ആയോധനകല

ചരിത്രം
കേരളത്തിന്റെ പരമ്പരാഗത ആയോധനകലയായ കളരിപ്പയറ്റിന് പ്രചാരം കുറഞ്ഞിരുന്ന കാലഘട്ടത്തിലാണ് സി.വി.നാരായണന്‍ നായര്‍, സി.വി.ഗോവിന്ദന്‍കുട്ടി നായര്‍ എന്നിവര്‍ കളരി സംഘവുമായി തിരുവനന്തപുരത്ത് എത്തിയത്. വടക്കന്‍ പയറ്റു മുറകളില്‍ നിന്നാര്‍ജ്ജിച്ച അനുഭവസമ്പത്തുകളുമായി എത്തിയ അവര്‍ക്ക് ഇവിടെ പരീക്ഷണം നടത്താന്‍ ആവശ്യമായ സഹായസഹകരണങ്ങളും പ്രോത്സാഹനവും നല്‍കിയത് ഗോദവര്‍മ്മ രാജയാണ്. തിരുവനന്തപുരത്ത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഒരു വിളിപ്പാടകലെ നിലകൊള്ളുന്ന സി.വി.എന്‍ കളരിയും ഇതര സ്ഥാപനങ്ങള്‍ക്കുള്ള സ്ഥലവും കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള സാമ്പത്തിക സഹായവും നല്‍കിയത് ഗോദവര്‍മ്മ രാജയാണ്. സി.വി.എന്‍ കളരി ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകുന്ന തലസ്ഥാന നഗരിയിലെ ഒരു മര്‍മ്മ ചികിത്സാസ്ഥാപനമാണ്. നഗരത്തില്‍ പരമ്പരാഗത കളരിപ്പയറ്റ് പരിശീലന കേന്ദ്രങ്ങളും മര്‍മ്മചികിത്സാ കേന്ദ്രങ്ങളും  മുതല്‍ ആധുനിക കരാട്ടേ പഠനകേന്ദ്രങ്ങള്‍ വരെയുണ്ട്.
സി.വി.എന്‍ . കളരി
സി.വി.എന്‍ . കളരി
മര്‍മ്മചികിത്സയിലൂടെ അനേകം പേര്‍ക്ക് ആശ്വാസമേകുന്ന മികച്ച സ്ഥാപനമെന്ന നിലയില്‍ സി.വി.എന്‍ കളരിസംഘം പ്രാധാന്യമര്‍ഹിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയുള്ള കളരിപ്പയറ്റ് തുടങ്ങിയ സമരോത്സുക കലകളെ നിലനിര്‍ത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സി.വി.എന്‍ കളരിസംഘം വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. സി.വി.നാരായണന്‍ നായര്‍, സി.വി.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്ക് കളരി രംഗത്ത് മുന്നേറാന്‍ ആവശ്യമായ എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കിയത് തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ കേണല്‍ ഗോദവര്‍മ്മ രാജയായിരുന്നു.