രാഷ്ട്രീയ രംഗം

 എം എല്‍ എ ഹോസ്റ്റല്‍
നഗരത്തിന്റെ പാര്‍ലമെന്റ് മണ്ഡലം തിരുവനന്തപുരമാണ്. സംസ്ഥാനത്തിന്റെ തലസ്ഥാനം എന്ന നിലയിലും ഭരണസിരാകേന്ദ്രമെന്ന നിലയിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പുറമെ വിവിധ യുവജന പ്രസ്ഥാനങ്ങളും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ബഹുജന പ്രസ്ഥാനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുകയും തങ്ങളുടെ പ്രവര്‍ത്തന പരിപാടികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. തലസ്ഥാന നഗരിയായതുകൊണ്ട് കേരളത്തിന്റെ മുഴുവന്‍ രാഷ്ട്രീയ സ്പന്ദനങ്ങളുടെയും ഉറവിടമാണ് അനന്തപുരി എന്നു പറയാം. ചരിത്രത്തില്‍ സ്ഥാനം പിടിച്ച അനേകം വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കും, യുവജന സമരങ്ങള്‍ക്കും, ബഹുജന സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുളള നഗരമാണിത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും, പോഷക സംഘടനകളുടെയും പ്രാദേശിക-ജില്ലാ ഓഫീസുകളും സംസ്ഥാന കമ്മിറ്റി ഓഫീസുകളും അനന്തപുരിയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ സാമുദായിക സംഘടനകളുടെ പ്രധാന ഓഫീസുകളും നഗരത്തിലുണ്ട്. സി.പി.ഐ (എം), കോണ്‍ഗ്രസ് (ഐ), സിപിഐ, ബിജെപി, മുസ്ളീംലീഗ്, പി.ഡി.പി, സി.എം.പി, എന്‍.സി.പി, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തുടങ്ങി ഒട്ടുമിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും നഗരത്തിലെ പൊതു പ്രവര്‍ത്തന രംഗത്തുണ്ട്. സാമാജികരുടെ വാസസ്ഥലമായ എം.എല്‍.എ ഹോസ്റല്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്നു.

 

രക്തസാക്ഷി മണ്ഡപം
തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ,തിരുവനന്തപുരം ഈസ്റ് തിരുവനന്തപുരം വെസ്റ് തിരുവനന്തപുരം നോര്‍ത്ത് നേമം (ഭാഗികം) കഴക്കൂട്ടം (ഭാഗികം), കോവളം (ഭാഗികം) എന്നീനിയമസഭാ മണ്ഡലങ്ങള്‍ വഴി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്നതിന് സാധിക്കുന്നു. സ്വാതന്ത്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസേനാനികളുടെ സ്മരണ നിലനിര്‍ത്തുന്ന പാളയം രക്തസാക്ഷി മണ്ഡപം ഭാരതത്തിലെ ആദ്യ പ്രസിഡണ്ട് ഡോ. രാജേന്ദ്രപ്രസാദ് അനാച്ഛാദനം ചെയ്തു. ചതുരാകൃതിയിലുളള സ്മാരക സ്തൂപത്തിനു മുന്‍പില്‍ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ദിവസങ്ങളില്‍ രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്ന സമ്മേളനങ്ങള്‍ക്കും ഇവിടം വേദിയാകാറുണ്ട്. സര്‍ സി.പി.യെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി സംഗീത കോളേജിനു മുന്‍പില്‍ സ്ഥാപിച്ചിട്ടുളളതാണ് കെ സി എസ് മണി സ്മാരകം