മന്ദിരങ്ങള്‍

വിക്ടോറിയാ രാജ്ഞിയുടെ ഭരണത്തിന്റെ സുവര്‍ണ ജൂബിലി സ്മാരകമായിട്ടാണ് വിക്ടോറിയ ജൂബിലി ടൌണ്‍ ഹാള്‍ 1896 ജനുവരി 25 ന് മഹാരാജാവ് ഉദ്ഘാടനം ചെയ്തത്. തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സഭയുടെ പ്രാരംഭകാല പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതും ഈ ടൌണ്ഹാളാണ്. സര് സി.പി യുടെ കാലത്തു ജനപ്രതിനിധികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ നിയമസഭാ സമ്മേളനം സെക്രട്ടറിയേറ്റിലേക്കു മാറ്റി. എണ്ണമറ്റ ചരിത്രസംഭവങ്ങള്‍ക്ക് വേദിയായിട്ടുള്ള മന്ദിരമാണ് വി.ജെ.ടി ഹാള്‍. നൂറു വര്‍ഷം പിന്നിട്ട ഈ ചരിത്രസ്മാരകം ഇന്നും കേടു കൂടാതെ കാലപ്പഴക്കത്തെ അതിജീവിച്ചുകൊണ്ടു അതിമനോഹരമായ കാഴ്ചയായി, അനന്തപുരിയുടെ അഭിമാനമായി നിലകൊള്ളുന്നു. ഇന്നും തിരുവനന്തപുരത്തെ കലാസാംസ്കാരിക പരിപാടികളുടെയും സര്‍ക്കാര്‍ പരിപാടികളുടെയുമെല്ലാം പ്രധാന വേദി വി.ജെ.ടി ഹാള്‍ തന്നെയാണ്.
ഉയര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥന്മാര്ക്കും വിശിഷ്ടാതിഥികള്‍ക്കും വേണ്ടി രാജഭരണകാലത്ത്
നിര്‍മ്മിക്കപ്പെട്ട പഴയ ഗസ്റ്റ് ഹൌസാണ് ഇന്നത്തെ രാജ്ഭവന്. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് തലസ്ഥാന നഗരമെന്ന നിലയില്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു. കവടിയാര്‍ രാജവീഥിക്കരികിലായി അതിമനോഹരമായ ഒരു പ്രദേശത്താണ് രാജ്ഭവന് സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമെന്ന നിലയില്‍ ഈ നഗരത്തിലാണ് മുഖ്യ മന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റെയും ഔദ്യോഗിക വസതികളും ഓഫീസും സ്ഥിതി ചെയ്യുന്നത്. ക്ളിഫ് ഹൌസ് മുഖ്യമന്ത്രിയുടെയും; കന്റോണ്‍മെന്റ് ഹൌസ് പ്രതിപക്ഷ നേതാവിന്റേയും ഔദ്യോഗിക വസതികളാണ്. മന്ത്രിമന്ദിരങ്ങളായി ഉപയോഗിക്കപ്പെടുന്ന ഒരു ഡസനിലധികം മനോഹരമായ ബംഗ്ളാവുകള്‍ നഗരത്തിലുണ്ട്. മന്മോഹന് ബംഗ്ളാവ് രാജ്ഭവനോട് ചേര്‍ന്ന് നില്ക്കുന്ന ഒരു മന്ത്രിമന്ദിരമാണ്.

രാജമന്ദിരങ്ങള്

നവരാത്രി മണ്ഡപമെന്നും ചൊക്കിട്ടാമണ്ഡപമെന്നും അറിയപ്പെടുന്ന നൃത്ത മണ്ഡപം (നര്‍ത്തകികളെ ചൊക്കിട്ടകള്‍ എന്നു പറയുമായിരുന്നു) കൊട്ടാര സമുച്ചയത്തിലെ മനോഹരമായ എടുപ്പാണ്. കോട്ടയ്ക്കകത്ത് പടിഞ്ഞാറേ കോട്ട വാതിലിന് വടക്ക് ഭാഗത്തായി മൂന്നു കോയിക്കലുകളുണ്ട്. അവയില്‍ തെക്കേ അറ്റത്തുള്ള ശംഖുചക്രം അഥവാ സരസ്വതി വിലാസം കോയിക്കലിലാണ് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ താമസിച്ചിരുന്നത്. പദ്മവിലാസം ദിവാന് മാധവറാവുവിന്റെ താമസത്തിനായി പണിയിച്ചതാണ്. വഴുതയ്ക്കാട് ഭക്തിവിലാസം ബംഗ്ളാവ് പണിയിച്ച് ദിവാന് പി.രാജഗോപാലാചാരി (1908-14) അത് ദിവാന്റെ വാസസ്ഥലമാക്കി. അതി വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ 1900 ല്‍ നിര്‍മ്മിച്ചതാണ് കനകക്കുന്ന് കൊട്ടാരം. അവര്‍ക്ക് താമസിക്കാന്‍ നിര്‍മ്മിച്ചതാണ് വെള്ളയമ്പലം കൊട്ടാരം. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന് വേണ്ടി 1934 ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് കവടിയാര്‍ കൊട്ടാരം.
പട്ടത്തെ കൊട്ടാരവും സമീപത്തെ തുളസീഹില്‍ ബംഗ്ളാവും അതിവിശിഷ്ടാതിഥികള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്. പട്ടം കൊട്ടാരം രാജകുടുംബത്തിനും തുളസീഹില്‍ ബംഗ്ളാവ് സര്‍ക്കാരിനും ലഭിച്ചു. ആദ്യത്തേതില്‍ ഇളയ രാജാവായിരുന്ന ഉത്രാടം തിരുനാളിന്റെ പേരില്‍ ആശുപത്രിയും (എസ്.യു.റ്റി) തുളസീഹില്‍ ബംഗ്ളാവില്‍ പബ്ളിക് സര്‍വ്വീസ് കമ്മീഷനും പ്രവര്‍ത്തിക്കുന്നു. ഉയര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥന്മാര്ക്ക് താമസിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഏതാനും വലിയ ബംഗ്ളാവുകള്‍ ഇപ്പോള്‍ ചരിത്രസ്മാരകങ്ങളായി തീര്‍ന്നിരിക്കുന്നു. മഹാരാജാസ് കോളേജ് പ്രഥമാധ്യാപകനായിരുന്ന ജോണ്‍റോസ് താമസിച്ചിരുന്ന റോസ്ഹൌസ്, സി.ഡബ്ള്യു.ഇ.കോട്ടണ്‍ താമസിച്ചിരുന്ന കോട്ടണ്‍ഹില്‍ ബംഗ്ളാവ്, ഹജ്ജര് കച്ചേരിയുടെ നിര്‍മ്മാതാവും ചീഫ് എഞ്ചിനീയറുമായിരുന്ന ബാര്‍ട്ടണ്‍ താമസിച്ചിരുന്ന ബാര്‍ട്ടണ്‍ ഹില്‍ ബംഗ്ളാവ് (ഇന്നത്തെ ലോകോളേജ്) എന്നിവയ്ക്ക് അവരുടെ പേരുകള്‍ തന്നെ ലഭിച്ചു. ഇപ്പോള്‍ മന്ത്രി മന്ദിരങ്ങളായി ഉപയോഗിക്കുന്ന ക്ളിഫ് ഹൌസ്, ലിന്റ് ഹേഴ്സ്റ്റ് ബംഗ്ളാവ്, മന്മോഹന് പാലസ്, എസ്സന്‍ഡീന്‍, സാനഡു, തൈയ്ക്കാട് ഹൌസ് എന്നിവയും ഇപ്പോള്‍ രാജ് ഭവന് പ്രവര്‍ത്തിക്കുന്ന പഴയ ഗസ്റ്റ് ഹൌസും, ഇപ്പോള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്ന നളന്ദയും (പഴയ റൊഡേഷിയന്‍ ബംഗ്ളാവ്), ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ പഴയ മന്ദിരവും, ഇപ്പോള്‍ പോലീസ് കമ്മീഷണര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന മന്ദിരവും ഇപ്രകാരം ഉദ്യോഗസ്ഥന്മാര്ക്ക് താമസിക്കാന്‍ നിര്‍മ്മിച്ചവയാണ്. സര്‍വ്വ വിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കല്‍പ്പന ബംഗ്ളാവ് സി.പി.രാമസ്വാമി അദ്ദേഹത്തിന്റെ സെക്രട്ടറി ചിദംബരത്തിനു വേണ്ടി പണി കഴിപ്പിച്ചതാണ്. 28 ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചു എന്ന സവിശേഷതയും ഈ കെട്ടിടത്തിനുണ്ട്. വഞ്ചിയൂരില്‍ എസ് എം വി സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം കോടതികള്‍ക്ക് നല്കിയപ്പോള് ഇന്നത്തെ വഞ്ചിയൂര്‍ കോടതി, പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്സ് നിന്ന സ്ഥലത്തേക്ക് മാറ്റുകയും പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്സ് വഴുതക്കാട്ട് വിലയ്ക്ക് വാങ്ങിയ ദില്‍ക്കുഷ് ബംഗ്ളാവിലേക്ക് മാറ്റുകയും ചെയ്തു. 19-ാം ശതകത്തില്‍ പണി കഴിപ്പിച്ച റസിഡന്‍സി ബംഗ്ളാവ് 1948 ല്‍ ആദ്യത്തെ തിരുവിതാംകൂര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്നു. പിന്നീടത് ഗവണ്മെന്റ് ഗസ്റ്റ് ഹൌസ് ആകുകയും കവടിയാറിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൌസ് 1956 ല്‍ രാജ് ഭവന് ആകുകയും ചെയ്തു. എക്സൈസ് കമ്മീഷണറായിരുന്ന വാന്‍ റോസ് സ്വന്തം നിലയില്‍ പണിയിച്ച വാന്‍ റോസ് ബംഗ്ളാവ് റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ കേന്ദ്രമായി. മ്യൂസിയം, പബ്ളിക് ലൈബ്രറി, ഫൈന്‍ ആര്‍ട്സ് കോളേജ്, വിക്ടോറിയാ ജൂബിലി ടൌണ്‍ ഹാള്‍, സെക്രട്ടറിയേറ്റ്, യൂണിവേഴ്സിറ്റി കോളേജ്, വിമന്‍സ് കോളേജ്, ആര്‍ട്സ് കോളേജ്, നക്ഷത്ര ബംഗ്ളാവ് തുടങ്ങിയവയാണ് മറ്റ് ചില പ്രധാന മന്ദിരങ്ങള്‍. കാഴ്ച ബംഗ്ളാവിനോടനുബന്ധിച്ച്, സിമന്റുപയോഗിക്കാതെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മുഖപ്പുകളും (ഗേറ്റ്) ചിത്രാലയവും അനന്യ സാധാരണമായ ശില്പ വൈഭവം പുലര്‍ത്തുന്നു. കേരളപ്പിറവിക്ക് ശേഷം നിര്‍മ്മിക്കപ്പെട്ട വാസ്തു വൈഭവത്തില്‍ മെഡിക്കല്‍ കോളേജ്, ആയുര്‍വേദ കോളേജ്, വികാസ് ഭവന്, കോര്പ്പറേഷന് മന്ദിരം, നിയമസഭാ കോംപ്ളക്സ് എന്നിവയ്ക്ക് ഈടിലോ ഭംഗിയിലോ മുന്‍കാല മന്ദിരങ്ങളോട് കിടപിടിക്കാനായിട്ടില്ല.
ചരിത്ര സ്മരണികകള്‍
കോട്ടയ്ക്കകം: ചരിത്രമുറങ്ങുന്ന പഴയ ഭരണ സിരാകേന്ദ്രമായ കോട്ടയ്ക്കകം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഭാരതത്തിലെ തന്നെ മുഖ്യ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കൂടാതെ വേറെയും നിരവധി ഹൈന്ദവ ദേവാലയങ്ങള്‍ ഇവിടത്തെ അന്തരീക്ഷത്തിന് ആദ്ധ്യാത്മികത പകരുന്നു. സമചതുരാകൃതിയിലുള്ള കരിങ്കല്‍ കൊണ്ടും ഒരുതരം വെട്ടുകല്ല് കൊണ്ടും ആണ് കിഴക്കേകോട്ട പണിതിരിക്കുന്നത്. കോട്ടയ്ക്കകത്തെ പുണ്യതീര്‍ത്ഥമാണ് പുണ്യതീര്ത്ഥകുളം. ശ്രീ പത്മനാഭ ക്ഷേത്രത്തിന് സമീപമായി വിസ്തൃത മനോഹരമായ അന്തരീക്ഷത്തിലാണ് പത്മതീര്‍ത്ഥം സ്ഥിതി ചെയ്യുന്നത്. പത്മതീര്ത്ഥത്തിന് മധ്യഭാഗത്തുള്ള 8 അടിയോളം താഴ്ചയുള്ള കിണറാണ് തീര്‍ത്ഥകിണര്‍.
സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിനു മുകളിലായി സ്ഥാപിച്ച നാഴികമണിയാണ് മേത്തന്‍മണി. ആലപ്പുഴയിലെ കാലഡികോട്ട് എന്ന സായിപ്പ് മദിരാശിയിലെ ചിന്നപട്ടണത്തില്‍ നിന്ന് രണ്ട് നാഴികമണികള്‍ വാങ്ങുകയും ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് പത്മനാഭപുരത്തും സ്ഥാപിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സ്ഥാപിച്ച നാഴികമണി യന്ത്രത്തില്‍ വിനോദ രൂപേണ മഹാഗ
ണിയില്‍ കൊത്തുപണികളോടെ ഒരു മുസ്ളീമിന്റെ മുഖരൂപവും അതിന്റെ ഇരുവശങ്ങളിലുമായി രണ്ടാട്ടിന്‍ കുട്ടികളുടെ രൂപത്തേയും ബന്ധിപ്പിച്ചിരിക്കുന്നു. മണിശബ്ദം മുഴങ്ങുമ്പോള്‍ ആട്ടിന്‍ കുട്ടികള്‍ മുസ്ളീമിന്റെ മുഖത്ത് പരസ്പരം മുട്ടുന്നു. ഒരു പ്രത്യേക തരം ചെമ്പുതകിടില്‍ പണി കഴിപ്പിച്ച മേത്തന് മണിയുടെ നിര്‍മ്മാതാവ് വഞ്ചിയൂരിലുള്ള ഒരു ഇരുമ്പ് പണിക്കാരനാണെന്നും ആ പണിക്കാരന്റെ പരമ്പരയില്‍പ്പെട്ടവരാണ് പില്ക്കാലത്ത് മണിയുടെ അറ്റകുറ്റപണികള്‍ നിര്‍വ്വഹിച്ചു പോരുന്നതെന്നും പറയപ്പെടുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് സ്ഥാപിച്ചിരുന്ന മേത്തന് മണിയും അത് നിലകൊള്ളുന്ന ഇരുനില മാളികയും ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യ നിലയില്‍ കൊട്ടാരം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. മുകളിലെ കരുവേലപ്പുരമാളികയിലാണ് മേത്തന് മണി സ്ഥാപിച്ചിരുന്നത്. രാജാക്കന്മാര് ഒരു കാലത്ത് പ്രജകളുടെ പരാതി സ്വീകരിച്ചിരുന്നത് ഇവിടെ വെച്ചായിരുന്നു.

ശ്രീ വിദ്യാധിരാജാ സഭയുടെ ആസ്ഥാനവും ശ്രീ വിദ്യാധിരാജാ സ്വാമികളുടെ പ്രതിഷ്ഠ കൊണ്ട് ധന്യവുമായ പര്‍ണ്ണശാലയാണ് തീര്‍ത്ഥപാദ മണ്ഡപം. നിരവധി അദ്ധ്യാത്മിക സാംസ്കാരിക സമ്മേളനങ്ങളുടെ അരങ്ങ് കൂടിയാണ് ഈ മണ്ഡപം. ഒട്ടേറെ കലാസാംസ്കാരിക സമ്മേളനങ്ങളുടെ വേദിയും കഥകളി, നാടകം തുടങ്ങിയ കലാവിരുന്നുകളുടെ അരങ്ങും അണിയറയും കൂടിയാണ് തീര്‍ത്ഥപാദമണ്ഡപവും കാര്‍ത്തിക തിരുനാള്‍ തീയേറ്ററും. മനോഹരമായ കൊത്തുപണികളോടുകൂടിയ തിരുവിതാംകൂര്‍ ശൈലിയില്‍ സ്വാതി തിരുനാള്‍ മഹാരാജാവ് പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പണി കഴിപ്പിച്ച കൊട്ടാരമാണ് കുതിരമാളിക. ഇപ്പോള്‍ രാജകുടുംബത്തിലേയും രാജഭരണകാലത്തേയും അമൂല്യ വസ്തുക്കളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മ്യുസിയമാണ് ഇവിടം.
ചരിത്രപണ്ഡിതന്മാര്ക്കും ഗവേഷണ തല്പരര്ക്കും മാര്ഗ്ഗദര്ശനമേകുന്ന അത്യപൂര്‍വ്വ പുരാതന രേഖകളും താളിയോല ഗ്രന്ഥങ്ങളും പ്രാചീന ഗ്രന്ഥ ശേഖരവും അടങ്ങുന്ന ഇരയിമ്മന്‍ തമ്പിയുടെ സ്മരണ നിലനിര്‍ത്തുന്ന ഗവേഷണ കേന്ദ്രമാണ് ഇരയിമ്മന്‍ ഗവേഷണ കേന്ദ്രം. ട്രാന്‍സ്പോര്‍ട്ട് ഗ്യാരേജിനും സംസ്കൃത സ്കൂളിനും എതിരെ തെക്കേ തെരുവിലെ അയണ്‍ വില്ല വളപ്പില്‍ ക്ഷേത്ര പ്രവേശന വിളംബര സ്മാരകമായി സ്ഥാപിച്ചിരിക്കുന്നു. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പ്രതിമ അത്രയേറേ ശ്രദ്ധിക്കപ്പെടാതെ നിലകൊള്ളുന്നു. കൊ. വ 992-ല്‍ പടിഞ്ഞാറെ കോട്ട വാതില്‍ പുതുക്കി പണിതു. പടിഞ്ഞാറെ കോട്ട വാതില്‍ വഴിയാണ് ശംഖുമുഖത്തേക്ക് തിരുവാറാട്ടിന് മഹാരാജാവ് എഴുന്നള്ളാറുള്ളത്. കോട്ടയ്ക്കകത്തെ പൂജനെല്പ്പുരയാണ് ഇപ്പോഴത്തെ പാഞ്ചജന്യം കല്ല്യാണമണ്ഡപം. അനാഥ സംരക്ഷണത്തിന് 1934 ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവാണ് ശ്രീ ചിത്രാ പുവര്‍ ഹോം സ്ഥാപിച്ചത്. ശ്രീ ചിത്രാ ഹോം, വഞ്ചി പുവര്‍ ഫണ്ട് എന്നിവ രണ്ട് സംരംഭങ്ങളാണ്. ശ്രീ ചിത്രാ ഹോമിലെ കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം അവിടത്തന്നെ നേടുന്നു. വിവിധ തരം തൊഴില്‍ പരിശീലനങ്ങളും ഇവിടെ നല്കപ്പെടുന്നു.
ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സ്ഥാനം നേടിയതാണ് പുളിമൂട്ടിലെ എന്‍.എസ്.കുറുപ്പിന്റെ പ്രസിദ്ധമായ രാഷ്ട്രീയ ഹോട്ടല്‍. പട്ടം താണുപിള്ള, എ. നാരായണപിള്ള, പറവൂര്‍ ടി.കെ, പൊന്നറ ശ്രീധര്‍, ടി.എം.വര്‍ഗീസ് തുടങ്ങിയ നേതാക്കളുടെ സമ്മേളന സ്ഥലമായിരുന്നു ഇവിടം. പുളിമൂട് ജംഗ്ഷനില്‍ പഴകി ജീര്‍ണിച്ച ഒരു ഇരുനില കെട്ടിടം സ്ഥിതി ചെയ്തിരുന്നതിലായിരുന്നു ഈ രാഷ്ട്രീയ ഹോട്ടല്‍. രാഷ്ട്രീയ പ്രവര്‍ത്തകരുടെ
ധര്‍മ്മശാലയും അഭയാര്‍ത്ഥികളുടെ രക്ഷാകേന്ദ്രവുമായിരുന്നു ഒരു കാലത്ത് രാഷ്ട്രീയ ഹോട്ടല്‍. സര്‍ക്കാര്‍ കച്ചേരി അഥവ ഹജ്ജൂര്‍ കച്ചേരി എന്നായിരുന്നു ഇന്നത്തെ സെക്രട്ടറിയേറ്റിന്റെ പഴയ പേര്. വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് രാജാ കേശവദാസന്റെ കാലത്ത് ആലപ്പുഴയിലായിരുന്നു സര്‍ക്കാര്‍ കച്ചേരിയുടെ ആസ്ഥാനം. 1821 ല്‍ റാണി പാര്‍വ്വതി ഭായിയുടെ കാലത്ത് കച്ചേരിയുടെ ആസ്ഥാനം കൊല്ലത്തേക്ക് മാറ്റി. പിന്നീട് സ്വാതി തിരുനാളിന്റെ കാലത്ത് കച്ചേരിയുടെ ആസ്ഥാനം കോട്ടയ്ക്കകത്തേക്ക് കൊണ്ടു വന്നു. 1869 ലാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് കെട്ടിടം നിലവില്‍ വന്നത്. സെക്രട്ടറിയേറ്റിന്റെ നിര്‍മ്മാണത്തിന് മുന്‍കൈയെടുത്ത അന്നത്തെ ദിവാനോടുള്ള (രാജാ സര് ടി.മാധവറാവു) ആദര സൂചകമായി അദ്ദേഹത്തിന്റെ ഒരു പൂര്‍ണ്ണകായ ലോഹ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിച്ചു. അതാണ് നഗരത്തിലെ പ്രശസ്തമായ സ്റ്റാച്യു. വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ സുവര്‍ണ്ണ ജൂബിലി സ്മാരകമായി നഗര ഹൃദയമായ പാളയത്തില്‍ സ്ഥാപിച്ച വിക്ടോറിയ ജൂബിലി ടൌണ്‍ ഹാള്‍ (വി ജെ ടി ഹാള്‍) 1896 ജനുവരി 25 ന് മഹാരാജാവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ സഭയുടെ ആരംഭകാല പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് വിക്ടോറിയ ജൂബിലി ടൌണ്‍ ഹാള്‍. ഇതാണ് ഇന്നത്തെ ടൌണ്‍ ഹാള്‍.
