സംഗീതരംഗം

തിരുവനന്തപുരത്തിന്റെ സംഗീത പൈതൃകത്തെപ്പറ്റി പറയുമ്പോള്‍ ശ്രേഷ്ഠനായ ഭരണാധികാരി എന്ന നിലയില്‍ മാത്രമല്ല, സംഗീതാദിസുകുമാരകലകളിലും വിശ്വവിഖ്യാതിയാര്‍ജ്ജിച്ച സ്വാതിതിരുനാള്‍ മഹാസ്വാതി തിരുനാള്‍രാജാവിന്റെ നാമമാണ് ആരുടെയും മനസ്സില്‍ തെളിഞ്ഞു വരിക. സംഗീതകലയില്‍ ഈ നാടിന്റെ സംഭാവനകളെ ലോകമെമ്പാടും വ്യാപിപ്പിച്ചത് സ്വാതിതിരുനാളാണ്.  അദ്ദേഹത്തിന്റെ രാജധാനി ദക്ഷിണേന്ത്യയിലെ ഒരു സംഗീത കേന്ദ്രമായി മാറി. സംഗീതത്തിന്റെ മേഖലകളില്‍ കുലപതികളായി പരിഗണിക്കപ്പെടേണ്ട ആചാര്യന്‍മാരാണ് ശെമ്മാന്‍കുടി ശ്രീനിവാസയ്യരും, ജി.എന്‍.ബാലസുബ്രഹ്മണ്യവും. തിരുവനന്തപുരത്തെ സംഗീത പൈതൃകത്തെ വേണ്ടത്ര പരിപോഷിപ്പിച്ചിട്ടുള്ള മഹാപ്രതിഭകളെന്ന നിലയില്‍ അവരിരുവരും എക്കാലവും ആദരിക്കപ്പെടുന്നു. 1939-ല്‍ ശ്രീ ചിത്തിരതിരുനാള്‍ സ്ഥാപിച്ച സംഗീത അക്കാദമിയും, തമിഴ് വംശജരുമായുള്ള സമ്പര്‍ക്കവും സംഗീതകലയുടെ അഭിവൃദ്ധിക്കു പ്രചോദനമേകി. സ്വാതി തിരുനാളിന്റെ കാലമായിരുന്നു സംഗീതത്തിന്റെ വസന്തം. ഉത്തരേന്ത്യയില്‍ നിന്നുപോലും സംഗീത വിദ്വാന്‍മാര്‍ ഇവിടെ ആശ്രയം തേടിയെത്തി.  അക്കൂട്ടത്തിലൊരു ഗ്വാളിയോര്‍ ഗായകനും ഒരു മഹാരാഷ്ട്ര ഗായകനും (മേരുസ്വാമി) ഉണ്ടായിരുന്നു.  തഞ്ചാവൂര്‍ നിന്നും പാലക്കാട്ട് നിന്നും വന്നവര്‍ അനവധിയാണ്. അമ്പതിലേറെ ഗായകന്‍മാര്‍ക്ക് കൊട്ടാരത്തില്‍ നിന്ന് മാസശമ്പളം നല്‍കിയിരുന്നു. തിരുവിതാംകൂര്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗായകന്‍മാരിലൊരാളാണ് രാഘവയ്യര്‍.  ആയില്യം തിരുനാള്‍ മാഹാരാജാവിന്റെ സദസ്സിലുണ്ടായിരുന്ന രാഘവയ്യരും, മഹാവൈദ്യനാഥയ്യരും തമ്മില്‍ അക്കാലത്ത് ഒരു സംഗീത മത്സരം നടന്നു. മഹാവൈദ്യയെ (മഹാവൈദ്യനാഥയ്യര്‍) ഒന്നളന്നു വയ്ക്കണമെന്ന് ആയില്യം തിരുനാളിനു തോന്നി.  അങ്ങനെയാണ് അദ്ദേഹം മത്സരത്തിനു കളമൊരുക്കിയത്.  രാഘവയ്യരുടെ പാട്ട് കേട്ട് സദസ്യര്‍ ‘ബലേ രാഘവ ബലേ രാഘവ” എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ രാജാവ് കല്‍പ്പിച്ചു; “ആരും ശബ്ദിക്കരുത്!.  ശബ്ദിച്ചാല്‍ തല വീശിക്കളയും”.  കുറേ നേരം എല്ലാവരും മിണ്ടാതിരുന്നു കേട്ടു.  ഒടുവില്‍ സഹികെട്ട സദസ്യര്‍ നിശബ്ദതയെ പിളര്‍ന്നുകൊണ്ട് പൊടുന്നനെ വിളിച്ചു പറഞ്ഞു: “തലപോന്നാലും ബലേ രാഘവാ ബലേ രാഘവാ” എന്ന്.  ഈ ശൈലി അന്നുമുതലാണ് പ്രചരിച്ചത്. മത്സരത്തില്‍ രാഘവയ്യര്‍ തന്നെ ജയിച്ചതായി മഹാരാജാവ് പ്രഖ്യാപിക്കുകയും ചെയ്തു.
സംഗീതത്തിന്റെ മേഖലയില്‍ പില്‍ക്കാലത്ത് ശ്രദ്ധേയരായ നെല്ലായ് കൃഷ്ണമൂര്‍ത്തി, ചേര്‍ത്തല ഗോപാലന്‍ നായര്‍, പാറശ്ശാല പൊന്നമ്മാള്‍, മാവേലിക്കര പ്രഭാകരവര്‍മ്മ, കമുകറ പുരുഷോത്തമന്‍, നെയ്യാറ്റിന്‍കര വാസുദേവന്‍ തുടങ്ങിയ വേറെയും നിരവധി പേരുണ്ട്. തിരുവനന്തപുരം വലിയ കൊട്ടാരത്തില്‍ വച്ച് പതിവായി നടക്കുന്ന നവരാത്രി മഹോത്സവം തിരുവനന്തപുരത്തിന്റെ സംഗീത പൈതൃകത്തെ ഇന്നും ധന്യമാക്കികൊണ്ടിരിക്കുന്നു. ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിന്റെ സംഭാവനകളും ഇക്കാര്യത്തില്‍ വിലപ്പെട്ടതാണ്.