ഗ്രന്ഥശാലാസംഘം ഓഫീസ്

പബ്ളിക് ലൈബ്രറി വളപ്പിന്റെ ഒരു ഭാഗത്ത് സാംസ്കാരിക പ്രവര്‍ത്തകരുടെ തീര്‍ത്ഥാടനകേന്ദ്രം പോലെ കേരളഗ്രന്ഥശാലാസംഘം (കേരള ലൈബ്രറി കൌണ്‍സില്‍ ആസ്ഥാനം) ഓഫീസ് നിലകൊള്ളുന്നു. നാലായിരത്തിലധികം വരുന്ന ഗ്രന്ഥശാലകളുടെ ഭരണസംവിധാനം നിയന്ത്രിക്കുന്ന കേന്ദ്ര ഓഫീസ് കൂടിയാണിത്. സംഘത്തിന്റെ പ്രസിദ്ധീകരണമായ ‘ഗ്രന്ഥലോക’ത്തിന്റെ ഓഫീസും, പ്രസും, കോണ്‍ഫറന്‍സ് ഹാളും ഓഫീസ് ജീവനക്കാരുമെല്ലാം തിങ്ങിനിറഞ്ഞ ഈ അന്തരീക്ഷം ഒറ്റ നോട്ടത്തില്‍ നാട്ടിന്‍പുറത്തെ വില്ലേജ് ഓഫീസിന്റെ പ്രതീതി ജനിപ്പിക്കും. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കേരളത്തിലെ ഒരു കുഗ്രാമത്തില്‍ അന്ന് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന പി.എന്‍.പണിക്കര്‍ എന്ന ‘ചെറിയ, വലിയ’ മനുഷ്യന്‍ വിരലിലെണ്ണാവുന്ന സഹപ്രവര്‍ത്തകരുമൊന്നിച്ചു തെളിച്ച നുറുങ്ങുവെളിച്ചം കേരളത്തിലുടനീളം പ്രകാശമെത്തിച്ച മഹാദീപമായ് വളരുകയായിരുന്നു.