സീസണ്‍

ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലത്തിനു ശേഷം സെപ്തംബര്‍ മാസത്തോടെ പ്രശാന്തസുന്ദരമായ കാലാവസ്ഥ നഗരത്തില്‍ സംജാതമാകുന്നു. സെപ്തംബര്‍ മാസത്തോടെ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുന്ന നഗരത്തിലേക്ക് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ വിമാനമാര്‍ഗ്ഗം എത്തുകയായി. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സഞ്ചാരികളെ തിരുവനന്തപുരത്തെത്തിക്കുന്ന വിനോദസഞ്ചാര ഏജന്‍സികള്‍ ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കാലം. നേരിയ ശൈത്യം കലര്‍ന്ന സുഖകരമായ ഈ മാസങ്ങളില്‍ നഗരത്തില്‍ വിവിധ സാംസ്കാരിക കലാമേളകള്‍ കൂടി നടക്കുന്നത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂടു കനക്കുന്നതോടെ സഞ്ചാരികളുടെ ഒഴുക്കില്‍ കുറവ് വന്നു തുടങ്ങുമെങ്കിലും വെയിലും, മഴയും, മഞ്ഞും എല്ലാം നിറഞ്ഞ കേരളത്തിലെ സമ്മിശ്രമായ കാലാവസ്ഥ വിനോദസഞ്ചാരത്തിന് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അനുകൂലമായ സീസണൊരുക്കുന്നു.