ആരാധനാലയങ്ങള്‍

ഹൈന്ദവ ദേവാലയങ്ങള്‍
മുസ്ലീം ദേവാലയങ്ങള്‍
ക്രൈസ്തവ ദേവാലയങ്ങള്‍
 

തെക്കന്‍ കേരളത്തിന്റെ പുരാതന ചരിത്രപാരമ്പര്യം ഉള്‍ക്കൊള്ളുന്ന പ്രസിദ്ധമായ ക്ഷേത്രങ്ങളും, മുസ്ളീം ദേവാലയങ്ങളും, ക്രിസ്ത്യന്‍ ആരാധനാലയങ്ങളും തിരുവനന്തപുരം നഗരത്തില്‍ ഇന്നും കാണാന്‍ കഴിയും. ഇവയില്‍ ഒട്ടു മിക്ക ആരാധനാലയങ്ങളും വാസ്തു ശില്പ കലയുടെ വൈദഗ്ദ്ധ്യം വിളിച്ചോതുന്നവയാണ്. ഹിന്ദു ദേവസ്വങ്ങളുടെ ഭരണം സായിപ്പിനെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പുള്ളതിനാല്‍ അക്കാലത്ത് ദേവസ്വം കമ്മീഷണറുടെ നിയമനം നടന്നു. ദേവസ്വം ഭരണം റീജന്റ് റാണിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ദേവസ്വം പരിധിയില്‍ നിന്നു മാറ്റി ബാക്കി ക്ഷേത്രങ്ങളുടെ ഭരണം കൊ.വ.1100-ല്‍ ദേവസ്വം കമ്മീഷണറെ ഏല്‍പിച്ചു. മഹാരാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കമ്മീഷണര്‍ ഭരണം നടത്തി. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷമാണ് ദേവസ്വം ബോര്‍ഡ് നിലവില്‍ വന്നത്. ഇസ്ളാം പ്രചാരണത്തിനായി അറബികള്‍ സ്ഥാപിച്ച പള്ളികളാണ് ഇന്നു കാണുന്ന മുസ്ളീം ദേവാലയങ്ങളുടെ തുടക്കമെന്ന് വിശ്വസിച്ചു പോരുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ വിവിധ ക്രിസ്തീയ സഭകളുടേതായ ആരാധനാലയങ്ങള്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും നിലവില്‍ വരുകയുണ്ടായി.

ഹൈന്ദവ ദേവാലയങ്ങള്‍

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
തിരുവല്ലം പരശുരാമ ക്ഷേത്രം
ആറ്റുകാല്‍ ക്ഷേത്രം
പഴവങ്ങാടി ഗണപതി ക്ഷേത്രം
ശ്രീവരാഹം ക്ഷേത്രം
വലിയശാല മഹാദേവ ക്ഷേത്രം
പാളയം ആഞ്ജനേയ ക്ഷേത്രം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം നഗരത്തിന്റെ ഉല്പത്തിയും, വളര്‍ച്ചയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം അവ്യക്തമാണ്. അതിപ്രാചീന കാലത്ത്ശ്രീ പത്മനാഭസ്വാമി ക്ഷേത്രം നിലനിന്നിരുന്ന ഒരു ജൈന ദേവാലയത്തിന്റെയോ നാഗാരാധനാ ക്ഷേത്രത്തിന്റെയോ പരിണാമമാകാം ഇന്നുകാണുന്ന ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ അനന്തപുരിയുടെ വളര്‍ച്ചയുടെ ആദ്യപടിയായി വിശേഷിപ്പിക്കാം. ക്ഷേത്രത്തിന്റെ ഉല്‍പത്തിയെക്കുറിച്ചു വ്യക്തമായ രേഖകളൊന്നും തന്നെ ഇല്ലെങ്കിലും എ ഡി തൊളളായിരമാണ്ടിനോടടുത്ത് ജീവിച്ചിരുന്നെന്നു കരുതപ്പെടുന്ന വൈഷ്ണവ കവിയായ നമ്മാഴ്മാരുടെ കീര്‍ത്തനങ്ങളിലും പുരാതന സംസ്കൃത സന്ദേശ കാവ്യമായ ശുക സന്ദേശത്തിലും, നാലാം ശതകത്തിലെ ഇളങ്കോവടികളുടെ കൃതികളിലും ശ്രീ പദ്മനാഭക്ഷേത്രത്തെക്കുറിച്ചു വര്‍ണ്ണിക്കുന്നുണ്ട്. ഏകദേശം മൂന്നു ഹെക്ടറോളം വരുന്ന അതിവിശാലമായ സ്ഥലത്താണ് പദ്മനാഭ സ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രവളപ്പിന്റെ മധ്യഭാഗത്തായി വിമാനാകൃതിയില്‍ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നു. ഏഴു നിലയുള്ള ഗോപുരത്തോടു കൂടിയ കരിങ്കല്ലില്‍ വാര്‍ത്തെടുത്ത ഈ മഹാക്ഷേത്രത്തില്‍ കരിങ്കല്ലിലെ കൊത്തുപണികള്‍ ദ്രാവിഡ വാസ്തു ശില്പകലയുടെ സര്‍വ്വമനോഹാരിതയും പ്രകാശിപ്പിക്കുന്നു. മറ്റു ക്ഷേത്രങ്ങളെപ്പോലെ ശിലാവിഗ്രഹമോ ലോഹവിഗ്രഹമോ അല്ല ഇവിടെയുളളത്.

കൊല്ലവര്‍ഷം 860 മുതല്‍ ക്ഷേത്രത്തില്‍ പൂജമുടങ്ങിക്കിടന്നു. 861 മകരം 16 ന് ക്ഷേത്രത്തില്‍ വന്‍ തീപിടുത്തമുണ്ടായി. പിന്നീട് ക്ഷേത്രത്തിന്റെ പുതുക്കിപ്പണി നടന്നത് തിരുവിതാംകൂറിന്റെ സ്ഥാപകനായ ശ്രീ വീരമാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണ്. 904 ഇടവം 14 ന്റെ പ്രഖ്യാപന പ്രകാരം 906 ല്‍ ഒറ്റക്കല്‍ വഞ്ചി പൂര്‍ത്തിയായി. ശ്രീ ആദിത്യ വര്‍മ്മയുടെ കാലത്താണ് വന്‍തോതിലുളള പുതുക്കിപ്പണിക്ക് തുടക്കം കുറിച്ചത്. അതിന് ശേഷം അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് പദ്മനാഭ സ്വാമി ക്ഷേത്രം സമഗ്രമായി പുതുക്കിപ്പണിതത്. കായംകുളം യുദ്ധത്തിന് ശേഷമാണ് പണികള്‍ ആരംഭിച്ചത്. ധര്‍മ്മരാജാവിന്റെ കാലത്ത് പണികള്‍ പൂര്‍ത്തിയായി. പ്രസിദ്ധമായ ക്ഷേത്ര ഗോപുരവും ചരിത്രശേഖരങ്ങളുടെ അക്ഷയ ഖനിയായ കല്ലറയും ആനക്കൊട്ടിലും സോപാനവും (ശ്രീ കോവിലിലേക്ക് പ്രവേശിക്കാനുള്ള പടിക്കെട്ട്) ചുമര്‍ച്ചിത്രവും, തടാകക്ഷേത്രവും, പുണ്യ തീര്‍ത്ഥങ്ങളും ക്ഷേത്രത്തിന്റെ പ്രൌഢി വര്‍ദ്ധിപ്പിക്കുന്നു. ക്ഷേത്രത്തില്‍ ആറു വര്‍ഷം കൂടുമ്പോള്‍ 56 ദിവസം നീണ്ടുനില്‍ക്കുന്ന മുറജപം നടക്കാറുണ്ട്. ആണ്ട് മുറജപം നടക്കാറുള്ളത് രാജ്യ പുരോഗതിക്കാണ് എന്ന് പറയപ്പെടുന്നു. മുറജപത്തിന്റെ സമാപനം കുറിച്ച് നടക്കുന്ന ശീവേലിയാണ് ലക്ഷദീപം. മതിലകത്ത് തെക്ക് കിഴക്ക് ഭാഗത്തുള്ള ദീപയായ മണ്ഡപത്തില്‍ ധനു, മിഥുനം മാസങ്ങളില്‍ രണ്ടു പ്രാവശ്യമായി ഭദ്രദീപം എന്ന ആഘോഷം നടത്താറുണ്ട്. 919 ധനുമാസത്തിലാണ് ഭദ്രദീപം ആരംഭിച്ചത്. ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങാണ് ആറാട്ടിനു തലേന്നാള്‍ നടക്കാറുള്ള പള്ളിവേട്ട. ഇപ്പോള്‍ നവരാത്രി ഉത്സവകാലത്ത് പൂജയോടൊപ്പം നവരാത്രി മണ്ഡപത്തില്‍ ഒമ്പതു ദിവസം നീളുന്ന വിദ്വാന്‍മാരുടെ സദസ്സും കച്ചേരിയും ഘോഷയാത്രയും നടന്നുപോരുന്നു. രാജ വാഴ്ചക്കാലത്തെ വര്‍ണ്ണാഭമായ ഉത്സവച്ചടങ്ങുകള്‍ ഇന്ന് ഓര്‍മ്മ മാത്രമാണ്.

തിരുവല്ലം പരശുരാമ ക്ഷേത്രംതിരുവല്ലം പരശുരാമ ക്ഷേത്രം

ദക്ഷിണ ഭാരതത്തിലെ കാശി എന്നാണ് തിരുവല്ലത്തെ പരശുരാമ ക്ഷേത്രം അറിയപ്പെടുന്നത്. തെക്കെ ഇന്ത്യയിലെ ഏക പരശുരാമ ക്ഷേത്രമാണിത്. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞു പത്തു കിലോമീറ്ററോളം തെക്കു കിഴക്കായി തിരുവനന്തപുരം - കോവളം റോഡിലാണ് ക്ഷേത്രത്തിന്റെ സ്ഥാനം. കര്‍ക്കിടകത്തിലെ വാവുബലിക്കായി പതിനായിരങ്ങള്‍ എത്തുന്ന തിരുവല്ലം ക്ഷേത്രത്തെക്കുറിച്ചു ഐതിഹ്യങ്ങള്‍ പലതുണ്ട്. ആദിശങ്കരാചാര്യ സ്വാമികള്‍ തന്റെ മാതാവിന്റെ മരണാനന്തര ക്രിയകള്‍ക്കായി ഇവിടെയെത്തിയിരുന്നു എന്ന് പറയപ്പെടുന്നു. ശ്രാദ്ധം കഴിഞ്ഞു സമീപത്തെ ആറ്റുവക്കത്ത് (കരമനയാര്‍) പിണ്ഡം ഒഴുക്കാനായി എത്തിയപ്പോള്‍ മത്സ്യമൂര്‍ത്തിയുടെ രൂപത്തില്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു പിണ്ഡം സ്വീകരിച്ചുവെന്നാണ് ഐതിഹ്യം. ആ മൂര്‍ത്തിയെ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതായും ദാനകര്‍മ്മകള്‍ക്കു ശേഷം പരശുരാമസ്വാമിയെ വടക്കു ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ബ്രഹ്മദേവനെ ആചാര്യനായി മധ്യഭാഗത്തും പ്രതിഷ്ഠിച്ച ശേഷം അപ്രത്യക്ഷനായി എന്നും ഐതിഹ്യമുണ്ട്. കര്‍ക്കിടകവാവുബലി ഇവിടെ പ്രധാനമാണ്. ക്ഷേത്ര പിണ്ഡമെന്ന പിതൃകര്‍മ്മം ക്ഷേത്ര മതില്‍ക്കെട്ടിനകത്തു നടത്തുന്ന ഏക ക്ഷേത്രവും ഇതാണ്.

ആറ്റുകാല്‍ ക്ഷേത്രം

ആറ്റുകാല്‍ ക്ഷേത്രംഐതിഹ്യങ്ങളുടെ സമൃദ്ധികൊണ്ടും, വിശ്വാസികളുടെ പ്രവാഹം കൊണ്ടും ശ്രദ്ധേയമാണ് ആറ്റുകാല്‍ ദേവീക്ഷേത്രം സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ഇവിടം ഏറ്റവുമധികം വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നാണ്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകള്‍ ഒഴുകിയെത്തുന്നു. ദക്ഷിണ ഭാരതത്തിലെ പുരാതനമായ മഹാക്ഷേത്രങ്ങളിലൊന്നായ ആറ്റുകാല്‍ ദേവിക്ഷേത്രത്തിലെ ശില്പകലയുടെ സമന്വയം അസാധാരണമായ ആകര്‍ഷണമുളവാക്കുന്നു. ശ്രീകോവിലിനകത്ത് ഭഗവതിയുടെ രണ്ടു വിഗ്രഹങ്ങളുണ്ട്. പുരാതനമായ മൂല വിഗ്രഹം, രത്നങ്ങള്‍ പതിച്ച് സ്വര്‍ണ്ണ അങ്കി കൊണ്ട് ആവരണം ചെയ്തിരിക്കുന്നു.

പഴവങ്ങാടി ഗണപതി ക്ഷേത്രംപഴവങ്ങാടി ഗണപതി ക്ഷേത്രം

കോട്ടയ്ക്കകത്തെ ബാരക്കുകളില്‍ കഴിഞ്ഞിരുന്ന നായര്‍ പട്ടാളക്കാര്‍ക്ക് ആരാധിക്കാന്‍ വേണ്ടി തികഞ്ഞ ഗണപതി ഭക്തനായ ഒരു പട്ടാളക്കാരന്‍ പ്രതിഷ്ഠിച്ചതാണ് ഈ ഗണപതി വിഗ്രഹമെന്നു വിശ്വസിച്ചുപോരുന്നു. ആദ്യകാലം മുതല്‍ ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിച്ചു പോരുന്നതും പട്ടാളക്കാരായിരുന്നു. പഴവങ്ങാടി കോട്ടവാതിലിനരികിലായി സ്ഥാപിച്ചിട്ടുളള ഈ ക്ഷേത്രം രാജ്യമെമ്പാടുമുള്ള ഭക്തജനങ്ങളെ ആകര്‍ഷിച്ചുപോരുന്നു. സ്വാതന്ത്ര്യാനന്തരം നാട്ടുപട്ടാളത്തിന്റെ പരിധിവിട്ടു ഈ മഹാക്ഷേത്രം ഇന്ത്യന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലായി. ഇപ്പോഴും പാങ്ങോട്ടെ പട്ടാള ക്യാമ്പിന്റെ നിയന്ത്രണത്തിലാണ് ഈ മഹാക്ഷേത്രത്തിന്റെ ഭരണം നിര്‍വ്വഹിച്ചുപോരുന്നത്.

ശ്രീവരാഹം ക്ഷേത്രംശ്രീവരാഹം ക്ഷേത്രം

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തേക്കാള്‍ പുരാതനത്വം അവകാശപ്പെടുന്ന തലസ്ഥാന നഗരിയിലെ മറ്റൊരു പുണ്യ ക്ഷേത്രമാണ് ശ്രീവരാഹം ലക്ഷ്മീവരാഹം ക്ഷേത്രം. വരാഹമൂര്‍ത്തിയുടെ വാമ ഭാഗത്തായി ഊരുമേല്‍ ഉപവിഷ്ടയായ ലക്ഷ്മീദേവിയാണിവിടെ പ്രതിഷ്ഠ. ആദ്യകാലങ്ങളില്‍ പ്രതിഷ്ഠയുടെ ദര്‍ശനം കിഴക്കോട്ടായിരുന്നുവെന്നും പിന്നീടാണ് പടിഞ്ഞാറ് ദര്‍ശനം വന്നതെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുരോഭാഗത്ത് ഇരുവശങ്ങളിലുമുള്ള ആനക്കൊട്ടിലുകള്‍ രാജഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ്. വിസ്തൃതിയേറിയ ക്ഷേത്ര തീര്‍ത്ഥം ഒരു ശുദ്ധജല തടാകത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു. വലിപ്പത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ തീര്‍ത്ഥമെന്നറിയപ്പെടുന്ന ഈ തീര്‍ത്ഥത്തിന് 6 ഏക്കര്‍ 80 സെന്റ് വിസ്തൃതിയുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

വലിയശാല മഹാദേവ ക്ഷേത്രം

ക്രിസ്തു വര്‍ഷം ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ ആയ് രാജാക്കന്‍മാര്‍ രൂപം കൊടുത്ത ശാലകളില്‍ പില്‍ക്കാലത്ത് ജനങ്ങളുടെ സാംസ്ക്കാരിക പുരോഗതിക്കും വിജ്ഞാന സമ്പാദനത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കി അന്നത്തെ കാന്തള്ളൂര്‍ശാല (ഇന്നത്തെ വലിയശാല). അവിടത്തെ ശിവക്ഷേത്രം വളരെ പ്രസിദ്ധമാണ്. നളന്ദ, തക്ഷശില മാതൃകയില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വിദ്യാകേന്ദ്രമാണ് കാന്തള്ളൂര്‍ശാല. ബ്രാഹ്മണര്‍ക്കു മാത്രം പ്രവേശനമുള്ള വേദപഠനശാലയായിരുന്നു ഇത്. ശിവക്ഷേത്രത്തോടനുബന്ധിച്ചാണ് പാഠശാലയുണ്ടായിരുന്നത്. കാന്തള്ളൂര്‍ശാലയുടെ ആസ്ഥാനം വിഴിഞ്ഞമാണെന്നും വിഴിഞ്ഞം ആക്രമിക്കപ്പെട്ടതോടെ കാന്തള്ളൂര്‍ശാല പല തവണ ചോളന്‍മാരുടെ ആക്രമണത്തിനു വിധേയമായതിനെ തുടര്‍ന്ന് ഈ വിദ്യാപീഠം നശിച്ചു പോയെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. നിലവില്‍ ഇവിടെ വലിയശാല മഹാദേവ ക്ഷേത്രമാണുള്ളത്.

പാളയം ആഞ്ജനേയ ക്ഷേത്രം ആഞ്ജനേയ ക്ഷേത്രം

നഗരത്തിലെ മുഖ്യ ഹനുമാന്‍ ക്ഷേത്രം പാളയത്തു സ്ഥിതി ചെയ്യുന്നു. മിലിട്ടറിക്കാരുടെ വകയായിരുന്നു ക്ഷേത്രം. പണ്ട് തിരുവിതാംകൂര്‍ പട്ടാളം പാളയത്ത് തമ്പടിച്ചിരുന്നപ്പോള്‍ അവര്‍ ആരാധനയ്ക്കായി സ്ഥാപിച്ചതാണ് പ്രസ്തുത ക്ഷേത്രം. പട്ടാളക്കാര്‍ പൊതുവെ ഹനുമാനെ ആരാധിക്കുന്നവരാണ്. പിന്നീട് ക്യാമ്പ് പാങ്ങോട്ടേയ്ക്കു മാറ്റിയപ്പോള്‍ പ്രതിഷ്ഠയും അങ്ങോട്ടു കൊണ്ടു പോയി. പാങ്ങോട്ടു പ്രതിഷ്ഠിച്ചപ്പോള്‍ പല അനിഷ്ട സംഭവങ്ങളുമുണ്ടായി. അതിന്റെ പേരില്‍ വീണ്ടും പാളയത്ത് പഴയ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം.
ഋഷിമംഗലം ക്ഷേത്രം, മണക്കാട് ശാസ്ത ക്ഷേത്രം, ശ്രീകണ്ഠേശ്വരം ക്ഷേത്രം, പാല്‍കുളങ്ങര ക്ഷേത്രം, അപ്പൂപ്പന്‍ കോവില്‍, പെരുന്താന്നി ക്ഷേത്രം, ഉള്ളൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം, ഗൌരീശപട്ടം ക്ഷേത്രം എന്നിവ മറ്റു പ്രധാന ക്ഷേത്രങ്ങളാണ്.          

മുസ്ലീം ദേവാലയങ്ങള്‍

ബീമാപള്ളി
പാളയം ജമാഅത്ത് പള്ളി
മണക്കാട് വലിയപള്ളി

ബീമാപള്ളിബീമാപളളി

അറുനൂറ് വര്‍ഷത്തോളം പഴക്കമുള്ള മുസ്ളീം ദേവാലയമാണിത്. വിവിധ മതവിഭാഗത്തില്‍പ്പെട്ട നിരവധി ഭക്തര്‍ വരുന്ന തീര്‍ത്ഥാടനകേന്ദ്രം കൂടിയാണിത്. പണ്ട് ഇസ്ളാം പ്രചാരണത്തിനായി മെക്കയില്‍ നിന്നു വന്ന അറബികള്‍ സ്ഥാപിച്ചതാണ് ഈ പള്ളിയെന്നു വിശ്വസിച്ചുപോരുന്നു. ബീമാ ബീവി, മകന്‍ മാഹീന്‍ അബൂബക്കര്‍ എന്നിവരാണ് ഇവിടെയെത്തിയത്. ഇവരുടെ നേതൃത്വത്തില്‍ മതപ്രചാരണവും ആതുര സേവനവും നടന്നിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഒട്ടനവധി അനുചരന്മാരെ കിട്ടി. ഇതിനായി തിരുവനന്തപുരത്തെ തിരുവല്ലത്താണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ താമസസ്ഥലത്തിന് കരം തരണമെന്നാവശ്യപ്പെട്ട് അന്നത്തെ ഭരണാധികാരികളുമായി തര്‍ക്കമുണ്ടായി. ഇത് യുദ്ധത്തില്‍ കലാശിച്ചു. യുദ്ധത്തെത്തുടര്‍ന്ന് ഇവര്‍ പൂന്തുറയ്ക്ക് സമീപമുള്ള ജോനകപൂന്തുറയിലെത്തി. ഇവിടെവച്ചു യുദ്ധത്തില്‍ പരിക്കേറ്റ മാഹീന്‍ അബൂബക്കര്‍ മരിച്ചു. 40 ദിവസത്തിനു ശേഷം മാഹീന്റെ അമ്മ ബീമാ ബീവിയും മരിച്ചു. ഇവരുടെ രണ്ട് പേരുടെയും ഖബറാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. ബീമാ ബീവിയുടെ നാമധേയമാണ് പിന്നെ ബീമാപ്പള്ളിയായത്. മാഹീന്‍ അബൂബക്കര്‍ മരിച്ചു വീണ സ്ഥലത്താണ് മരുന്നു കിണര്‍ സ്ഥാപിച്ചിരിക്കുന്നത്.

പാളയം ജമാഅത്ത് പളളി
പാളയം ജമാ അത്ത്

1813 ല്‍ സ്ഥാപിച്ചതാണ് ഇന്നു കാണുന്ന മസ്ജിദ്. ബ്രിട്ടീഷ് ഇന്ത്യയിലെ സൈനികര്‍ക്ക് വേണ്ടിയായിരുന്നു ഇത്. 1839 ല്‍ മസ്ജിദ് പരിഷ്ക്കരിക്കുകയും ശവസംസ്ക്കാര സംവിധാനങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. 1898 ല്‍ ഹാജി മൂസാ സേഠ് എന്ന വ്യവസായ പ്രമുഖന്റെ നേതൃത്വത്തില്‍ കൂടുതല്‍ പുരോഗതി നേടി. 1967 ഡിസംബര്‍ 20 ന് ഇന്നു കാണുന്ന പള്ളി ഇന്ത്യന്‍ പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. പള്ളിയുടെ ഒരു ഭിത്തിയില്‍ വേര്‍തിരിക്കപ്പെട്ട നൂറ്റാണ്ടുകളുടെ പഴക്കമാര്‍ന്ന മഹാ ഗണപതി ക്ഷേത്രം മതസൌഹാര്‍ദ്ദത്തിന്റെ നിതാന്ത സ്മാരകമായി നിലകൊളളുന്നു. ക്ഷേത്രത്തിലെ ശംഖനാദവും പള്ളിയിലെ വാങ്കു വിളിയും കത്തീഡ്രലിലെ മണിനാദവും ഉയര്‍ത്തുന്ന മതസൌഹാര്‍ദ്ദത്തിന്റെ അലയൊലി വിശുദ്ധമായ ആ അന്തരീക്ഷത്തില്‍ ത്രസിച്ചു നില്‍ക്കുന്നു.

മണക്കാട് വലിയപളളി

തെക്കന്‍ കേരളത്തില്‍ ചിരപുരാതന ചരിത്രപാരമ്പര്യം ഉള്‍ക്കൊള്ളുന്ന പ്രസിദ്ധമായ ഒരു ജമാ അത്താണ് മണക്കാട് വലിയപള്ളി. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്ത്, ഈ സ്ഥലങ്ങള്‍ പള്ളിക്ക് പതിച്ചുകൊടുത്തതാണ്. കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള ഈ പള്ളിക്ക് ഇരുവശങ്ങളിലായി പ്രസിദ്ധമായ മൂന്നു ഔലിയാന്മാരുടെ ഖബറുകള്‍ സ്ഥിതി ചെയ്യുന്നു. ചാല ജുമാ മസ്ജിദ്, കരമന ജുമാ മസ്ജിദ്, പൂന്തുറ ജുമാ മസ്ജിദ്, തമ്പാനൂര്‍ മോസ്ക്, വളളക്കടവ് ജുമാ മസ്ജിദ് എന്നിവ മറ്റു പ്രധാന മുസ്ളീം ദേവാലയങ്ങളാണ്.

ക്രൈസ്തവ ദേവാലയങ്ങള്‍

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍
സെന്റ് ആന്റണീസ് ഫെറോന ചര്‍ച്ച്
എല്‍ എം എസ്
വെട്ടുകാട് പള്ളി
ലൂര്‍ദ്ദ് ഫെറോനപള്ളി
 

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍

ഗോഥിക് ശില്പകലയുടെ ഉദാത്തമാതൃകയാണ് പാളയത്തെ സെന്റ് ജോസഫ് പള്ളി. ഫാദര്‍ ഇന്‍സഫോന്‍സ് ആണ് ഇത് രൂപകല്‍പന ചെയ്തത്. തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ കീഴില്‍ വരുന്നതാണ് ഈ ദേവാലയം. 1873 മെയ് മാസത്തിലാണ് പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. 1905 ല്‍ ഫാദര്‍ എമിലി ഡയസ് പള്ളിയെ നവീകരിക്കുകയും 1931 ല്‍ കത്തീഡ്രലായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

സെന്റ് ആന്റണീസ് ഫെറോന ചര്‍ച്ച്

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന പ്രാചീന ദേവാലയങ്ങളിലൊന്നാണിത്. നൂറ്റാണ്ടുകളോളം പഴക്കമുള്ള പള്ളിയാണിത്. വലിയതുറയില്‍ മുന്നേക്കറോളം വരുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം രൂപതയുടെ കീഴിലുള്ള ലത്തീന്‍ കത്തോലിക്കാ ദേവാലയമാണിത്. വലിയതുറ സെന്റ്  ആന്റണീസ് സ്കൂള്‍ ഈ പള്ളിയുടെ കീഴിലുള്ള സ്കൂളാണ്.

എല്‍ എം എസ്എല്‍ എം എസ്

19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പടിഞ്ഞാറന്‍ മിഷണറിമാര്‍ രൂപം നല്‍കിയ ക്രിസ്തീയ വിഭാഗമാണ് തെക്കന്‍ തിരുവിതാംകൂറിലെ (ദക്ഷിണ കേരള ഇടവക) ലക്ഷന്‍ മിഷന്‍ സൊസൈറ്റി. ആദ്യമായി 1838 ല്‍ ആണ് എല്‍ എം എസ് പ്രവര്‍ത്തനമാരംഭിച്ചത്. 1919 ല്‍ വൈദികസെമിനാരിയും 1943 ല്‍ ഐക്യ വൈദിക സെമിനാരിയും പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്നാണ് കണ്ണമ്മൂലയില്‍ നിന്നു മ്യൂസിയത്തിനടുത്തുള്ള എല്‍ എം എസ് വളപ്പില്‍ സഭാപ്രവര്‍ത്തനം മാറിയത്.

വെട്ടുകാട് പള്ളി

പതിനാറാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ നിര്‍മ്മിച്ചതാണ് ഈ ദേവാലയമെന്ന് കരുതുന്നു. വെട്ടുകാട് മാതൃ-ദേ-ദേവൂസ് ഇടവകയിലെ ക്രിസ്തു രാജ തിരുനാള്‍ മഹോത്സവം പ്രസിദ്ധമാണ്. വിവിധ മത വിഭാഗങ്ങളില്‍പെട്ടവര്‍ ഇവിടെ സന്ദര്‍ശിച്ചു പോരുന്നു.


ലൂര്‍ദ്ദ് ഫെറോനപള്ളി

പി.എം.ജി. ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന ക്രിസ്തീയ ദേവാലയമാണ് ലൂര്‍ദ്ദ് ഫെറോനപള്ളി. തിരുവനന്തപുരം രൂപതയുമായി ബന്ധപ്പെട്ടുകഴിഞ്ഞിരുന്ന സീറോമലബാര്‍ റീത്തുകാരേയും ഈ ഫെറോനാ ഇടവകയുടെ കീഴില്‍കൊണ്ടു വന്നു. ഇന്ന് ഈ ഇടവകയില്‍ അംഗങ്ങളായി ആയിരത്തില്‍പ്പരം കുടുംബങ്ങള്‍ തിരുവനന്തപുരത്തുണ്ട്.
പാളയം ആഗ്ളിക്കന്‍ പള്ളി, സെന്റ് ജോര്‍ജ്ജ് പള്ളി, പേട്ട റോമാ പള്ളി, പട്ടം സെന്റ് മേരീസ് പള്ളി, കാല്‍വരി ഗോസ്പല്‍ മിഷന്‍ കുന്നപ്പുഴ, ആറാമട ക്രൈസ്റ്റ് ചര്‍ച്ച്, പാളയം, ഡയോസെസ്സന്‍ മെട്രോപൊളിറ്റന്‍ ഉള്ളൂര്‍, മാര്‍ ബസേലിയസ് ഗ്രിഗോറിയന്‍സ് ചര്‍ച്ച് ശ്രീകാര്യം, പാങ്ങോട് ചര്‍ച്ച് പാങ്ങോട്, പാറ്റൂര്‍ ചര്‍ച്ച് പാറ്റൂര്‍, സാല്‍വേഷന്‍ ആര്‍മി സെന്റര്‍ ഹാള്‍, കവടിയാര്‍, സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് പേരൂര്‍ക്കട, സെന്റ് ജോസഫ്സ് ചര്‍ച്ച് വഴുതക്കാട്, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് നാലാഞ്ചിറ, സെന്റ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച് പുന്നന്‍ റോഡ്, സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് കുമാരപുരം എന്നിവ മറ്റു ക്രൈസ്തവ ദേവാലയങ്ങളാണ്.