ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍
1943-ല്‍ പാളയത്ത് നിന്ന് തിരുവനന്തപുരം റേഡിയോ സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് പ്രക്ഷേപണം ഉണ്ടായിരുന്നത്. 1947 മുതല്‍ ദിവസവും വൈകിട്ട് പ്രക്ഷേപണം തുടങ്ങി. 1950-ല്‍ തിരുവനന്തപുരത്തു നിന്നുമുള്ള റേഡിയോ പ്രക്ഷേപണം ആകാശവാണി ഏറ്റെടുത്ത് ഭക്തിവിലാസം ബംഗ്ളാവില്‍ പ്രവര്‍ത്തനം തുടങ്ങി. 1982-ല്‍ ഒരു കിലോവാട്ട് പവര്സ്റ്റേഷനായാണ് തിരുവനന്തപുരത്തെ കുടപ്പനക്കുന്നില്‍ നിന്ന് ദൂരദര്ശന് പ്രക്ഷേപണമാരംഭിച്ചത്. 1985-ല്‍ അത് 10 കിലോവാട്ട് പവര്‍സ്റ്റേഷനായി. 1993-ല്‍ സ്വകാര്യചാനലായ ഏഷ്യാനെറ്റ് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് സൂര്യ ടി.വി, കൈരളി ടി.വി, അമൃത ടി.വി, ഭാരത് ടി.വി, ജയ്ഹിന്ദ് ടി.വി എന്നിവ തിരുവനന്തപുരത്ത് നിലവില്‍ വന്നു. ഇന്ത്യാ വിഷന്‍, ജീവന് ടി.വി എന്നിവയുടെ ആസ്ഥാനം എറണാകുളമാണെങ്കിലും അവയ്ക്ക് തിരുവനന്തപുരത്ത് കേന്ദ്രങ്ങളുണ്ട്. 1943 മാര്‍ച്ച് 12-ാം തീയതി പ്രക്ഷേപണം ആരംഭിച്ച ആകാശവാണി വിനോദത്തിനും, വിജ്ഞാനത്തിനും വേണ്ടിയുള്ള പരിപാടികള്‍ ഇന്നും പ്രക്ഷേപണം ചെയ്യുന്നു. ഓള് ഇന്ത്യാ റേഡിയോയുടെ തിരുവനന്തപുരം സ്റ്റേഷന് ദിവസവും രാവിലെ 5.55 മുതല്‍ 11.5 പി എം വരെ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു. കാര്‍ഷിക മേഖല, ഗ്രാമവികസനം, അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പരിപാടികള്‍, ആരോഗ്യരംഗം, വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടി മറ്റു പല പരിപാടികളും റേഡിയോയിലൂടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വൈകുന്നേരവും ആകാശവാണി പ്രതിദിന പരിപാടികള്‍ ജനങ്ങളില്‍ എത്തിക്കുന്നുണ്ട്.
1982-ല്‍ ഒരു ചെറിയ ട്രാന്സ്മിഷന് യൂണിറ്റ് ടാഗോര്‍ തിയേറ്ററില്‍ ആരംഭിച്ചതോടെയാണ് ദൂരദര്ശന് ടെലിവിഷന്‍ സംപ്രേക്ഷണത്തിന് കേരളത്തില്‍ തുടക്കം കുറിച്ചത്. ആദ്യകാലങ്ങളില്‍ തിരുവനന്തപുരം സിറ്റിയില്‍ ഒതുങ്ങി നിന്ന സംപ്രേക്ഷണം ലോകത്ത് എവിടെയും ലഭ്യമാകുന്ന ഒന്നാണ്. കുടപ്പനക്കുന്നിലാണ് ദൂരദര്‍ശന്റെ ആസ്ഥാനം. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, ഇന്ഡ്യാവിഷന്, ജീവന്, അമൃത, മനോരമ ന്യൂസ്, ജയ്ഹിന്ദ്, ഭാരത് ടി വി സ്വകാര്യ ചാനലുകള്‍ എന്നീസ്വകാര്യ ചാനലുകള്‍ സാറ്റലൈറ്റിലൂടെ (1993) തിരുവോണ ദിവസം ഏഷ്യാനെറ്റ് ചാനലിനു പ്രാരംഭം കുറിച്ചു. കേബിള്‍ നെറ്റ്വര്‍ക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡുമായി സഹകരിച്ചാണ് പ്രാവര്‍ത്തികമാക്കിയത്. 25000 ഓളം പേര് ഏഷ്യാനെറ്റിന്റെ കേബിള്‍ ശൃംഖലയില്‍ 1995-കാലഘട്ടത്തില്‍ തന്നെ അംഗങ്ങളായി. 1994 ഒക്ടോബറില്‍ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡും ബോംബെയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ റഹേജാസും തമ്മില്‍ സാമ്പത്തിക കരാറില്‍ ഏര്‍പ്പെടുകയും റഹേജാസ് 50 ശതമാനം ഓഹരികള്‍ വാങ്ങുകയും ചെയ്തു.
അനന്തപുരി എഫ് എം റേഡിയോ (ആകാശവാണി), ക്ളബ്ബ് എഫ് എം റേഡിയോ (മാതൃഭൂമി എഫ് എം റേഡിയോ), റേഡിയോമിര്ച്ചി, സണ്‍ എഫ് എം, ബിഗ് എഫ് എം (റിലയന്‍സ്) എന്നീ എഫ്.എം റേഡിയോ ചാനലുകള്‍ നഗരത്തില്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു.