്ട് എന്നൊരു കഥാഗാന സമ്പ്രദായം ഇന്നും പ്രചാരത്തിലുണ്ട്.
അയ്യിപ്പിള്ളി ആശാന്റെ രാമകഥാപാട്ട് അവതരിപ്പിച്ചിരുന്നത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇതര വിഷ്ണുക്ഷേത്രങ്ങളിലുമാണ്. ചന്ദ്രവളയത്തിന്റെ സഹായത്തോടെയാണ് രാമകഥാപാട്ട് പാടിവരുന്നത്. ഇരവിക്കുട്ടിപ്പിള്ളപ്പോര് പാട്ട്, പഞ്ചവങ്കാട്ടു നീലിപ്പാട്ട്, തെക്കന്‍ പാട്ടുകള്‍ എന്നിവയും സാധാണക്കാരില്‍ ഏറെ ആവേശം ഉണര്‍ത്തിയിരുന്നു.
തിരക്കുപിടിച്ച ഭരണകാര്യങ്ങള്ക്കിടയിലും കാളിദാസന്റേയും, ഷേക്സ്പിയറുടേയും നാടകങ്ങള്‍ പരിഭാഷപ്പെടുത്തിയും ശാകുന്തളം ഗദ്യവിവര്ത്തനത്തിലൂടെയും പ്രശംസക്കര്ഹനായത് ആയില്യം തിരുനാള്‍ ആയിരുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ പോലും കഥകളി അഭ്യസിക്കുന്നതിനു വേണ്ടി ഇന്നും കേരളത്തിലെത്തുന്നു.
ഇരയിമ്മന്‍ തമ്പിയുടെ താരാട്ട് കേട്ടുറങ്ങുകയും സ്വാതി തിരുനാളിന്റെ കീര്‍ത്തനങ്ങള്‍ കേട്ടുണരുകയും ചെയ്തിരുന്ന അനന്തപുരി അതിനും മുന്‍പ് പ്രതിഷ്ഠ നേടിയ മറ്റൊരു പാരമ്പര്യത്തിന് സാക്ഷ്യം വഹിച്ചിരുന്നു എന്നത് മറന്നുകൂടാ. കുഞ്ചന്‍ നമ്പ്യാരുടേയും രാമപുരത്ത് വാര്യരുടെയും ഉണ്ണായി വാര്യരുടെയും പാരമ്പര്യം ആണത്. നമ്പ്യാരുടെ തുള്ളലില്‍ ആര്‍ത്തുല്ലസിക്കുകയും വാര്യരുടെ വഞ്ചിപ്പാട്ടിനു താളം പിടിക്കുകയും ചെയ്ത സഹൃദയ ലോകം ഉണ്ണായിയുടെ കലാസാക്ഷാല്ക്കാരമായ നളചരിതം ആടി ചിട്ടപ്പെടുത്തിയതില്‍ ആഹ്ലാദം കൊള്ളുകയും ചെയ്തു. ഷഡ്കാല ഗോവിന്ദമാരാരും വടിവേലുനട്ടുവനും ഏറെക്കാലം സംഗീത സാന്ദ്രമാക്കിയ ഈ നഗരം കലാസാംസ്കാരിക രംഗത്ത് എക്കാലവും മുന്‍നിരയിലായിരുന്നു.