
ശ്രീ ചിത്തിര തിരുനാള്‍ പ്രതിമ
കോട്ടയ്ക്കകത്തു തെക്കേത്തെരുവില്‍ അയേണ്വില്ലാപാര്ക്കില് സ്ഥാപിച്ചിട്ടുള്ള ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ പ്രതിമയുടെ അനാച്ഛാദനം നിര്‍വ്വഹിച്ചത് ധോല്പുരം മഹാരാജാവാണ്. കേരള സര്‍വ്വകലാശാല വളപ്പില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ പ്രതിമയുടെ ശില്പി കാനായി കുഞ്ഞിരാമനാണ്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്.
സേതുപാര്‍വ്വതീബായി പ്രതിമ
നക്ഷത്ര ബംഗ്ളാവിന്റെ ഒരു ഭാഗത്ത് രാജവീഥിയ്ക്കരികിലായി കാഴ്ച ബംഗ്ളാവിന്റെ പ്രവേശന കവാടത്തിനഭിമുഖമായിട്ടാണ് മഹാറാണി സേതുപാര്വ്വതീബായിയുടെ മാര്‍ബിളില്‍ തീര്‍ത്ത പ്രതിമ പ്രതിഷ്ഠിച്ചിട്ടുള്ളത് ആകര്‍ഷകമായ രീതിയില്‍ മേല്‍ഭാഗം മൂടിയിട്ടുള്ള ആ ശിലാമണ്ഡപം ഇന്ന് പ്രതിമയില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. 1117 തുലാം 6-ാം തീയതിയാണ് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് സേതുപാര്‍വ്വതീബായി പ്രതിമ അനാച്ഛാദനം ചെയ്തത്.
വേലുത്തമ്പിദളവ പ്രതിമ
സെക്രട്ടറിയേറ്റു വളപ്പിനുള്ളില്‍ ഡര്‍ബാര്‍ ഹാളിനു മുന്‍ഭാഗത്ത് പ്രധാന വീഥിയ്ക്കരുകിലായിട്ടാണ് വേലുത്തമ്പി ദളവയുടെ പ്രതിമ നിലകൊള്ളുന്നത്. ധീരതയുടെ പ്രതീകവും ആവേശത്തിന്റെ ഇതിഹാസവുമായിരുന്ന വേലുത്തമ്പി ദളവ ആദ്യത്തെ ബഹുജന പ്രക്ഷോഭനായകനുമായിരുന്നു.
സ്വദേശാഭിമാനി പ്രതിമ
ഏജീസ് ഓഫീസിന്റെ ഒരിടുങ്ങിയ കോണിലാണ് സ്വദേശാഭിമാനിയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നിര്‍ഭയനും നീതിമാനുമായ പത്രപ്രവര്ത്തകന്, ധീരദേശാഭിമാനി, കാറല്‍മാര്‍ക്സിനെ ആദ്യമായി മലയാളികള്‍ക്കു പരിചയപ്പെടുത്തി കൊടുത്ത ഗ്രന്ഥകാരന് എന്നീ നിലകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിത്വമാണ് സ്വദേശാഭിമാനി കെ.രാമകൃഷ്ണ പിള്ളയുടേത്. കുമ്പളത്തുശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ പ്രതിമാസ്ഥാപനത്തിനു നടന്ന പ്രക്ഷോഭണം പട്ടം താണുപിള്ളയുടെ മന്ത്രിസഭാ പതനത്തിന് വഴിയൊരുക്കി.
മഹാത്മാഗാന്ധി പ്രതിമ
കിഴക്കേകോട്ടയില്‍ പുത്തിരിക്കണ്ടവും ചാലക്കമ്പോളവും സന്ധിക്കുന്ന ഭാഗത്ത് ഗാന്ധിപാര്‍ക്കിലാണ് മഹാത്മാഗാന്ധിയുടെ പ്രതിമ നില്‍ക്കുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 നും ചരമദിനമായ ജനുവരി 30 നും രാഷ്ട്രപിതാവിനെ സ്മരിച്ചുകൊണ്ട് പ്രത്യേക ചടങ്ങുകള്‍ നടത്തപ്പെടുന്നു.
ദിവാന് മാധവറാവു പ്രതിമ
തലസ്ഥാന നഗരിയില്‍ പൊതുജന പങ്കാളിത്തത്തോടെ അനാച്ഛാദനം ചെയ്യപ്പെട്ട ആദ്യ പ്രതിമ രാജാ സര് ടി.മാധവറാവുവിന്റേതാണ്. തിരുവിതാംകൂറിനെ ആധുനികവല്‍ക്കരിക്കുന്നതിന് മുഖ്യ പങ്കു വഹിച്ച ടി.മാധവറാവു (1858-72) ദിവാന്‍ജി എന്ന നിലയില്‍ വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലും, ജനറല്‍ ആശുപത്രി, ഹജ്ജൂര്ക്കച്ചേരിയുടെ പൂര്‍വ്വരൂപം, ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് തുടങ്ങിയവ സ്ഥാപിച്ച് ഈ നാടിന്റെ മുഖച്ഛായ മാറ്റുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. രാജ്യാഭിവൃദ്ധിക്കു വേണ്ടി നിതാന്ത ജാഗ്രത പുലര്‍ത്തിയ ദിവാന്‍ജിയെ ഇവിടത്തെ ജനങ്ങള്‍ ആദരിച്ചുവെന്നതിന്റെ തെളിവാണ് പ്രസ്തുത പ്രതിമ. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1894-ല്‍ കേരള വര്‍മ്മ വലിയകോയിത്തമ്പുരാനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
തകര്‍ന്ന സി.പി. പ്രതിമകള്‍
തമ്പാനൂരിലെ സി.പി. സത്രത്തിനു മുന്നിലായി സ്ഥാപിച്ചിരുന്ന സര് സി.പി. യുടെ അര്‍ദ്ധകായ പ്രതിമ സ്വാതന്ത്ര്യസമരം കത്തിക്കാളിയ ഘട്ടത്തില്‍ അജ്ഞാതരായ ചിലര്‍ തല്ലിത്തകര്‍ത്തു. പ്രതിമ നിന്നിരുന്ന മണ്ഡപം ഇന്നും കാണാം. നിയമസഭാ കവാടത്തിനു മുന്നിലായി സ്ഥാപിച്ചിരുന്ന സര് സി.പിയുടെ മറ്റൊരു പ്രതിമയും പറവൂര്‍ ടി.കെ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ തല്ലിത്തകര്ക്കുകയുണ്ടായി. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി ആദ്യജനകീയ മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ നിയമസഭാകവാടത്തില്‍ സ്ഥാപിച്ചിരുന്ന സര് സി.പിയുടെ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യം അതോടെ ശക്തിപ്രാപിച്ചു. നിയമസഭ സമ്മേളിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ ഒരു ദിവസം കാലത്തു സഭയിലെത്തുമ്പോള്‍ പ്രതിമ നിന്നിരുന്നു എന്നു പോലും തോന്നാത്തവിധം നിര്‍ത്തിയിരുന്ന തൂണിന്റെ അടിയോടുകൂടി പിഴുതുമാറ്റിയ കാഴ്ചയാണു കണ്ടത്. ആരേയും അറിയിക്കാതെ ഒരു രാത്രി ഏതാനും മണിക്കൂറുകള്‍ കൊണ്ടു ഒരു വിദഗ്ദ്ധനായ കല്ലാശാരിയുടെ സഹായത്തോടു കൂടി പ്രതിമ മുറിച്ചുമാറ്റുകയാണുണ്ടായത്.

പൊന്നറ ശ്രീധര്‍ പ്രതിമ
പൊന്നറ ശ്രീധറിന്റെ അര്‍ദ്ധകായ പ്രതിമ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനു സമീപമുള്ള പൊന്നറ പാര്‍ക്കിലാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യസമരസേനാനിയും നിയമസഭാസാമാജികനും നഗരപിതാവുമായിരുന്ന പൊന്നറ ശ്രീധര്‍ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്.
കുമാരനാശാന് പ്രതിമ
സര്‍വ്വകലാശാല മന്ദിരത്തിന് മുന്നിലുള്ള പ്രധാന വീഥിയില്‍ എം.എല്‍.എ ഹോസ്റ്റലിനും യൂണിവേഴ്സിറ്റി ലൈബ്രറിക്കും മധ്യേയുള്ള ജംഗ്ഷനിലാണ് മഹാകവി കുമാരനാശാന്റെ പ്രതിമ സ്ഥാപിതമായിരിക്കുന്നത്. വിശാലമായ ട്രാഫിക് ഐലന്റിനുള്ളിലെ പൂന്തോട്ടത്തിന് മധ്യ ഭാഗത്തായി ആശാന്റെ പ്രതിമ സ്ഥിതി ചെയ്യുന്നു. ഇതുമൂലം ഈ ജംഗ്ഷന് ആശാന് സ്ക്വയര്‍ എന്ന പേര് വന്നു.

പട്ടം താണുപിള്ള പ്രതിമ
പാളയത്ത് യൂണിവേഴ്സിറ്റി കോളേജിന്റെയും വി.ജെ.ടി ഹാളിന്റെയും മുന്‍പിലുള്ള ജംഗ്ഷനിലാണ് പട്ടം താണുപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 1985 ഫെബ്രുവരി 7 ന് രാഷ്ട്രപതി സെയില്‍ സിംഗ് പട്ടം താണുപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തു.
മഹാകവി ഉള്ളൂര്‍ പ്രതിമ
പാളയത്ത് പബ്ളിക് ലൈബ്രറി വളപ്പിലാണ് മഹാകവി ഉള്ളൂരിന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത്.

വയലാര്‍ രാമവര്‍മ്മ പ്രതിമ
മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ പ്രശസ്ത കവി വയലാര്‍ രാമവര്‍മ്മയുടെ പ്രതിമ സമീപകാലത്താണ് നഗരത്തില്‍ സ്ഥാപിക്കപ്പെട്ടത്. ഈ പ്രതിമ വെള്ളയമ്പലത്തിനും മ്യൂസിയം ജംഗ്ഷനും മധ്യേ സ്ഥിതി ചെയ്യുന്നു.
സുഭാഷ് ചന്ദ്രബോസ് പ്രതിമ
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരപോരാളിയായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ പി.എം.ജി ജംഗ്ഷനിലാണ് സ്ഥിതി ചെയ്യുന്നത്. കാനായി കുഞ്ഞിരാമന്റെ കരവിരുതില്‍ രൂപപ്പെട്ട ഈ പ്രതിമ 1985 ഫെബ്രുവരി 7 ന് രാഷ്ട്രപതി സെയില്‍ സിംഗ് അനാച്ഛാദനം ചെയ്തു.

സി. കേശവന് പ്രതിമ
സ്വാതന്ത്ര്യസമര സേനാനിയും കേരള രാഷ്ട്രീയത്തിലെ അതികായനുമായ സി.കേശവന്റെ പ്രതിമ സ്ഥാപിതമായിരിക്കുന്നത് നക്ഷത്ര ബംഗ്ളാവിന് സമീപമാണ്. നിവര്‍ത്തന പ്രസ്ഥാനത്തിന്റെ ധീരനായ സാരഥി, സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ്, തിരുക്കൊച്ചി മുഖ്യമന്ത്രി എന്നീ നിലകളില്‍ തിരുവിതാംകൂറിലും തിരുക്കൊച്ചിയിലും ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു സി. കേശവന്റേത്.

ജി. ദേവരാജന്‍ പ്രതിമ
പ്രസിദ്ധ ചലച്ചിത്രഗാന സംവിധായകനായ ദേവരാജന്‍ മാസ്റ്ററുടെ പ്രതിമ ആല്‍ത്തറ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു.
അക്കാമ്മ ചെറിയാന് പ്രതിമ
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നതും തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചതുമായ ജാഥയ്ക്കു നേതൃത്വം കൊടുത്ത അക്കാമ്മ ചെറിയാന്റെ പ്രതിമ 1991 ല്‍ ഡോ. ജി.രാമചന്ദ്രന് രാജ്ഭവനു സമീപത്തായി അനാച്ഛാദനം ചെയ്തു. ധീരത കൊണ്ട് ചരിത്രം സൃഷ്ടിച്ച അക്കാമ്മ ചെറിയാന് ഉത്തരവാദ പ്രക്ഷോഭണം കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ ചരിത്രപ്രസിദ്ധമായ ഗംഭീര ജാഥ രാജധാനിയിലേക്ക് നയിച്ചത് സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമാണ്.
അംബേദ്കര്‍ പ്രതിമ
പുതിയ നിയമസഭാ മന്ദിരത്തിന് മുന്നിലായി അംബേദ്കറുടെ പ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. നിരവധി നിവേദനങ്ങള്‍ക്കും നീണ്ട പ്രക്ഷോഭണങ്ങള്‍ക്കും ശേഷമാണ് ഭരണഘടനാ ശില്പിയായ ബാബാസാഹേബ് അംബേദ്കറുടെ പ്രതിമ നിയമസഭാ മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചത്.
ജവഹര്‍ലാല്‍ നെഹ്റു പ്രതിമ
മഹാത്മാഗാന്ധിയുടേയും ബാബാസാഹേബ് അംബേദ്കറുടേയും പ്രതിമകളോടൊപ്പം ജവഹര്‍ലാല്‍ നെഹ്റുവിന്റേയും പ്രതിമ നിയമസഭാ മന്ദിരത്തിനു മുന്നില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
ഇ.എം.എസ് പ്രതിമ
നിയമസഭാ മന്ദിരത്തിനു മുന്നിലായുള്ള പൂന്തോട്ടത്തിലാണ് കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ ഇ.എം.എസ്സിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കാനായി കുഞ്ഞിരാമനാണ് ഈ പ്രതിമയുടെ ശില്പി.
ശ്രീ സിംഗ് ബഹദുര്ജി പ്രതിമ
ശ്രീ സിംഗ് ബഹദുര്‍ജിയുടെ പ്രതിമ കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്നു.

അയ്യങ്കാളി പ്രതിമ
നൂറ്റാണ്ടുകളായി നരകയാതന അനുഭവിച്ചിരുന്ന അധ:കൃത ജനവിഭാഗത്തെ ഉദ്ധരിക്കുന്നതില്‍ സാഹസികമായി യത്നിച്ച വിശിഷ്ട വ്യക്തിത്വത്തിനുടമയായ അയ്യങ്കാളിയുടെ പ്രതിമ കവടിയാര്‍ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
ടി.എം. വര്‍ഗ്ഗീസ്
തന്റെ സര്‍വ്വസ്വവും രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നതില്‍ ജീവിത സാഫല്യം കണ്ടെത്തിയ കര്‍മ്മയോഗിയും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ ടി.എം.വര്‍ഗ്ഗീസ് 1885 ഏപ്രില്‍ 25-ാം തീയതിയാണ് ജനിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്ഥാപക നേതാവ്, പ്രമുഖ അഭിഭാഷകന്, ശ്രീ മൂലം അസംബ്ളിയുടെ വൈസ് പ്രസിഡന്റ്, നാട്ടുരാജ്യ പ്രജാ കൌണ്‍സിലിന്റെ ഉപാധ്യക്ഷന്‍, തിരുവിതാംകൂറിലെ ആദ്യ ആഭ്യന്തരമന്ത്രി, തിരുക്കൊച്ചി നിയമസഭാ സ്പീക്കര്‍ എന്നീ നിലകളില്‍ ജനങ്ങളെ സേവിച്ചു. ഉത്തരവാദിത്വ ഭരണം നടപ്പിലാക്കണമെന്ന പ്രമേയം ഇന്ത്യയിലെ ഒരു സംസ്ഥാന നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ച ക്രാന്തദര്‍ശി കൂടിയായിരുന്നു ശ്രീമാന്‍ ടി.എം. വര്‍ഗ്ഗീസ്.
രാജീവ്ഗാന്ധി പ്രതിമ
ചെങ്കല്‍ചൂളയിലാണ് രാജീവ്ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്നത്.