പ്രസിദ്ധീകരണങ്ങള്‍

 ലിഖിതങ്ങളുടെ ചരിത്രം
 
ചുരുണകള്‍ - മതിലകം രേഖകള്‍
കടലാസ് പ്രചാരത്തില്‍ വരുന്നതിനു മുന്‍പ് പനയോല മുറിച്ച് പുഴുങ്ങി പാകപ്പെടുത്തി മഞ്ഞള്‍പുരട്ടി ഉണക്കി അതില്‍ നാരായം കൊണ്ടെഴുതിയിരുന്നു. ഇപ്രകാരമുള്ള ഓലക്കരണങ്ങളെ ‘ചുരണകള്‍’ എന്നും സര്‍ക്കാര്‍ രേഖകളെ ‘മതിലകം രേഖകള്‍’ എന്നും വിളിച്ചിരുന്നു. 1863-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവ് കടുദാസ (കടലാസ്) നിര്‍മ്മിക്കുന്നതിന് മിസ്റ്റര്‍ മിട്ടനെ നിയമിച്ചു.

ഹസ്തലിഖിത ഗ്രന്ഥശാല
തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാല, വലിയ കൊട്ടാരം, ഗ്രന്ഥപ്പുര, കിളിമാനൂര്‍ കൊട്ടാരം, തൃപ്പൂണിത്തുറ - കൊടുങ്ങല്ലൂര്‍ കോവിലകങ്ങള്‍ എന്നിവിടങ്ങളില്‍ ആയിരത്തിലേറെ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരുന്നു. കേരള സര്‍വ്വകലാശാല രൂപമെടുക്കുന്നതിന് മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഹസ്തലിഖിത ഗ്രന്ഥശാല ഉടലെടുക്കുന്നത്. സംസ്കൃതത്തിലെ അപൂര്‍വ്വഗ്രന്ഥങ്ങള്‍, ആര്യമഞ്ജു, ശ്രീകല്പം, ശില്പരത്നം, അര്‍ത്ഥശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെ ഹസ്തലിഖിത ഗ്രന്ഥശാല സഹൃദയശ്രദ്ധ പിടിച്ചുപറ്റി. വിശാഖം തിരുനാളിന്റെ കാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന വലിയകൊട്ടാരം ഗ്രന്ഥപ്പുര, സംസ്കൃത-മലയാള ഭാഷകളിലെ 4000-ത്തോളം അമൂല്യ ഗ്രന്ഥശേഖരങ്ങള്‍ അടങ്ങുന്നതായിരുന്നു. ക്യൂറേറ്റര്‍ ഓഫീസ് പിന്നീട് രൂപം കൊണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ താളിയോല ഗ്രന്ഥാലയം ഇതായിരുന്നു. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം ഉള്‍ക്കൊള്ളുന്ന സ്ഥാപനം ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മാനൂസ്ക്രിപ്റ്റ് ലൈബ്രറി എന്ന പേരിലാണ് അറിയപ്പെടുന്നത്. മഹാകവി ഉള്ളൂരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മലയാളം ക്യൂറേറ്ററിന്റെ ഓഫീസും, ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും 1930 ല്‍ സംയോജിച്ച് ഡിപ്പാര്‍ട്ടുമെന്റ് ഫോര്‍ ദി പബ്ളിക്കേഷന്‍സ് ഓഫ് ഓറിയന്റല്‍ മാനുസ്ക്രിപ്റ്റ് എന്ന സ്ഥാപനം നിലവില്‍ വന്നു. 1937 ല്‍ ഈ സ്ഥാപനം കേരള സര്‍വ്വകലാശാലയുടെ നിയന്ത്രണത്തിലായി.

അനന്തപുരിയില്‍ കടലാസ് എത്തിയകഥ
ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് കടലാസ് (കടുദാസ്) നിലവില്‍ വന്നത്. കളിമണ്ണുമഷിക്കുപ്പിയില്‍ മൂര്‍ച്ച വരുത്തിയ കഴുകന്റെ തൂവല്‍ മുക്കി പേനയായി ഉപയോഗിച്ചിരുന്നു. കടലാസിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിളംബരം: “എന്തെന്നാല്‍ ഈ സംസ്ഥാനത്തെ സര്‍ക്കാര്‍ സംബന്ധമായി എല്ലാ റിക്കാര്‍ഡും കടലാസില്‍ ആക്കേണ്ടതിനെപ്പറ്റി ആലോചിച്ചു വരുന്നതു കൊണ്ട് കുടിയാനവന്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഹജ്ജൂര്‍ കച്ചേരിയിലാകട്ടെ, ഇതര സ്ഥാപനങ്ങളിലാകട്ടെ 1049-ാംമാണ്ട് ചിങ്ങമാസം ഒന്നാം തീയതി മുതല്‍ക്ക് ബോധിപ്പിക്കുന്ന ഹര്‍ജി മുതലായവ കടലാസില്‍ എഴുതി ബോധിപ്പിച്ചുകൊള്ളുകയും വേണം. 1048-ാം മാണ്ട് ഇടവം 15-ാം തീയതി വിളംബരം ദിവാന്‍ ശേഷയ്യാശാസ്ത്രി (ഒപ്പ്)”.

പത്രമാധ്യമങ്ങള്‍

പത്രപ്രവര്‍ത്തനരംഗം - ചരിത്രം
തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തന രംഗത്തിനു സംഭവബഹുലവും ഒരു നൂറ്റാണ്ടിലേറെക്കാലം നീളുന്നതുമായ ഒരു ചരിത്രമുണ്ടെന്നത് ശ്രദ്ധേയമാണ്. പത്രപ്രവര്‍ത്തന രംഗത്ത് നിര്‍ഭയത്വത്തിന്റെ പ്രതീകമായി കടന്നുവന്ന സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള കേരളത്തിലെ വിപ്ളവപ്രസ്ഥാനങ്ങളുടെ ജനയിതാവു കൂടിയായിരുന്നു. കാറല്‍ മാര്‍ക്സിനെക്കുറിച്ച് ആദ്യം കേരളത്തെ അറിയിച്ചതും അദ്ദേഹമാണ്. സ്വദേശാഭിമാനിയുടേയും കേസരി ബാലകൃഷ്ണപിള്ളയുടേയും കടന്നു വരവ് പത്രപ്രവര്‍ത്തന രംഗത്ത് പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ചു. പാശ്ചാത്യ സാഹിത്യ ലോകത്ത് സ്ഥിരപ്രതിഷ്ഠരായ സാഹിത്യനായകന്‍മാരെ കേരളീയ മനസ്സുമായി ബന്ധിപ്പിച്ചു നിര്‍ത്തിയതും കേസരിയാണ്. തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തനരംഗം സമഗ്രമായി വിലയിരുത്തുമ്പോള്‍ ആദ്യമായി സ്മരിക്കപ്പെടേണ്ട നാമമാണ് ബാരിസ്റ്റര്‍ ജി.പി.പിള്ളയുടേത്. പത്രപ്രവര്‍ത്തന രംഗത്ത് ആഗോള പ്രശസ്തിയാര്‍ജ്ജിച്ച ധീരസാഹസികനായ എം.ശിവറാമിനേയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിനോടനുബന്ധിച്ചുള്ള ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട്. സ്വദേശാഭിമാനിയുടെ മഹത്തായ സ്വാതന്ത്ര്യബോധവും ക്രാന്തദര്‍ശിത്വവും കേരളത്തെ സ്വാധീനിക്കുവാന്‍ പോന്നതായിരുന്നു. രാജവാഴ്ചക്കാലത്ത് ഒരര്‍ത്ഥത്തില്‍ സാഹിത്യ തമ്പുരാക്കന്‍മാരുടെ ‘കിടമത്സരത്തിന്’ വേദിയൊരുക്കുക എന്നതു മാത്രമായിരുന്നു പ്രധാനമായും പത്രപ്രവര്‍ത്തകരുടെ ധര്‍മ്മം. ബ്രിട്ടീഷ് ചക്രവര്‍ത്തിയേയും മഹാരാജാക്കന്‍മാരേയും കുറിച്ചുള്ള സങ്കീര്‍ത്തനങ്ങള്‍ എഴുതുവാനും, കൊട്ടാരത്തിനുള്ളിലെ പള്ളിക്കെട്ടിനേയും, പ്രസവവേദനയേയും, ഉണ്ണിപിറക്കലിനേയും കഥാഖ്യാനകൌശലത്തോടെ ചിത്രീകരിക്കുന്നതിലുമാണ് അക്കാലത്തെ വാര്‍ത്താമാധ്യമങ്ങള്‍ മുന്‍തൂക്കം കല്പിച്ചിരുന്നത്. ഈ കാലഘട്ടത്തിലാണ് നിര്‍ഭയരും നീതിമാന്‍മാരുമായ ബാരിസ്റ്റര്‍ ജി.പി.പിള്ളയും, കേസരിയും, സ്വദേശാഭിമാനിയുമെല്ലാം പത്രപ്രവര്‍ത്തനരംഗത്തേക്കു കടന്നുവരുന്നത്. ഈ മേഖലയില്‍ ‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്ന മുദ്രാവാക്യവുമായി കടന്നുവന്ന് ആധിപത്യമുറപ്പിച്ച മറ്റൊരു ഏകാന്ത സാഹസികനാണ് സി.വി.കുഞ്ഞുരാമന്‍.

ആദ്യപ്രസിദ്ധീകരണങ്ങള്‍
1914-ല്‍ ജി.രാമന്‍മേനോന്റെ പത്രാധിപത്യത്തില്‍ അധ്യാപക-രക്ഷാ കര്‍ത്താക്കള്‍ക്ക് മാര്‍ഗദര്‍ശനമേകുന്ന ‘അദ്ധ്യാപകന്‍’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. ആര്‍.ഈശ്വരപിള്ള, എം.രാമവര്‍മ തമ്പുരാന്‍, സി.ഐ.ഗോപാലപിള്ള, മഹാകവി ഉള്ളൂര്‍ തുടങ്ങിയവര്‍ അദ്ധ്യാപകനിലെ എഴുത്തുകാരായിരുന്നു. 1918-ല്‍ തിരുവനന്തപുരത്ത് നിന്നും കുന്നത്ത് ജനാര്‍ദ്ദനന്‍ മോനോന്‍ ആദ്യ പത്രാധിപരായി “സമദര്‍ശി” വാരിക പ്രസിദ്ധീകരിച്ചു. വി.നാരായണപിള്ളയുടെ ‘നവശക്തി’ എന്നിവയും ഒരു ഘട്ടത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രസിദ്ധീകരണങ്ങളായിരുന്നു. കെ.ആര്‍.ഇലങ്കത്തിന്റെ ‘ഭാരതകേസരി’, പി.നാരായണന്‍ നായരുടെ ‘അരുണോദയ’, സെന്നിന്റെ ‘കേരളപ്രഭ’ എന്നിവയും ഇവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. 1936-ല്‍ പി.അനന്തന്‍പിള്ളയുടെ പത്രാധിപത്യത്തില്‍ ‘സഹൃദയ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.
1925 കാലഘട്ടത്തില്‍ റീജന്റ് സേതു ലക്ഷ്മീബായിയാണ് രാജ്യം ഭരിച്ചിരുന്നത്. അന്നത്തെ ദിവാനായിരുന്ന എം.ഇ.വാര്‍ട്ട്സ് പത്രങ്ങള്‍ക്കു കടിഞ്ഞാണ്‍ ഇടുന്നതിന് പ്രസ് റെഗുലേഷന്‍ കൊണ്ടുവന്നു. തിരുവിതാംകൂര്‍ പ്രദേശത്തെ ആദ്യപത്രം 1848 നവംബറില്‍ പ്രസിദ്ധീകരണമാരംഭിച്ച “ജ്ഞാനനിക്ഷേപമാണ്”. ജോണ്‍ ഹോക്സ് വര്‍ത്ത് എന്ന മിഷനറിയാണ് പത്രാധിപര്‍. സാഹിത്യത്തിനു പ്രാധാന്യം നല്‍കുന്ന മാസിക എന്ന നിലയ്ക്കു 1881-ല്‍ “വിദ്യവിലാസിനി” പ്രകാശിതമായത്. വിശാഖം തിരുനാള്‍, കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍, സര്‍വ്വാധികാര്യക്കാര്‍ പി.ഗോവിന്ദപ്പിള്ള എന്നിവരായിരുന്നു വിദ്യാവിലാസിനിയുടെ അണിയറ ശില്പികള്‍. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ‘ശാകുന്തളം പരിഭാഷ’ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത് വിദ്യാവിലാസിനിയാണ്. മലയാള പത്രപ്രവര്‍ത്തനത്തിന് ഏതാണ്ട് ഒന്നര ശതാബ്ദക്കാലത്തെ പഴക്കമുണ്ട്. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ “രാജ്യസമാചാര”മാണ് മലയാളത്തിലെ ആദ്യപത്രമെന്ന അഭിപ്രായക്കാരുമുണ്ട്. മതപ്രചാരണം ലക്ഷ്യമാക്കിയ രാജ്യസമാചാരം 1847-ല്‍ തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിലെ പ്രസ്സില്‍ നിന്നുമാണ് പ്രസിദ്ധീകരിച്ചത്. ഇതേത്തുടര്‍ന്ന് ‘പശ്ചിമോദയം’ എന്ന മാസികയും ഗുണ്ടര്‍ട്ട് ആരംഭിച്ചു. 1881-ല്‍ ആരംഭിച്ച ‘കേരളമിത്ര’മാണ് മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രം. 1886-ല്‍ ആരംഭിച്ച ‘മലയാളി’ ദിനപ്പത്രത്തിന്റെ ആദ്യ പത്രാധിപര്‍ പേട്ടയില്‍ രാമന്‍പിള്ള ആശാരിയായിരുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ ‘ശരിയോ തെറ്റോ’, പറവൂര്‍ നാരായണന്‍ നായരുടെ ‘വികടന്‍’, ഉള്ളൂര്‍ കൃഷ്ണന്‍ നായരുടെ ‘വികട കേസരി’, മലബാര്‍ കെ.ദാമോദരന്‍, സി.ഉണ്ണിരാജാ, പവനന്‍ എന്നിവരുടെ പത്രാധിപത്യത്തില്‍ ‘നവയുഗവും’ ഏറെക്കാലം അനന്തപുരിയില്‍ പ്രചാരത്തിലിരുന്നു. പി.സുബ്ബയ്യപിള്ളയുടെ ‘ചിരി വീണ്ടും ചിരി’ ഹാസ്യമാസിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നഗരത്തിലെ പത്രങ്ങള്‍

കേരളകൌമുദി
മാതൃഭൂമി
മലയാള മനോരമ
ദേശാഭിമാനി
ദീപിക
ജന്മഭൂമി
സതേണ്‍സ്റ്റാര്‍
ഇന്ത്യന്‍ എക്സ്പ്രസ്
ദി ഹിന്ദു
മാധ്യമം

കേരളകൌമുദി
സാമൂഹികപരിഷ്ക്കര്‍ത്താവും ഗ്രന്ഥകാരനും സ്വാതന്ത്ര്യസമര   സേനാനിയുമായ സി.വി.കുഞ്ഞുരാമന്‍ 1918-ല്‍ മയ്യനാട്ടു നിന്നും വാരികയായി ആരംഭിച്ചതാണ് കേരളകൌമുദി. 1940-ല്‍ ദിനപത്രമായ കേരളകൌമൂദിയുടെ മാനേജിംഗ് എഡിറ്റര്‍ കെ.സുകുമാരന്‍ ആയിരുന്നു. ഈഴവ സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്ക് പ്രവര്‍ത്തിച്ച സി.വി.കുഞ്ഞുരാമന്‍ ദേശീയ പ്രസ്ഥാനത്തിലും സജീവമായി നേതൃത്വം കൊടുത്തു. ഇ.കെ.നായനാര്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞ കാലത്ത് കുറച്ചുനാള്‍ കേരളകൌമുദിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എം.എസ്.മണിയാണ് കേരള കൌമുദിയെ പുരോഗതിയുടെ മേഖലയിലേക്കു നയിക്കുകയും, പുതിയ പതിപ്പുകള്‍ ആരംഭിക്കുകയും, നിരവധി പുതിയ പ്രസിദ്ധീകരണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തത്. കലാകൌമുദി, വിമന്‍സ് മാഗസിന്‍, ഫിലിം മാഗസിന്‍, കഥാമാഗസിന്‍ തുടങ്ങിയവയാണ് മറ്റു പ്രസിദ്ധീകരണങ്ങള്‍. കേരളകൌമുദിയുടെ ഓഫീസ് പേട്ടയിലും കലാകൌമുദിയുടെ ഓഫീസ് കണ്ണമ്മൂലയിലും പ്രവര്‍ത്തിച്ചു വരുന്നു.

മാതൃഭൂമി
കോഴിക്കോട്ടു നിന്നും 1923-ല്‍ മാതൃഭൂമിയുടെ ആദ്യത്തെ പതിപ്പ് പുറത്തു വന്നു. ഒരു ത്രൈ വാരികയായിട്ടാണ് മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ചത്. കെ.പി.കേശവമേനോന്‍ ആയിരുന്നു ആദ്യത്തെ പത്രാധിപര്‍. ദിവാന്റെ സ്വേച്ഛാ ഭരണത്തെ വിമര്‍ശിച്ചതിന് ‘മാതൃഭൂമി’ തിരുവിതാംകൂറില്‍ കടത്തുന്നതിന് ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ നിരോധനം ഏര്‍പ്പെടുത്തി. 1962-ല്‍ മാതൃഭൂമി കൊച്ചി എഡിഷന്‍ ആരംഭിച്ചു. ഒരേ സമയം രണ്ട് എഡിഷന്‍ എന്ന ഖ്യാതിയും റോട്ടറി പ്രസ്സില്‍ ആദ്യം അച്ചടിച്ച പത്രം എന്ന ബഹുമതിയും മാതൃഭൂമി അര്‍ഹിക്കുന്നു. 1930-ലാണ് മാതൃഭൂമി ദിനപത്രമായത്. ഗൃഹലക്ഷ്മി, ചിത്രഭൂമി, സ്പോര്‍ട്സ് മാസിക, വിദ്യാരംഗം, സക്സസ് ലൈന്‍ (ഇംഗ്ലീഷ്), തൊഴില്‍ വാര്‍ത്ത എന്നിവയാണ് മറ്റു പ്രസിദ്ധീകരണങ്ങള്‍. പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തത്തോടെ പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായാണ് മാതൃഭുമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

മലയാള മനോരമ
കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയുടെ പത്രാധിപത്യത്തില്‍ 1890-ല്‍ കോട്ടയത്തു നിന്ന് ഒരു വാരികയായിട്ടാണ് മലയാള മനോരമ പ്രസിദ്ധീകൃതമായത്. 1928-ല്‍ മനോരമ ദിനപത്രമായി മാറി. സര്‍ സി പി യുടെ സ്വേച്ഛാധിപത്യത്തിനെതിരെ പ്രസിദ്ധീകരിച്ചതിന് സി പി മനോരമ കണ്ടുകെട്ടുകയും പത്രാധിപരെ തടങ്കലില്‍ ആക്കുകയും ചെയ്തു. മലയാള മനോരമ തിരുവനന്തപുരത്തിന്റെ ആസ്ഥാനം തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനടുത്താണ്. ഭാഷാ പോഷിണി, ദി വീക്ക്, ബാലരമ, വനിത, കര്‍ഷക ശ്രീ എന്നിവയാണ് മറ്റു പ്രസിദ്ധീകരണങ്ങള്‍.

ദേശാഭിമാനി
കേരളത്തിലെ ജന്മിത്തത്തിനും ചൂഷണത്തിനും എതിരെ സധൈര്യം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ദേശാഭിമാനി കോഴിക്കോട് നിന്നാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. ഇ.എം.എസ്സും, ഇ.കെ.നായനാരും, വി.എസ്.അച്യുതാനന്ദനും, വി.റ്റി.ഇന്ദുചൂഡനും, പി.ഗോവിന്ദപിള്ളയും മുഖ്യപത്രാധിപര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ച ദേശാഭിമാനിയുടെ തിരുവനന്തപുരം പതിപ്പ് തമ്പാനൂരില്‍ നിന്നാണ് ആരംഭിച്ചത്. ദേശാഭിമാനി വാരിക കലാ-സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണമെന്ന നിലയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

ദീപിക
സായാഹ്നങ്ങളില്‍ പുറത്തിറങ്ങുന്ന ‘രാഷ്ട്രദീപിക’ ദിനപത്രം തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് 1995 ഏപ്രില്‍ 21-ന് ആണ്. രാഷ്ട്രദീപികയുടെ ഹെഡ് ഓഫീസുള്ളത് കോട്ടയത്താണ്. തിരുവനന്തപുരം കൂടാതെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നു കൂടി പ്രസിദ്ധീകരിക്കുന്ന ഏറ്റവും വലിയ സായാഹ്ന ദിനപത്രമാണ് രാഷ്ട്രദീപിക. 1887-ല്‍ നസ്രാണി ജാത്യൈക്യ സംഘത്തിന്റെ നേതൃത്വത്തില്‍ ‘നസ്രാണി ദീപിക’ എന്ന പേരില്‍ കോട്ടയത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. 1927-ല്‍ ദീപിക എന്ന പേര്‍ സ്വീകരിച്ചു. ഒരു നൂറ്റാണ്ടു കാലത്തോളം സി.എം.ഐ (കത്തോലിക്ക സന്യാസസമൂഹം) ആയിരുന്നു ദീപികയുടെ നടത്തിപ്പുകാര്‍ . 1989-ല്‍ രാഷ്ട്ര ദീപിക എന്ന പേരില്‍ പബ്ളിക് ലിമിറ്റഡ് കമ്പനി ദീപികയുടെ ഭരണം ഏറ്റെടുത്തു. കുട്ടികളുടെ ദീപിക, കര്‍ഷകന്‍, രാഷ്ട്രദീപിക ആഴ്ചപതിപ്പ്, രാഷ്ട്രദീപിക, സിനിമ, സ്ത്രീധനം, ബിസിനസ് ദീപിക ഇന്റര്‍നാഷണല്‍ എന്നിവയാണ് മറ്റു പ്രസിദ്ധീകരണങ്ങള്‍.

ജന്‍മഭൂമി
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ സ്വന്തം സാന്നിദ്ധ്യം സജീവമായി തന്നെ നിലനിര്‍ത്തുന്ന ഒരു ദിനപത്രമാണ് ജന്‍മഭൂമി. അടിയന്തിരാവസ്ഥയുടെ നാളുകളില്‍ കുറച്ച് പിന്നോക്കം പോകേണ്ടി വന്നെങ്കിലും അടിയന്തിരാവസ്ഥയ്ക്കു ശേഷം ജന്‍മഭൂമി വളര്‍ച്ച കൈവരിക്കുകയും ഇന്ന് വായനക്കാരുടെ ഇടയില്‍ സാമാന്യം പ്രചാരം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

സതേണ്‍സ്റ്റാര്‍
1974-ലാണ് “സതേണ്‍സ്റ്റാര്‍” തൈക്കാട് രാജേന്ദ്രന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരണമാരംഭിച്ചത്. നിരവധി പത്രപ്രവര്‍ത്തകരുടെ ആദ്യകളരി എന്ന നിലയിലും “സതേണ്‍സ്റ്റാര്‍” പ്രാധാന്യമര്‍ഹിക്കുന്നു. 1982-ല്‍ ‘കേരളഹെറാള്‍ഡ്’ എന്ന പേരില്‍ ഒരു ഇംഗ്ളീഷ് ദിനപത്രവും പ്രസിദ്ധീകരണം ആരംഭിച്ചു. ആറുവര്‍ഷക്കാലം മുടങ്ങാതെ പ്രസിദ്ധീകരിച്ചുവെങ്കിലും 1988-ല്‍ പ്രവര്‍ത്തനം നിലച്ചു. 2 പതിറ്റാണ്ടിലേറെക്കാലമായി സതേണ്‍സ്റ്റാര്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ച് പോരുന്നു.

ഇന്ത്യന്‍ എക്സ്പ്രസ്സ്
പ്രഗത്ഭവ്യവസായിയും പത്രാധിപരുമായിരുന്ന രാമനാഥ് ഗോയങ്കയാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രശൃംഖലയുടെ സ്ഥാപകന്‍. അധികാരിവര്‍ഗ്ഗത്തെ വെല്ലുവിളിക്കുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ഒരു ദശാബ്ദം മുന്‍പ് കൊച്ചിയില്‍ നിന്നും ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച് തുടങ്ങി. തിരുവനന്തപുരം പതിപ്പ് 1995 ഒക്ടോബര്‍ 7-ാം തീയതി പുറത്തിറങ്ങി. ഗോയങ്ക മരിച്ചതോടെ സ്ഥാപനം 2 ആയി ഭാഗം വയ്ക്കപ്പെട്ടു. തെക്കന്‍മേഖലയ്ക്കും, വടക്കന്‍ മേഖലയ്ക്കും വെവ്വേറെ മാനേജ്മെന്റുകളാണിപ്പോള്‍.

ദി ഹിന്ദു
ഇംഗ്ളീഷ് ദിനപത്രങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് പുതിയ പതിപ്പ് ആരംഭിച്ച ആദ്യപത്രം “ദി ഹിന്ദു”വാണ്. 1995 മാര്‍ച്ച് 27 മുതല്‍ വള്ളക്കടവിലെ സ്വന്തം പ്രസ്സില്‍ നിന്നും ഹിന്ദുവിന്റെ തിരുവനന്തപുരം പതിപ്പ് പ്രസിദ്ധീകരണം ആരംഭിച്ചു. കേരളത്തിലെ ആദ്യത്തെ എഡിഷനും ഇതാണ്. അരശതാബ്ദത്തിലേറെക്കാലമായി ഹിന്ദുവിന്റെ തിരുവനന്തപുരം ബ്യൂറോ പ്രവര്‍ത്തിക്കുന്നു. കെ.എം.തമ്പി, റോയ് മാത്യു, എസ്.രംഗമണി എന്നിവരുള്‍പ്പെടുന്ന പ്രമുഖരായ നിരവധി പേര്‍ ഹിന്ദുവില്‍ പ്രവര്‍ത്തിക്കുന്നു. അന്തര്‍ദേശീയ നിലവാരമുള്ള ദി ഹിന്ദുവിന് ആഴ്ചയില്‍ ഓരോ ദിവസവും ഓരോ വിഷയത്തെപ്പറ്റി സപ്ളിമെന്റുണ്ട്. മദ്രാസിലെ കസ്തൂരി കുടുംബക്കാരാണ് ദി ഹിന്ദുവിന്റെ ഉടമസ്ഥര്‍.

മാധ്യമം
പിന്നോക്ക ന്യൂനപക്ഷ ദുര്‍ബല വിഭാഗങ്ങളുടെ അവകാശ സമരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന മാധ്യമം ദിനപത്രം 1987 ജൂണ്‍ 1-ന് കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. രണ്ടാമത്തെ എഡിഷന്‍ കൊച്ചിയില്‍ നിന്ന് 1993 ജൂലൈയില്‍ തൂടക്കം കുറിച്ചു. 1996 ഏപ്രില്‍ 15 മുതല്‍ തിരുവനന്തപുരത്ത് നിന്ന് മൂന്നാമത്തെ എഡിഷന്‍ ആരംഭിച്ചു. ഇതര പ്രസിദ്ധീകരണങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന മാധ്യമം ആരോഗ്യകരങ്ങളായ എല്ലാ ആശയങ്ങളുടേയും മുന്നില്‍ കവാടങ്ങള്‍ തുറന്നുകൊണ്ടാണ് അതിന്റെ പ്രയാണം തുടരുന്നത്. മാധ്യമത്തിന്റെ സ്ഥാപകന്‍ പി.കെ.ബാലകൃഷ്ണനായിരുന്നു.

പ്രസ്സ്

പ്രസ്സ് ക്ളബ്ബ്
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട്

പ്രസ്സ് ക്ളബ്ബ്
1967-ലാണ് പ്രസ്സ് ക്ളബ്ബ് സ്ഥാപിതമായത്. സെക്രട്ടറിയേറ്റിനു പിന്നില്‍ പ്രസ്സ് റോഡിലാണ് പ്രസ്സ് ക്ളബ്ബ് സ്ഥിതി ചെയ്യുന്നത്. ഏതെങ്കിലും മാധ്യമത്തില്‍ 2 വര്‍ഷം പ്രവര്‍ത്തിച്ച വ്യക്തിക്കു മാത്രമേ പ്രസ്സ്ക്ളബ്ബ് അംഗത്വം ലഭിക്കുകയുള്ളൂ. പത്രപ്രവര്‍ത്തന രംഗത്തുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍, പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം (മീറ്റ് ദ പ്രസ്) വാര്‍ത്താ സമ്മേളനം (പ്രസ് മീറ്റ്) തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

പ്രസ്സ് ക്ളബ്ബ് നല്‍കുന്ന അവാര്‍ഡുകള്‍ :

എം.ശിവറാമന്‍ അവാര്‍ഡ്
കെ.സി.സെബാസ്റ്റ്യന്‍ അവാര്‍ഡ്
കെ.മാധവന്‍കുട്ടി അവാര്‍ഡ്
സ്വദേശാഭിമാനി അവാര്‍ഡ്
ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്
മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ്
കാര്‍ട്ടൂണ്‍ അവാര്‍ഡ്
എന്‍.കൃഷ്ണമൂര്‍ത്തി അവാര്‍ഡ്
നാഷണല്‍ അവാര്‍ഡ് ഫോര്‍ ഇന്‍ഹൌസ് മാഗസിന്‍
ജി.വേണുഗോപാല്‍ അവാര്‍ഡ്

ഇപ്പോഴത്തെ പ്രസ്സ് ക്ലബ്ബ് ഭാരവാഹികള്‍ :-
പ്രസിഡന്റ്- കെ.ശ്രീകണ്ഠന്‍
സെക്രട്ടറി- ബി.പ്രസന്നന്‍

പ്രസ്സ്ക്ളബ്ബിലെ ഹാളുകള്‍ :-
ഫോര്‍ത്ത് എസ്റ്റേറ്റ് ഹാള്‍ (ഇതാണ് പ്രധാനപ്പെട്ട ഹാള്‍)
പ്രസ്സ് കോണ്‍ഫറന്‍സ് ഹാള്‍
പി.സി.സി.എന്‍. ഹാള്‍ (പി.സി.സുകുമാരന്‍ നായര്‍ ഹാള്‍)
ടോപ് ഹാള്‍
ഇതു കൂടാതെ പി.ആര്‍.ഡി പ്രവര്‍ത്തിക്കുന്നതും പ്രസ്സ്ക്ളബ്ബ് കെട്ടിടത്തിലാണ്.

പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

കേന്ദ്ര ഗവണ്‍മെന്റിന്റെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിന്‍ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സംസ്ഥാനഘടകം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിന്റെ നയപരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍ ഇവയെക്കുറിച്ച് പത്രമാധ്യമങ്ങള്‍ വഴി ജനങ്ങളില്‍ വിവരങ്ങള്‍ എത്തിച്ചു കൊടുക്കുക എന്നതാണ് പി ഐ ബി യുടെ മുഖ്യധര്‍മ്മം. ആകാശവാണി, ദൂരദര്‍ശന്‍ തുടങ്ങി ഇതരസര്‍ക്കാര്‍ മാധ്യമങ്ങളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാറുണ്ട്. 1968-ല്‍ തിരുവനന്തപുരത്ത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു. പ്രാരംഭ ഘട്ടത്തില്‍ ഫീല്‍ഡ് പബ്ളിസിറ്റി വിഭാഗത്തിന്റെ റീജിയണല്‍ ഓഫീസര്‍ തന്നെയാണ് പി ഐ ബിയുടേയും ചുമതല വഹിച്ചിരുന്നത്. കെ.എസ്.രാമമൂര്‍ത്തി, എം.എ.കുരുവിള എന്നിവരും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായിരുന്നു. പിന്നീട് റോസ്ക്കോട്ട് കൃഷ്ണപിള്ള, ദേവദാസ് വാര്യര്‍, എന്‍.കേശവന്‍നായര്‍ എന്നിവര്‍ ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറന്‍മാരായി സേവനമനുഷ്ഠിച്ചിരുന്നു.

ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസ്സ് ക്ളബ്ബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം 1968-1969 കാലഘട്ടത്തിലാണ് സ്ഥാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍ എം.ശിവറാമനായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതായിട്ട് ഒരു എഡിറ്റ് സ്യൂട്ടൂമുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി ഒരു ലൈബ്രറിയുമുണ്ട്. ഇന്‍ഫര്‍മേഷന്‍ റിസര്‍ച്ച് സെന്റര്‍ എന്നാണ് ഇതറിയപ്പെടുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന കോഴ്സുകള്‍ :-

ഡിപ്ളോമ ഇന്‍ ജേര്‍ണലിസം - ഒരു വര്‍ഷം
ഡിപ്ളോമ ഇന്‍ ഇലക്ട്രോണിക് ജേര്‍ണലിസം - ഒരു വര്‍ഷം
സിറ്റിസെന്‍ ജേര്‍ണലിസം - 6 മാസം

ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന നല്‍കുന്ന അവാര്‍ഡുകള്‍ :-
മനോരമ അവാര്‍ഡ്
മാതൃഭൂമി അവാര്‍ഡ്
കേരള കൌമുദി അവാര്‍ഡ്
എ.കെ.ഭാസ്കര്‍ അവാര്‍ഡ്
കെ.സി ജോണ്‍ മെമ്മോറിയല്‍ അവാര്‍ഡ്

നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ :-
മോണിംഗ് ബാച്ച് - 35
ഈവനിംഗ് ബാച്ച് - 33
ഇലക്ട്രോണിക് ജേര്‍ണലിസം - 22
സിറ്റിസെന്‍ ജേര്‍ണലിസം - 14

ആനുകാലികങ്ങള്‍ - പ്രസാധകര്‍

പുസ്തകശാലകളും പ്രസാധകരും

പുസ്തകപ്രസാധനരംഗം
എഴുത്തുകാരും പ്രസാധകരും വായനക്കാരും ചേര്‍ന്ന ഒരു ത്രിവേണി സംഗമമെന്ന് അനന്തപുരിയെ വിശേഷിപ്പിക്കാം. വിശ്വസാഹിത്യനായകരുടെ വേദിയിലേക്ക് കടന്നു ചെല്ലാനര്‍ഹതയുള്ള പ്രതിഭാധനന്‍മാര്‍ക്ക് ജന്മമരുളിയ നാടു കൂടിയാണിത്. പുസ്തകപ്രസാധന രംഗത്തും ആദ്യകാലം മുതല്‍ക്കേ ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചാണെങ്കിലും രംഗത്തുവന്ന നിരവധി പേരുണ്ട്. നഗരത്തിലെമ്പാടുമായി പ്രവര്‍ത്തിച്ചു പോരുന്ന നിരവധി പുസ്തകശാലകള്‍ വായനാഭിരുചിയുള്ള സഹൃദയരുടെ വലിപ്പത്തെയാണ് സൂചിപ്പിക്കുന്നത്. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ബുക്ക്സ്റ്റാളും (എന്‍ ബി എസ്), പുസ്തക പ്രസാധനരംഗത്ത് ഒരു ജീനിയസ് എന്നു വിശേഷിപ്പിക്കാവുന്ന സാഹിത്യകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ ഡി.സി.കിഴക്കേമുറിയുടെ നിയന്ത്രണത്തിലുള്ള കറന്റ് ബുക്സും സെക്രട്ടറിയേറ്റിന്റെ സമീപത്തായി പ്രവര്‍ത്തിക്കുന്നു.

വിദേശ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെ ഇംഗ്ളീഷ് പുസ്തകങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന രണ്ടു പുസ്തകശാലകളാണ് മോഡേണ്‍ ബുക്സും, പൈ ആന്‍ഡ് കമ്പനി ബുക്ക് സ്റ്റാളും. ആദ്യത്തേത് പുളിമൂട്ടിലും രണ്ടാമത്തേത് ആയുര്‍വേദ കോളേജിനു സമീപവും പ്രവര്‍ത്തിക്കുന്നു. ഇവയുടെ വിശാലമായ ഷോറൂമുകളില്‍ ലോകത്തിന്റെ ഏതുകോണിലും നിന്നും പ്രസിദ്ധീകരിക്കുന്ന മികച്ച ഇംഗ്ളീഷ് പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാണ്. സമീപത്തുള്ള സ്വാമി ബുക്സും പഴക്കമേറിയ ഭാസ്ക്കരന്‍ നായരുടെ ബുക്ക് സ്റ്റാളും പ്രസിദ്ധമാണ്. ഇവയില്‍ രണ്ടിലും പ്രധാനമായും ലഭ്യമാവുക പത്രമാസികകളാണ്. വിദ്യാഭ്യാസ സംബന്ധിയായ മികച്ച പുസ്തകങ്ങള്‍ ലഭിക്കുന്ന ഒരു പുസ്തകശാലയാണ് പുളിമൂട്ടിലെ അക്കാദമിക് ബുക്ക് ഹൌസ്. ഈ ഗണത്തില്‍പ്പെടുന്നവയായ പഴവങ്ങാടിയിലെ വിനായക ബുക്ക് സ്റ്റാളും ജയചന്ദ്ര ബുക്ക് ഡിപ്പോയും മികച്ച സ്ഥാപനങ്ങളാണ്. പുളിമൂട്ടിലെ ദേശാഭിമാനി ബുക്സ് സ്റ്റാള്‍ നിലവാരമുള്ള മറ്റൊരു പുസ്തകശാലയത്രെ. ഇന്‍ഡ്യാ ബുക്ക് ഹൌസ്, മാക്മില്ലന്‍ ആന്റ് കമ്പനി ഹിഗ്ഗിന്‍ ബോഥംസ് ഇവയ്ക്ക് സിറ്റിയില്‍ പുസ്തകശാലകളുണ്ട്. മറ്റനേകം വിവിധതരം പുസ്തക ശാലകള്‍ തലസ്ഥാന നഗരിക്ക് സാംസ്ക്കാരിക ശോഭയേകുന്നവയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവ പ്രവര്‍ത്തിക്കുന്നു. പുസ്തക പ്രസാധന രംഗത്ത് പരീക്ഷണകുതുകികളായി രംഗപ്രവേശം ചെയ്യുന്നവരും എണ്ണത്തിലേറെയുണ്ട്. അവരുടെ നായക പദവി പ്രഭാത് പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ് അര്‍ഹിക്കുന്നു. ഈ രംഗത്ത് കോണ്ടിനെന്റല്‍ ബുക്സ് ഉടമകള്‍ വഹിക്കുന്ന പങ്കും വിലപ്പെട്ടതാണ്. മികച്ച സംഭാവനകള്‍ ഈ മേഖലയിലര്‍പ്പിച്ചിരുന്ന ദേശബന്ധു പ്രസാധകരുടെ പ്രവര്‍ത്തനം നിലച്ചുപോയെങ്കിലും അവര്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. തലസ്ഥാന നഗരിയിലെ മിക്കവാറും കടകള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വില്പന നടത്തിപ്പോരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനു ശേഷമുണ്ടായ ഒരു പ്രത്യേകതയാണിത്. പ്രഭൂസ്, എസ്.കെ, ജയചന്ദ്ര, ഹിന്ദി ബുക് സ്റ്റാള്‍, ദര്‍ശന എന്നിവയും രാജവീഥിയ്ക്കരികിലായി നിലകൊള്ളുന്ന നിലവാരം പുലര്‍ത്തിപ്പോരുന്ന പുസ്തകശാലകളാണ്. പ്രഭാത് ബുക്ക് ഹൌസിന്റെ കേന്ദ്ര ഓഫീസും പ്രസിദ്ധീകരണശാലയും തിരുവനന്തപുരത്ത് വഞ്ചിയൂരിലാണ്.

മാതൃഭൂമി ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള ബുക്ക് സ്റ്റാളിനും കുന്നംകുളം ആസ്ഥാനമായുള്ള എച്ച്.ആന്റ്.സി സ്റ്റോഴ്സിനും തിരുവനന്തപുരത്ത് ശാഖകളുണ്ട്. ‘ദേശാഭിമാനിയുടെ’ തിരുവനന്തപുരം പതിപ്പ് അച്ചടിക്കുന്ന സ്ഥാപനമായ പി കൃഷ്ണപിള്ള മെമ്മോറിയല്‍ പ്രിന്റിംഗ് പബ്ളിഷിംഗ് പ്രൈവറ്റ് ലിമിറ്റഡും തലസ്ഥാനത്തെ പ്രമുഖ പ്രസാധകരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു. നിലവാരമുള്ള ബുക്കുകള്‍ പ്രസാധനം ചെയ്തിരുന്ന നവരാത്രി പബ്ളിഷിംഗ് ഹൌസിന്റെ ആസ്ഥാനവും തിരുവനന്തപുരത്താണ്. കൈരളി ബുക്സ് ഇന്റര്‍നാഷണല്‍ പ്രധാനമായും ഇംഗ്ളീഷ് പുസ്തകങ്ങളുടെ വില്പനയില്‍ മുഴുകിയിരിക്കുന്ന സ്ഥാപനമാണ്. ബാലന്‍ പ്രസിദ്ധീകരണവും വിശ്വവിജ്ഞാന കോശവും കൈരളിയെ ധന്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. ഏജുന്റുമാരിലൂടേയും ഇന്‍സ്റ്റാള്‍മെന്റ്  വ്യവസ്ഥയിലും വിശ്വവിജ്ഞാന കോശം, നിഘണ്ടുക്കള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന പ്രസാധകരും ഇന്ന് അനവധിയുണ്ട്. കേരള സര്‍വ്വകലാശാല, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സാംസ്ക്കാരിക പ്രസിദ്ധീകരണ വകുപ്പ്, ഉള്ളൂര്‍ പബ്ളിഷിംഗ്, ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ്വ വിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ വകയായും നിലവാരമുള്ള പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും പ്രസാധനം ചെയ്തു വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രസിദ്ധീകരണ വിഭാഗം പുസ്തകശാലയും പ്രസ്സ് റോഡില്‍ പ്രവര്‍ത്തിക്കുന്നു.
പുസ്തക മേളകള്‍ സംഘടിപ്പിച്ചു പുസ്തകച്ചന്ത നടത്തിയും പുസ്തക വ്യാപാരരംഗത്ത് ഒരു നവോന്‍മേഷം പ്രദാനം ചെയ്യുന്നതില്‍ പ്രമുഖ പ്രസാധകര്‍ അടുത്ത കാലത്തായി സജീവ താത്പര്യം പുലര്‍ത്തിപ്പോരുന്നുണ്ട്. പഴയ പുസ്തകങ്ങളും ആനുകാലികങ്ങളും വീഥിക്കരികില്‍ നിരത്തി വില്‍പ്പന നടത്തുന്ന വിഭാഗക്കാരും അടുത്തകാലത്തായി എണ്ണത്തിലേറെയുണ്ട്. കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്കിനു സമീപമാണ് ഇവരുടെ കേന്ദ്രം. പാളയത്തും സെക്രട്ടറിയേറ്റിനു സമീപത്തും ഇത്തരം വില്‍പ്പന കേന്ദ്രങ്ങളുണ്ട്. നൂറുകണക്കിനാളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട് ഇവിടമെല്ലാം. റെയില്‍വേ സ്റ്റേഷനും ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡുകളും എണ്ണത്തിലേറെ ബുക്ക് സ്റ്റാളുകളുടെ കേന്ദ്ര സ്ഥാനമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു പോരുന്നു.

ബുക്ക് ഹൌസ്

അക്കാദമിക് ബുക്ക് ഹൌസ്, പുളിമൂട് 2333349
സുകുമാര്‍ ബുക്ക് സ്റ്റാള്‍, ഓവര്‍ ബ്രിഡ്ജ് 2330500
ഭാരത് ബുക്സ് എംപോറിയം, ആയുര്‍വേദ കോളേജ് 2339586
കോണ്ടിനെന്റല്‍ ബുക്ക്സ്, എം ജി റോഡ് 2461426
ഹിഗ്ഗിന്‍ ബോഥംസ് (പ്രൈവറ്റ് ലിമിറ്റഡ്), എം ജി റോഡ് 2331622
പ്രഭാത് ബുക്ക് ഹൌസ്, പുളിമൂട് 2325518
പൈ ആന്‍ഡ് കോ, ആയുര്‍വേദ കോളേജ് 2330116
മോഡേണ്‍ ബുക്ക്സ് സെന്റര്‍, ഗാന്ധാരിയമ്മന്‍ കോവില്‍ റോഡ് 2331826
കറന്റ് ബുക്സ്, സ്റ്റാച്യൂ 2477693
ഡി സി ബുക്സ്, സ്റ്റാച്യു 2453379
നാഷണല്‍ ബുക്ക് സ്റ്റാള്‍ 2478881
ദേശാഭിമാനി ബുക്ക്ഹൌസ് 2330426
ചിന്ത പബ്ളിഷേഴ്സ് 2330426

 

 
 

സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍
 • ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്
  ജനപഥം (മലയാളം), കേരള കോളിങ് (ഇംഗ്ളീഷ് ), കേരള ഇന്റര്‍ഫേസ് (ഇംഗ്ളീഷ്), വികസന സമന്വയം (മലയാളം)
 • ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ്
  തൊഴില്‍ രംഗം
 • അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ്
  കേരള കര്‍ഷകന്‍
 • പഞ്ചായത്ത് ഡിപ്പാര്‍ട്ടുമെന്‍റ്
  പഞ്ചായത്ത് രാജ്
 • റൂറല്‍ ഡവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്
  ഗ്രാമഭൂമി
 • കേരള ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്
  വിജ്ഞാന കൈരളി
 • കോ ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്മെന്റ്
  സഹകരണ വീഥി
 • ഷെഡ്യൂള്‍ഡ് കാസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്
  പടവുകള്‍
 • വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റ്
  വിദ്യാരംഗം
 • വ്യവസായ വകുപ്പ്
  വ്യവസായ കേരളം
 • കെ.പി.എസ്.സി
  പി.എസ്.സി ബുള്ളറ്റിന്‍
 • വനം വകുപ്പ്
  ആരണ്യം

 

സെന്‍ട്രല്‍ ഗവണ്‍മെന്റ് പ്രസിദ്ധീകരണങ്ങള്‍

 • പബ്ളിക്കേഷന്‍ ഡിവിഷന്‍
  യോജന
 • പ്രതിരോധമന്ത്രാലയം
  സൈനിക് സമാചാര്‍
 • റബ്ബര്‍ ബോര്‍ഡ്
  റബ്ബര്‍
 • കയര്‍  ബോര്‍ഡ്
  കയര്‍
 • സ്പൈസസ് ബോര്‍ഡ്
  സ്പൈസസ് ഇന്ത്യ
സര്‍ക്കാര്‍ പ്രസിദ്ധീകരണസ്ഥാപനങ്ങള്‍

ഗവണ്‍മെന്റ് പ്രസ്സ്
സ്വാതി തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് വാനനിരീക്ഷണങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു പ്രസ്സ് പ്രവര്‍ത്തനം ആരംഭിച്ചു. വാനനിരീക്ഷണ നിലയത്തിലെ ആദ്യത്തെ മേധാവിയായിരുന്ന കാള്‍ഡിക്കോട്ട് ഒരു കല്ലച്ച് ഏറെക്കാലം ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത് ഇംഗ്ളണ്ടിലെ ഒരു പ്രസ്സില്‍ നിന്നും തിരുവനന്തപുരത്തെ ആദ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഇംഗ്ളീഷ് - മലയാളം കലണ്ടര്‍ പ്രസിദ്ധീകരിച്ചു. കൊല്ലവര്‍ഷം 1015 ലാണ് ആദ്യത്തെ ഇംഗ്ളീഷ് - മലയാളം കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. പില്‍ക്കാലത്തെ ഗവണ്‍മെന്റ് പ്രസ്സിന്റെ ഉത്ഭവം ഇവിടെ നിന്നാണ്.

സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്

സാംസ്കാരിക മൂല്യമുള്ള ഗ്രന്ഥങ്ങള്‍, മണ്‍മറഞ്ഞ മഹാന്മാരുടെ ജീവിത ഗ്രന്ഥങ്ങള്‍, വ്യാഖ്യാനം സഹിതമുള്ള ക്ളാസിക്കല്‍കൃതികള്‍, മറ്റു മഹാഗ്രന്ഥങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുവാന്‍ വേണ്ടി 1983 ജൂണ്‍ മാസത്തില്‍ സാംസ്ക്കാരിക പ്രസിദ്ധീകരണ വകുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
1964 ല്‍ ഭാരത സര്‍ക്കാര്‍ നിയമിച്ച കോത്താരി കമ്മീഷന്‍, രാജ്യത്തുള്ള എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസത്തിനുള്ള അധ്യയന മാധ്യമം അതാത് പ്രാദേശിക ഭാഷയിലായിരിക്കണം എന്ന് ശുപാര്‍ശ ചെയ്തു. 1968 ല്‍ വിദ്യാഭ്യാസത്തിനുള്ള അധ്യയന മാധ്യമം സര്‍വ്വകലാശാലകള്‍ക്കും പ്രാദേശിക ഭാഷയായിരിക്കണമെന്നു തീരുമാനിച്ചു. അതിന്‍പ്രകാരം പ്രാദേശിക ഭാഷയില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കേണ്ടി വന്നപ്പോള്‍ ഇംഗ്ളീഷില്‍ കൈകാര്യം ചെയ്തു വന്നിരുന്ന ശാസ്ത്ര സാങ്കേതിക പദാവലികള്‍ക്ക് സമാനമായി പ്രാദേശിക ഭാഷകളില്‍ പുതിയ പദാവലി കണ്ടെത്തുക പ്രയാസമായി. ഇതു പരിഹരിക്കുന്നതിന് കേന്ദ്രത്തില്‍ ഒരു ഭാരതീയ ഭാഷാ സ്ഥാപനവും സംസ്ഥാനങ്ങളില്‍ സ്റ്റേറ്റ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും സ്ഥാപിക്കുന്നതിന് തീരുമാനമുണ്ടായി. 1968 സെപ്തംബര്‍ 1 ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിനടുത്തുള്ള ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. വൈജ്ഞാനിക ഗ്രന്ഥങ്ങള്‍, ശബ്ദാവലികള്‍ എന്നിവ ഉള്‍പ്പെടുന്ന ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതായിട്ടുണ്ട്. സാംസ്കാരിക കേരളം എന്ന ഒരു ത്രൈമാസിക പ്രസിദ്ധീകരിച്ചു വരുന്നു. പ്രസിദ്ധീകരണങ്ങളുടെ വില്‍പനയ്ക്കായി കിഴക്കേകോട്ടയില്‍ ഒരു വില്‍പന ശാല പ്രവര്‍ത്തിച്ചു വരുന്നു. കേരള ബുക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിയും കൂടെ ഇതിനോടനുബന്ധിച്ച് രൂപീകരിച്ചു.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
കേരളത്തിലെ കുട്ടികളുടെ ഭൌതികവും മാനസികവുമായ വികസനം ലക്ഷ്യം വച്ചു കൊണ്ട് 1981 മെയ് 27 നു സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായി. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യപുസ്തകമായ “നമ്പ്യൂര്യച്ചനും മന്ത്രവും” 1981 നവംബര്‍ 14 ന് പ്രകാശനം ചെയ്തു. ബാലസാഹിത്യ സെമിനാറുകള്‍, ശില്പശാലകള്‍, സാഹിത്യസെമിനാറുകള്‍, സാഹിത്യോത്സവങ്ങള്‍, വിവര്‍ത്തനശിബിരങ്ങള്‍, ബാലസാഹിത്യദിനങ്ങള്‍ എന്നിവ ആചരിക്കുന്നു. തളിര് എന്ന ബാലമാസിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ്.