വാസ്തു ശില്പകലയുട മഹത്വം വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങള്‍ നഗരത്തില്‍ ഇന്നും തലയുയര്‍ത്തി നില്ക്കുന്നു. പ്രകൃതിയുടെ സവിശേഷതകള്‍ക്കനുസരിച്ച് പ്രകൃതിദത്തമായ മണ്ണ്, തടി, ഓല എന്നിവ ഉപയോഗിച്ചുള്ളതായിരുന്നു പ്രാചീന പാര്‍പ്പിട നിര്‍മ്മാണ രീതി. രാജകൊട്ടാരങ്ങള്‍ക്കും പ്രഭു മന്ദിരങ്ങള്ക്കുമായിരുന്നു കൂടുതല്‍ വലിപ്പവും ശില്പചാതുരിയും മറ്റു സൌകര്യങ്ങളും. വിദേശികളുടെ വരവോടെ വ്യത്യസ്ത വാസ്തുശില്പശൈലിയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങി. രാജഭരണകാലത്തെ ശില്പകലയില് പ്രാവീണ്യം നേടിയ അന്യ ദേശക്കാര്‍ നഗരത്തിലെ പ്രധാന മന്ദിരങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ പങ്കാളികളായി. പത്മനാഭസ്വാമി ക്ഷേത്രം, വിജെടി ഹാള്‍, സെക്രട്ടറിയേറ്റ്, പഴവങ്ങാടി ക്ഷേത്രം, എല്‍.എം.എസ് കെട്ടിടം എന്നിവ ഇതിനുദാഹരണങ്ങളാണ്. 1941-ല്‍ തിരുവനന്തപുരത്തെ ജനസംഖ്യ 128365 ഉം വീടുകളുടെ എണ്ണം 21370 ഉം ആയിരുന്നു. 25000 ത്തോളം ആളുകള്‍ ഭൂരഹിതരും ഭവനരഹിതരുമായിരുന്നു. കേരളീയ ഭൂപ്രകൃതിയും കാലാവസ്ഥയും ഉള്‍ക്കൊണ്ട് മധ്യവര്‍ഗ സമൂഹത്തിനും പാവപ്പെട്ടവനും പാകപ്പെടുന്ന മഹത്തായ പാര്‍പ്പിട സങ്കല്‍പ്പം ലാറി ബേക്കര്‍ രൂപപ്പെടുത്തി. ചെലവുകുറഞ്ഞ ഭവനങ്ങളുടെയും കെട്ടിടങ്ങളുടെയും ഉപജ്ഞാതാവാണ് ബേക്കര്‍. 1917 ല്‍ ഇംഗ്ളണ്ടില്‍ ജനിച്ച ബേക്കര്‍ ഗാന്ധിജിയുടെ പ്രേരണമൂലം ഇന്ത്യയില്‍ സേവനമനുഷ്ഠിക്കാനായെത്തി. 1948 മുതല്‍ 1963 വരെ ഉത്തര്‍പ്രദേശിലെ പിത്തോര്‍ഗഢില്‍ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പിന്നീടു തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. തിരുവനന്തപുരത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, പൊന്മുടി ടൂറിസ്റ്റ് സെന്റര്‍ തുടങ്ങിയവ ബേക്കര്‍ നിര്മ്മിതികള്ക്കുദാഹരണങ്ങളാണ്. ചെലവുകുറഞ്ഞ പാര്‍പ്പിട നിര്‍മ്മാണം എന്ന ലക്ഷ്യത്തോടെ തൃശ്ശൂരില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്ന സ്ഥാപനത്തിന് രൂപം കൊടുത്തു. പത്മശ്രീ ഗ്രാന്റ് മാസ്റ്റേഴ്സ് അവാര്‍ഡ്, ഇന്ത്യന്‍ നാഷണല്‍ ഹെറിറ്റേജ് അവാര്‍ഡ് തുടങ്ങി ദേശീയ രാജ്യാന്തര പുരസ്കാരങ്ങളും ഡോക്ടറേറ്റ് ബിരുദങ്ങളും ലഭിച്ചിട്ടുണ്ട്. പാവപ്പെട്ട ജനസമൂഹത്തിനു വേണ്ടി നിര്‍മ്മിക്കപ്പെട്ട ലാറി ബേക്കര്‍ മോഡല്‍ വീടുകള്‍ പാര്‍പ്പിട രംഗത്തെ മറ്റൊരു വിപ്ളവത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു. ഒപ്പം പാര്‍പ്പിട പ്രശ്നത്തിന് പരിഹാരവും.
1997-98 ലെ തിരുവനന്തപുരം നഗരസഭയുടെ വികസന രേഖയില്‍ 2001-ാമാണ്ടോടു കൂടി നഗരത്തില്‍ 186000 കുടുംബങ്ങള്‍ ഉണ്ടായിരിക്കുമെന്നും 17000 ത്തോളം കുടുംബങ്ങള്‍ ഭവനരഹിതമായിരിക്കുമെന്നും വിലയിരുത്തിയിരുന്നു. നഗരത്തില്‍ നിലവിലുള്ള വീടുകളില്‍ 29% കച്ച വിഭാഗത്തിലും 40% ഇടത്തരം വിഭാഗത്തിലും 31% ഭേദപ്പെട്ട വിഭാഗത്തിലും പെടുമെന്നും കണക്കാക്കിയിരുന്നു. കേരളാ സ്റ്റേറ്റ് ഹൌസിംഗ് ബോര്‍ഡിന്റെ അപ്പാര്‍ട്ട്മെന്റ് കോംപ്ളക്സുകള്‍, റീജിയണല്‍ പ്രോവിഡന്റ് ഫണ്ട് ക്വാര്‍ട്ടേഴ്സ്, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യാ സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍, എം.എല്‍.എ ക്വാര്‍ട്ടേഴ്സ്, വിവിധ ഗവ. ക്വാര്‍ട്ടേഴ്സുകള്‍, സ്വകാര്യമേഖലയില്‍ നിര്‍മ്മിച്ചു വിപണനം ചെയ്യുന്ന ഫ്ളാറ്റ് സമുച്ചയങ്ങള്‍ തുടങ്ങിയവയും വാസഗൃഹങ്ങളുടെ പുതിയ മുഖങ്ങളായി ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രശസ്തമായ നിര്‍മ്മിതി കേന്ദ്രത്തിന്റെ ആസ്ഥാനവും തിരുവനന്തപുരത്താണ്. 2000-ാമാണ്ടില്‍ തിരുവനന്തപുരം നഗരസഭയുടെ സമീപ പഞ്ചായത്തുകളായിരുന്ന ആറ്റിപ്ര, കടകംപള്ളി, ഉള്ളൂര്‍, നേമം, തിരുവല്ലം പഞ്ചായത്തുകള്‍ കൂടി നഗരസഭയോടു കൂട്ടിച്ചേര്‍ത്തു. 50 വാര്‍ഡുകളുണ്ടായിരുന്ന നഗരസഭ 86 വാര്‍ഡുകളുള്ള വിസ്തൃതിയുള്ള പ്രദേശമായിത്തീര്ന്നതോടെ തിരുവനന്തപുരം നഗരസഭയുടെ പരിധിയില്‍ എല്ലാ ശൈലിയിലും നിലവാരത്തിലുമുള്ള കെട്ടിടങ്ങള്‍ കാണാന്‍ കഴിയും. ഇന്ന് നഗരസഭയില്‍ 100 വാര്‍ഡുകളുണ്ട്.