ആത്മീയരംഗം
സാംസ്കാരികരംഗത്തെന്ന പോലെ തന്നെ ആധ്യാത്മികമേഖലയിലും അത്യത്ഭുത പ്രതിഭാസങ്ങളായിരുന്ന രണ്ടു മഹാപുരുഷന്മാരുടെ പ്രവര്ത്തനകേന്ദ്രമെന്ന നിലയിലും തിരുവനന്തപുരം പ്രാധാന്യമര്‍ഹിക്കുന്നു. ശ്രീ ശങ്കരദര്‍ശനത്തിന്റെ അലകുംപിടിയും ആധുനികവല്ക്കരിച്ചുകൊണ്ടു വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ശ്രീ നാരായണ ഗുരു ദേവനും സമൂഹത്തെ പ്രബുദ്ധവല്ക്കരിക്കാനും അന്ധവിശ്വാസങ്ങളും അനീതിയും ഇല്ലായ്മ ചെയ്യാനുമുള്ള മഹത്തായ ദര്‍ശനങ്ങളുമായി പ്രവര്‍ത്തിച്ചു. ഭരണാധികാരികളുടെ പിന്‍ബലമുള്ള മതപ്രചാരണ ശൃംഖലകളെ തട്ടിത്തകര്‍ത്തുകൊണ്ടാണ് ആ യുഗാചാര്യന്മാരുടെ ധര്‍മ്മ സംഹിതകള്‍ ഗ്രാമാന്തരങ്ങളില്‍ ജനകീയ പ്രസ്ഥാനങ്ങളായി വളര്‍ന്നു പുഷ്ടിപ്പെട്ടത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പരിവര്‍ത്തനത്തിന്റെ വിശാലതലങ്ങളിലേക്ക് കടന്നു ചെല്ലാനും ആ ദര്‍ശനങ്ങളുടെ പ്രഭാപൂരത്തിന് കഴിഞ്ഞു.
ആത്മീയ സ്ഥാപനങ്ങള്‍
ശ്രീരാമകൃഷ്ണ മിഷനും ശാരദാമിഷനും
ലണ്ടന്‍ മിഷന് സൊസൈറ്റി (എല്‍. എം. എസ്)
ചര്‍ച്ച് ഓഫ് സൌത്ത് ഇന്ത്യ
ദക്ഷിണകേരള മഹാഇടവക (സി.എസ്.ഐ)
സാല്‍വേഷന്‍ ആര്‍മി
പ്രോട്ടസ്റ്റന്റ് (സി.എം.എസ്)
ക്രിസ്തീയ സഭകള്‍
മാതാ അമൃതാനന്ദമയി മഠം
ശ്രീരാമകൃഷ്ണ മിഷനും ശാരദാമിഷനും
കല്‍ക്കട്ടയ്ക്കടുത്തുള്ള ബേലൂരാണ് ഈ മിഷന്റെ ആസ്ഥാനം. രാമകൃഷ്ണമിഷന്‍ പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിച്ചത് കാളി പാദഘോഷ് എന്ന രാമകൃഷ്ണ ശിഷ്യനായിരുന്നു. 1904-ല്‍ അദ്ദേഹം തിരുവനന്തപുരത്തെ മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീ രാമകൃഷ്ണാനന്ദ സ്വാമികളെ ക്ഷണിച്ചു വരുത്തി. കേരളമാണ് ബംഗാള്‍ കഴിഞ്ഞാല്‍ രാമകൃഷ്ണ പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രം. രാമകൃഷ്ണമിഷന്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ടെങ്കിലും അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ് തിരുവനന്തപുരത്തെ കേന്ദ്രവും നെട്ടയത്തെ ആശ്രമവും.
ലണ്ടന്‍ മിഷന് സൊസൈറ്റി (എല്‍.എം.എസ്)
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ പാശ്ചാത്യമിഷണറിമാരുടെ നിതാന്തജാഗ്രതയില്‍ രൂപംകൊണ്ട ക്രിസ്തീയവിഭാഗമാണ് തെക്കന്‍തിരുവിതാംകൂറിലെ ലണ്ടന്‍ മിഷന് സൊസൈറ്റി (എല്‍.എം.എസ്). പ്രൊട്ടസ്റ്റന്റ് സഭകള്ചേര്ന്ന് ദക്ഷിണേന്ത്യാസഭ രൂപീകൃതമായതിനുശേഷം മേഖലാടിസ്ഥാനത്തില്‍ രൂപതകളെ വിഭജിക്കുകയുണ്ടായി. പാളയത്ത് മ്യൂസിയത്തിനടുത്തുള്ള എല്‍.എം.എസ് വളപ്പിലാണ് ദക്ഷിണകേരള ഇടവകയുടെ ഇപ്പോഴത്തെ ആസ്ഥാനം. കണ്ണമ്മൂലയിലെ യുനൈറ്റഡ് തിയോസഫിക്കല്‍ സെമിനാരി പ്രവര്‍ത്തിച്ചുപോരുന്ന സ്ഥലത്താണ് ആദ്യമായി 1838-ല്‍ ദക്ഷിണമേഖലാ ലണ്ടന്‍ മിഷന് സൊസൈറ്റി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. രാജവാഴ്ചക്കാലത്ത് മിഷനറിമാര്‍ക്ക് ദാനമായി നല്കിയ കണ്ണമ്മൂല കുന്നിന്മുകളില് ആദ്യമായി ഒരു ഇംഗ്ളീഷ് വിദ്യാലയം ആരംഭിച്ചു. 1919-ല്‍ വൈദികസെമിനാരിക്ക് തുടക്കംകുറിച്ചു. 1943-ല്‍ ഐക്യവൈദിക സെമിനാരി പ്രവര്‍ത്തനമാരംഭിച്ചു. പിന്നീടാണ് ഇവിടെനിന്ന് പാളയം എല്‍.എം.എസ് കോമ്പൌണ്ടിലേക്ക് സഭാപ്രവര്‍ത്തനം മാറ്റിയത്.
ചര്‍ച്ച് ഓഫ് സൌത്ത് ഇന്ത്യ
വില്യംതോബിയാസ് റിങ്കിള്ടുബെ എന്ന ജര്‍മ്മന്‍ മിഷനറിയാണ് തിരുവിതാംകൂറിലെ ആദ്യ പ്രൊട്ടസ്റ്റന്റ് മിഷനറി. റിങ്കിള്ടുബെ 1806-ല്‍ തെക്കന്‍ തിരുവിതാംകൂറിലെ മൈലാടി ഗ്രാമത്തില്‍ താമസിച്ചാണ് പ്രാരംഭപ്രവര്ത്തനങ്ങ ളാരംഭിച്ചത്. 1809 മുതല്‍ പ്രവര്‍ത്തനം സജീവമാക്കി. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് അടിത്തറയിട്ടവരില്‍ മുഖ്യന് അദ്ദേഹമത്രേ. റിങ്കിള്ടുബേയുടെ പിന്‍ഗാമിയായെത്തിയ ചാള്സ്മീഡും പത്നിയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്ജ്ജസ്വലതയേകി.
തിരുവിതാംകൂറിന് വിസ്മരിക്കാനാവാത്ത പ്രവര്‍ത്തനം കാഴ്ചവച്ച എല്‍.എം.എസ് മിഷനറിമാരില്‍ ശ്രേഷ്ഠനാണ് ചാള്‍സ്മീഡ്. പാളയത്ത് രാമരായര്വിളക്കിനു സമീപം വിസ്തൃതമനോഹരമായ ഭൂവിഭാഗത്തിന്റെ ഒരു ഭാഗത്തായി എല്‍.എം.എസ് ഓഫീസും, ആരാധനാലയവും, വിദ്യാലയവും പ്രസ്സും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുപോരുന്നു.
ദക്ഷിണകേരള മഹാഇടവക (സി.എസ്.ഐ)
ദക്ഷിണകേരള മഹാ ഇടവകയ്ക്ക് 27 ജില്ലകളും 428 ഇടവകകളും എട്ടുലക്ഷത്തിലേറെ സഭാംഗങ്ങളുമുള്ള വിപുലമായ പ്രവര്‍ത്തനമേഖലയാണുള്ളത്. 1959 ജൂണ്‍ 1-ന് മഹാഇടവക രൂപവല്‍ക്കരിക്കപ്പെട്ടു. ഇടവകയുടെ ആധിപത്യത്തില്‍ എല്‍.എം.എസ്. വളപ്പില്‍ വൊക്കേഷണല്‍ ഗൈഡന്‍സ് ബ്യൂറോ, റിക്രൂട്ടിംഗ് കം ട്രെയിനിംഗ് സെന്റര്‍, ദക്ഷിണേന്ത്യയില്‍ത്തന്നെ പ്രമുഖസ്ഥാനമുള്ള പോളിയോ ഹോം, ഹോസ്റ്റലുകള്‍, ബുക്സ്റ്റാള്‍ എന്നിവയും പ്രവര്‍ത്തിച്ചുപോരുന്നു. വനിതകള്‍ക്ക് പൌരോഹിത്യം അനുവദിച്ച ഏകസഭാവിഭാഗവും സി.എസ്.ഐ ആണ്.
സാല്‍വേഷന്‍ ആര്‍മി
നൂറ്റാണ്ടുകളായി അവശതയനുഭവിച്ചിരുന്ന ജനവിഭാഗങ്ങളുടെ ഇടയിലേയ്ക്ക് വിജ്ഞാനത്തിന്റെ കൈത്തിരിയുമായി കടന്നു ചെല്ലുകയും ആ വിഭാഗത്തിനു വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥാപിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി യത്നിക്കുകയും ചെയ്ത ഒരു പ്രസ്ഥാനമാണ് സാല്‍വേഷന്‍ ആര്‍മി അഥവാ രക്ഷാസൈന്യം. വില്യം ബൂത്താണ് രക്ഷാസൈന്യസ്ഥാപകന്. 1886-ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഇന്നത്തെ കന്യാകുമാരി ജില്ലയിലാണ് സാല്‍വേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. നാടാര്‍ സമുദായക്കാരും സാംബവ വിഭാഗക്കാരും, മത്സ്യത്തൊഴിലാളികളും ക്രിസ്തുമതം സ്വീകരിച്ച് രക്ഷാസൈന്യവുമായി ബന്ധപ്പെട്ടതിനു കാരണം അക്കാലത്ത് നിലനിന്നിരുന്ന സാമൂഹിക ചുറ്റുപാടുകളായിരുന്നു. സാല്‍വേഷന്‍ ആര്‍മി 12 ഇടവകകളിലായി 289 സഭകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കവടിയാര്‍ കൊട്ടാരത്തിനു സമീപം രാജകുടുംബത്തില്‍ നിന്നും കരമൊഴിവായി നല്കിയ ഭൂമിയിലാണ് സാല്‍വേഷന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സ് സ്ഥാപിച്ചിരിക്കുന്നത്. തിരുവിതാംകൂറില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ ആശുപത്രി സ്ഥാപിച്ചതും സാല്‍വേഷന്‍ ആര്‍മിയാണ്.
പ്രൊട്ടസ്റ്റന്റ് (സി.എം.എസ്)
1816-ല്‍ ചര്‍ച്ച് മിഷന് സൊസൈറ്റി (സി.എം.എസ്) മിഷണറിയിലെ തോമസ് നോര്‍ട്ടണ്‍ ആലപ്പുഴയില്‍ എത്തി. അദ്ദേഹത്തെത്തുടര്‍ന്ന് ബഞ്ചമിന് ബയിലി, ജോസഫ് ടെന്‍, ഹെന്റി ബേക്കര്‍ തുടങ്ങിയ പുരോഹിതന്മാര് കോട്ടയം കേന്ദ്രമാക്കി മത നവീകരണ ശ്രമങ്ങളാരംഭിച്ചു. പാശ്ചാത്യവിദ്യാഭ്യാസത്തിന്റെയും ചിന്താഗതിയുടെയും വളര്‍ച്ചയ്ക്കു വീഥിയൊരുക്കി. സി.എം.എസ്. വിദ്യാലയങ്ങള്‍ക്കും അച്ചടിവിദ്യക്കും പ്രാരംഭം കുറിച്ചതും ഇവരാണ്.
ക്രിസ്തീയ സഭകള്‍
പോപ്പിന്റെ ആധിപത്യം അംഗീകരിച്ചിട്ടുള്ള സഭകളില്‍ത്തന്നെ മൂന്നു വിഭാഗക്കാരുണ്ട്. മൂന്നു റീത്തുകാര്‍. എണ്ണം കൊണ്ടും മറ്റും മുന്‍നിരയില്‍ നില്ക്കുന്നവര് സീറോ മലബാര്‍ റീത്തുകാര്‍ ആണ്. ലത്തീന്‍ കത്തോലിക്കരേയും സുറിയാനി അഥവാ നസ്രാണി കത്തോലിക്കരേയും പൊതുവേ റോമന്‍ കത്തോലിക്കരെന്നാണ് വിളിച്ചുപോരുന്നത്.
തിരുവനന്തപുരം അതിരൂപത : 1993 മാര്‍ച്ച് 12 നാണ് തിരുവനന്തപുരം അതിരൂപത രൂപംകൊണ്ടത്. ആദ്യ മെത്രോപ്പൊലീത്തയായ മാര്‍ ഇവാനിയോസ് തിരുമേനിയാണ് തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപകന്‍. കേരളത്തിലെ ക്രൈസ്തവ സഭകളില്‍ പ്രധാനമായവ കത്തോലിക്ക സഭ, യാക്കോബായ സഭ, കല്‍ദായ സഭ എന്നിവയാണ്. പോപ്പിന്റെ ആധിപത്യത്തില്‍ മൂന്നു വിഭാഗക്കാരുണ്ട്. മാര്‍ ഇവാനിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള പുത്തന്കൂറുകാരില് ഒരു വിഭാഗം 1930 ല്‍ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടാണ് സീറോ മലങ്കര സഭ രൂപം കൊണ്ടത്. 1930 സെപ്തംബറില്‍ യാക്കോബായ സഭയില്‍ നിന്നും മാര്‍ ഇവാനിയോസിന്റെയും മാര്‍ തിയോഫിലോസിന്റെയും നേതൃത്വത്തില്‍ സഭ രൂപം കൊണ്ടു.
തിരുവനന്തപുരം മലങ്കര അതിരൂപത : യാക്കോബായ സഭാംഗമായിരുന്ന മെത്രാപ്പൊലീത്തയുടെ കത്തോലിക്ക സഭ പുനരൈക്യത്തിനു ശേഷം രൂപമെടുത്ത സഭയാണ് സീറോ മലങ്കര സഭ. 1932 ജൂണ്‍ 11 ന് ഈ സഭ സ്ഥാപിതമായി. പട്ടത്തുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ മലങ്കര സിറിയന്‍ കത്തോലിക്കരുടെ ഭദ്രാസന ദേവാലയമാണ്. പട്ടം എല്‍.ഐ.സി ഓഫീസിനരികിലാണ് ആര്‍ച്ച് ബിഷപ്പ് ഹൌസ്.
മാര്‍ത്തോമ്മാ സഭ : മാര്‍ത്തോമ്മാ സഭയുടെ ആസ്ഥാനം തിരുവല്ലയാണ്. യാക്കോബായ സഭയില്‍ നിന്നും വിട്ടു പോയവരാണ് മാര്‍ത്തോമ്മാ സഭക്കാര്. തിരുവനന്തപുരത്ത് മണ്ണന്തലയാണ് അരമന സ്ഥിതി ചെയ്യുന്നത്. ഈ സഭയുടെ നിയന്ത്രണത്തില്‍ ഏഴോളം ദേവാലയങ്ങളും സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളും ഒരു ട്രെയിനിംഗ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവാഞ്ചലിക്കല്‍ സഭ : മാര്‍ത്തോമ്മാ സഭയില്‍ ഭിന്നിപ്പുണ്ടായി പിരിഞ്ഞു പോയ വിഭാഗക്കാരാണ് ഇവാഞ്ചലിക്കല്‍ സഭക്കാര്. പ്രധാന ആരാധനാലയം നന്ദന്‍കോട് പ്രവര്‍ത്തിക്കുന്നു.
ലത്തീന്‍ കത്തോലിക്കാ സഭ : പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു ശേഷം വിവിധ രംഗങ്ങളില്‍ ആധിപത്യമുറപ്പിച്ചവരാണ് ലത്തീന്‍ കത്തോലിക്കാ വിഭാഗം. ഇവരില്‍ ഭൂരിപക്ഷവും തീരദേശ വാസികളാണ്. 1542-ല്‍ ഇന്‍ഡ്യയിലെത്തിയ സെന്റ് ഫ്രാന്‍സിസ് സേവ്യറായിരുന്നു സഭയുടെ വളര്‍ച്ചക്ക് ആദ്യം പ്രവര്‍ത്തിച്ചത്. 1544 ല്‍ തിരുവിതാംകൂറില്‍ ഒട്ടനവധി ക്രൈസ്തവ ദേവാലയങ്ങള്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പണികഴിപ്പിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് ഉത്കൃഷ്ട സേവനങ്ങള്‍ അനുഷ്ഠിച്ച വിഭാഗം എന്ന നിലക്ക് ലത്തീന്‍ കത്തോലിക്കാ രൂപതയ്ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. ഈ വിഭാഗക്കാരുടെ ബിഷപ്പ് ഹൌസ് വെള്ളയമ്പലത്താണ് പ്രവര്‍ത്തിക്കുന്നത്. കത്തീഡ്രല്‍ പാളയത്ത് പ്രവര്‍ത്തിക്കുന്നു.
മാതാ അമൃതാനന്ദമയി മഠം
സ്വദേശത്തും വിദേശത്തുമെന്ന പോലെ തലസ്ഥാന നഗരിയില്‍ കൈമനത്തിനടുത്ത് ഒരേക്കര്‍ വിസ്തൃതിയാര്‍ന്ന ഭൂപ്രദേശത്ത് അമൃതാനന്ദമയി മഠവും ആരാധനാലയവും സ്ഥിതി ചെയ്യുന്നു. അമൃതാനന്ദമയി തന്നെയാണ് ഇവിടത്തെ ബ്രഹ്മസ്ഥാന പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചത്. ഇതോടനുബന്ധിച്ച് ഒരു സൌജന്യ ചികിത്സാകേന്ദ്രവും പ്രവര്‍ത്തിക്കുന്നു. ഒറ്റക്കല്ലില്‍ കൊത്തിയിട്ടുള്ള ശിവന്, ദേവി, ഗണപതി, രാഹു എന്നീ ദേവീദേവന്മാരാണ് ഇവിടത്തെ പ്രതിഷ്ഠ. ‘നാനാത്വത്തില്‍ ഏകത്വം’, എന്ന തത്വമാണ് ഈ പ്രതിഷ്ഠ കൊണ്ടുദ്ദേശിക്കുന്നത്. സമൂഹനന്മയ്ക്കുപകരിക്കുന്ന കര്‍മ്മപരിപാടികളിലും, സംഗീതത്തിലും, സംസ്കൃതത്തിലും, വേദാന്തത്തിലും നിരവധി ക്ളാസ്സുകളും നടക്കുന്നുണ്ട്.