കായികരംഗം

കായികപശ്ചാത്തലംചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം
കായികരംഗത്ത് തിരുവനന്തപുരം നഗരത്തിന് അത്യുജ്ജലമായ ഒരു ചരിത്രവും പാരമ്പര്യവുമുണ്ട്. നിലവാരമുള്ള സ്റ്റേഡിയങ്ങളും, കളിസ്ഥലങ്ങളും, മൈതാനങ്ങളും കൊണ്ട് നിറഞ്ഞതാണ് നഗരം.  എങ്കിലും അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്റ്റേഡിയം ഇനിയും നഗരത്തിലുണ്ടായിട്ടില്ല.  കായികമത്സരങ്ങളെ അതിരറ്റു സ്നേഹിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കായികപ്രേമികളും ധാരാളമുണ്ട്. കായികതാരങ്ങള്‍ക്ക് പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങളും സ്പോര്‍ട്സ് കൌണ്‍സിലും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച കായികതാരങ്ങള്‍ മുതല്‍ ദേശീയവും പ്രാദേശികവുമായ താരങ്ങളെ വരെ പരിമിതമായ സൌകര്യങ്ങളില്‍ നിന്നുകൊണ്ട് വാര്‍ത്തെടുക്കാന്‍ ഈ നഗരത്തിന് കഴിഞ്ഞിട്ടുണ്ട്.  കിളിത്തട്ട്കളി, കബഡി തുടങ്ങിയ പരമ്പരാഗത കായിക ഇനങ്ങളില്‍ നിന്നു മാറി ഹോക്കിയും, ഫുട്ബോളും, ടെന്നീസും കടന്ന് ആധുനിക തലമുറയുടെ താല്പര്യം ക്രിക്കറ്റിലേക്ക് വളര്‍ന്നുവെങ്കിലും ഇന്നും പഴയ ഗെയിമുകളോടു ആഭിമുഖ്യമുള്ള ഒരു വലിയ വിഭാഗം  ഇവിടെയുണ്ട്. ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ മേളയായ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് അനന്തപുരി വേദിയായിട്ടുണ്ട്. അനന്തപുരി വളര്‍ത്തിയെടുത്ത നിരവധി ഫുട്ബോള്‍ താരങ്ങള്‍ കേരള ടീമിലും, ഇന്ത്യന്‍ ദേശീയടീമിലും കളിക്കാരായിരുന്നിട്ടുണ്ട്. ഇന്ത്യയുടെ അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റായ നെഹ്രു കപ്പിന് ഈ നഗരം ആതിഥ്യം വഹിച്ചിട്ടുണ്ട്.  ഹോക്കിയുടെയും, രഞ്ജി ട്രോഫി ക്രിക്കറ്റിന്റെയും ദേശീയ മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. സമൂഹത്തിലെ പിന്നോക്കക്കാര്‍ക്കിടയില്‍ നിന്നും ദരിദ്ര കുടുംബങ്ങളില്‍ നിന്നുമാണ് മിക്ക കായികതാരങ്ങളും വളര്‍ന്നു വന്നിട്ടുള്ളത്. കായികതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ വേണ്ടി ജി.വി.രാജ സ്പോര്‍ട്സ് സ്കൂള്‍, സ്പോര്‍ട്സ് കൌണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളും മറ്റു സംഘടനകളും പ്രവര്‍ത്തിക്കുകയും ഒപ്പം സര്‍ക്കാര്‍, സ്കൂള്‍ തലത്തിലും കോളേജ് തലത്തിലും വേണ്ടത്ര പ്രോത്സാഹനവും, പ്രാധാന്യവും കായികരംഗത്തിനു നല്‍കുന്നുണ്ട്.

കേരളത്തിലെ കായികരംഗത്ത് ഒരു അതികായനായിരുന്ന കേണല്‍ ഗോദവര്‍മ്മ രാജാ (ജി.വി രാജ) കുട്ടികള്‍ക്ക് കായിക വിനോദങ്ങള്‍ക്കായി മഹാരാജാവിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ ഒട്ടേറെ സ്പോര്‍ട്സ് സ്ഥാപനങ്ങള്‍ക്കു രൂപം കൊടുത്തു. കേരള സ്പോര്‍ട്സ് കൌണ്‍സില്‍, ട്രിവാന്‍ഡ്രം ടെന്നീസ് ക്ളബ് എന്നിവ അവയില്‍ ചിലതാണ്. ആയോധന കലയായ കളരിപ്പയറ്റിനും വേണ്ടത്ര പ്രോത്സാഹനവും പിന്തുണയും കൊടുക്കുന്ന കായിക പ്രേമിയായ അദ്ദേഹത്തിന്റെ പേരിലുള്ളതാണ് ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍. യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നു മുന്‍പറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ജി.വി. രാജ സ്റ്റേഡിയം, അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതാണ്. കായികപ്രേമിയും ഒപ്പം നിര്‍ഭയനും, നീതിമാനുമായിരുന്ന കേരളത്തിലെ ആദ്യത്തെ ഐ.ജി.യായ ചന്ദ്രശേഖരന്‍ നായരുടെ നിത്യസ്മാരകമാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം.

കായികരംഗത്ത് കഴിഞ്ഞ തലമുറയിലെ ഒരു അപൂര്‍വ പ്രതിഭയായിരുന്നു കരുണാകര കുറുപ്പ്.  വോളിബോളിലും, ഫുട്ബോളിലും, അത്ലറ്റിക്സിലും ഒന്നുപോലെ ശോഭിച്ചു നിന്ന കരുണാകര കുറുപ്പ് സത്യസന്ധതയും നിര്‍ഭയത്വവും കാര്യശേഷിയുമുള്ള പോലീസ് ഓഫീസര്‍ എന്ന നിലയില്‍ സേവനം അനുഷ്ഠിക്കവേ സര്‍വ്വീസില്‍ നിന്ന് വിടപറയുകയാണുണ്ടായത്.  ഇപ്പോഴത്തെപോലെ കോച്ചിങ്ങ് സമ്പ്രദായമോ സാങ്കേതിക വൈദഗ്ദ്ധ്യമോ ഇല്ലാതിരുന്ന കാലത്താണ് കായികരംഗത്ത് കുറുപ്പ് വിവിധ രംഗങ്ങളില്‍ അപൂര്‍വ സിദ്ധികള്‍ പ്രകടമാക്കിയത്.  1945 ല്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് അഖില കേരള അത്ലറ്റിക്സില്‍ വ്യക്തിഗത ചാമ്പ്യന്‍ പദവിക്ക് അര്‍ഹനാവുകയും സ്വര്‍ണ്ണവും, വെള്ളിയും നേടുകയും ചെയ്തു.  പോലീസ് ടീമിനു നേതൃത്വം കൊടുത്ത അദ്ദേഹം സംസ്ഥാന ടീമില്‍ ഉണ്ടായിരുന്നു. ദേശീയ ടീമിന്റെ കോച്ചിങ്ങ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്പോര്‍ട്സ് കൌണ്‍സിലിന്റെ ട്രഷററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഗവ.സെക്രട്ടറിയേറ്റിനു പിന്നിലുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തിനുള്ള പ്രാധാന്യം വിസ്മരിക്കാനാവില്ല.  ശ്രീമൂലം ഷഷ്ടിപൂര്‍ത്തി മെമ്മോറിയല്‍ ഹാളിനു തൊട്ടു പിന്നില്‍ നാഷണല്‍ ക്ളബ് കോമ്പൌണ്ടിനോടു തൊട്ടുകിടന്നതും, പണ്ട് പുത്തന്‍ കച്ചേരി മൈതാനം എന്ന പേരിലറിയപ്പെട്ടിരുന്നതുമായ സ്ഥലത്താണ് തിരുവനന്തപുരത്തെ മിക്ക പൊതുയോഗങ്ങളും നടന്നിരുന്നത്.  ഇന്നു മൈതാനം വിസ്തൃതി കുറഞ്ഞ് സെന്‍ട്രല്‍ സ്റ്റേഡിയമായി മാറി. നിരവധി കലാകായിക മത്സരങ്ങളുടെ വേദിയാണിവിടം.

കായികമേഖലയില്‍ ഭരണനിയന്ത്രണാധികാരമുള്ള ഒരു സംഘടന എന്ന നിലയില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രാധാന്യമര്‍ഹിക്കുന്നു. 1954 ലാണ് കൌണ്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേണല്‍ ഗോദവര്‍മ്മ രാജ ആണ് ഇതിന്റെ സ്ഥാപകന്‍. സ്പോര്‍ട്സ് മന്ത്രി ചെയര്‍മാനും, പ്രസിഡന്റും, സെക്രട്ടറിയുമുള്‍പ്പെടെ ഔദ്യോഗിക ഭാരവാഹികളും ഉള്‍പ്പെടുന്ന  സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് കൌണ്‍സിലിന്റെ ഭരണം നിര്‍വഹിക്കുന്നത്.

ഭാരത സര്‍ക്കാരിന്റെ മനുഷ്യവിഭവ വികസന മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാര്യവട്ടത്ത് സ്ഥാപിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ കോളേജാണ് ലക്ഷ്മീബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍. ഗ്വാളിയാറിലുള്ള ലക്ഷ്മീബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്റെ തനിപ്പകര്‍പ്പായിട്ടാണ് അനന്തപുരിയിലെ ഈ കായിക വിദ്യാലയം നിലകൊള്ളുന്നത്. കായിക വിദ്യാഭ്യാസ രംഗത്തിന്റെ ഉയര്‍ച്ചയ്ക്കായി ഏറ്റവും മികച്ച സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 15 കി.മീ മാറി ദേശീയ പാതയ്ക്ക് അരികിലായി കാര്യവട്ടം കാമ്പസ്സിനു വടക്കുഭാഗത്തായി ലക്ഷ്മീബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്ഥിതി ചെയ്യുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷന്റെ ബിരുദ കോഴ്സുകളും (3 വര്‍ഷം), ബിരുദാനന്ത ബിരുദ കോഴ്സുകളും (2 വര്‍ഷം), ഹെല്‍ത്ത് ആന്റ് ഫിറ്റ്നസ്സ് മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (1 വര്‍ഷം) എന്നിവയാണ് ഈ കോളേജിലെ പ്രധാന കോഴ്സുകള്‍. സായി സ്കൂള്‍, ജി വി രാജ സ്കൂള്‍ എന്നിവയാണ് മറ്റ് പ്രധാന കായിക പരിശീലന കേന്ദ്രങ്ങള്‍.