ജലഗതാഗത സംവിധാനം
ജലഗതാഗത ചരിത്രം
1825-ല്‍ ഗൌരി പാര്വ്വതീബായിയുടെ കാലത്ത് വെട്ടിയ പാര്‍വ്വതീപുത്തനാറിന്റെ അരികിലാണ് വള്ളക്കടവ് (കല്‍പ്പാലക്കടവ്). തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആവശ്യത്തിനായുള്ള പള്ളിയോടങ്ങള്‍ ഇവിടെ അടുത്തിരുന്നു. കൊല്ലവര്‍ഷം 999-ല്‍ ചാന്നാങ്കര മുതല്‍ തിരുവനന്തപുരം ആറാട്ടു വഴി കല്‍പ്പാലം വരെ പുതിയതായി തോടുവെട്ടാന്‍ തുടങ്ങി. 1003-ല്‍ ഈ തോടിന്റെ പണി പൂര്‍ത്തിയായി. പിന്നീട് ചാന്നാങ്കര മുതല്‍ വര്‍ക്കല വരെ ദീര്‍ഘിപ്പിച്ചു. ചാന്നാങ്കര മുതല്‍ കല്‍പ്പാലക്കടവ് വരെയുള്ള തോടിന്റെ കരകള്‍ ഉറപ്പിക്കാന്‍ നാണന്പുല്ല് നടുന്നതിനും നടുതലകള്‍ സൂക്ഷിച്ച് വെള്ളംകോരുന്നതിനും നിയമിച്ച വിചാരിപ്പുകാര്‍ക്ക് എഴുപത് രൂപ കൊടുത്തതായി 1007-ലെ ഹജ്ജൂര്‍ തിരട്ടില്‍ രേഖപ്പടുത്തിയിരിക്കുന്നു. ഇന്ന് കാണുന്ന ബോട്ടുപുര 1003-ല്‍ നാല്‍പ്പത് കോല് എട്ടുവിരല്‍ ചുറ്റില്‍ നിര്‍മ്മിച്ചതിന് 5924 പണം കൊടുത്തതായി 1007-ലെ ഹജ്ജൂര്‍ തിരട്ടില്‍ കാണുന്നു. രാജവാഴ്ചക്കാലത്ത് വള്ളക്കടവിലേയും ചാക്കയിലെയും ബോട്ടുപുരകള് പൊതുജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പലതവണ രാജാക്കന്മാരുടെ രാജകീയ പ്രൌഡിയോടെയുള്ള എഴുന്നള്ളത്തിന് ഇവിടം വേദിയായിട്ടുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ പിന്നീട് ചാക്കയിലേത് പൊളിച്ചു മാറ്റി. വള്ളക്കടവിലേത് തകര്‍ന്നടിഞ്ഞ അവസ്ഥയിലുമായി. രാജഭരണത്തിനു ശേഷം ഹ്രസ്വകാലം ബോട്ടുപുര സ്പോര്‍ട്സ് കൌണ്‍സിലിന്റെ അധീനതയിലായിരുന്നു.
ആലപ്പുഴയും തിരുവനന്തപുരവുമായി കച്ചവടബന്ധം സ്ഥാപിക്കുന്നതിന് ഈ ജലപാത ഒരു കാലത്ത് ഉപയോഗിച്ചിരുന്നു. വേളി കായലില്‍ ഉല്ലാസയാത്രക്ക് പോയിരുന്ന രാജകുടുംബാംഗങ്ങള്‍ ഇവിടെ നിന്നുമാണ് മുന്‍പ് യാത്ര തിരിച്ചിരുന്നത്. രാജവാഴ്ചക്കാലത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിനും ഭദ്രദീപത്തിനും നവരാത്രിക്കും മറ്റുമെത്തുന്ന നമ്പൂതിരിമാരും, പണ്ഡിതന്മാരും, തമ്പ്രാക്കളും സഞ്ചരിച്ചിരുന്നതും ഈ ജലപാതയിലൂടെയാണ്. ബോട്ടുപുരയുടെ പുനരുദ്ധാരണത്തിന് 1992-ല്‍ ചില ശ്രമങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെ യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ഈ ജലപാതയെ തിരുവനന്തപുരം-ചേര്‍ത്തല കനാല്‍ എന്നും വിളിച്ചിരുന്നു. ദേശീയപാത എന്ന ആശയം പ്രാവര്‍ത്തികമാക്കുമ്പോള്‍ വള്ളക്കടവിന് ഒരുപക്ഷെ പഴയ പ്രതാപം കൈവന്നേക്കാം.
വലിയതുറ
ഗ്രേറ്റ് ഹാര്‍ബര്‍ എന്ന നിലയില്‍ വലിയതുറ വളരെക്കാലം മുന്‍പേ പ്രസിദ്ധമായിരുന്നു. വലിയതുറ കടല്‍പ്പാലം 1825-ലാണ് (കൊ.വ 1000) പണി കഴിപ്പിച്ചത്. കപ്പലുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മുതലേ ഇവിടെ അടുത്തിരുന്നതായി രേഖകളുണ്ട്. അക്കാലത്ത് യാത്രാസൌകര്യം കുറവായിരുന്നതിനാല്‍ വിഴിഞ്ഞം തുറമുഖത്തേക്കാള്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വലിയതുറയെ ആശ്രയിച്ചിരുന്നിരിക്കാനാണ് സാധ്യത. വലിയതുറ പാലം പണികഴിപ്പിക്കുന്നതിന് മുമ്പും ആ ഭാഗത്ത് കപ്പല്‍ അടുത്തിട്ടുണ്ടാവണം. ഭൂമിയുടെ കിടപ്പനുസരിച്ച് ചില പ്രത്യേക സ്ഥലങ്ങളില്‍ കപ്പല്‍ അടുക്കാറുണ്ടായിരുന്നു. പോക്കുമൂസാ മുതലാളിയുമൊന്നിച്ചു കൊട്ടാരത്തിലെത്തിയ ഇളംപ്രായക്കാരനായ കേശവദാസന് കൊട്ടാരത്തില്‍ കിടന്ന് ഉറങ്ങിപ്പോയി. രാജാവ് രാവിലെ കേശവദാസനെ കണികാണാന്‍ ഇടയായി. ശകുനം മോശമായതിനാല്‍ കേശവദാസനെ തടങ്കലിലാക്കി. സാധനങ്ങള്‍ നിറച്ച ഒരു കപ്പല്‍ തുറമുഖത്തടുത്തു എന്ന വാര്‍ത്ത മഹാരാജാവിനെ സന്തുഷ്ടനാക്കി. കണി കണ്ട ഫലം അനുകൂലമായതിനാല്‍ സന്തോഷവാനായ രാജാവ് കേശവദാസന് ഒരു ഉദ്യോഗം നല്കുകയുണ്ടായി. പില്ക്കാലത്ത് ഇദ്ദേഹം ‘രാജാ കേശവദാസ’നെന്ന പേരില്‍ പ്രസിദ്ധനായി തീരുകയും ചെയ്തു. ഇതിന് സാക്ഷ്യം വഹിച്ച തുറമുഖം വലിയതുറ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശംഖുമുഖം പാലം പണിയിച്ചത് 1000-ാമാണ്ടിലാണെന്ന് രേഖയുണ്ട്. വലിയതുറ പാലം എന്നല്ലാ ശംഖുമുഖം പാലം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1013-ല്‍ ഉത്രം തിരുനാള്‍ മഹാരാജാവ് ശംഖുമുഖത്ത് എഴുന്നള്ളുമ്പോള്‍ വലിയതുറയില്‍ ഒരു കപ്പല്‍ കാണുകയുണ്ടായി. എന്തോ അപകടം സംഭവിച്ചതായി ഗ്രഹിച്ച രാജാവ് കപ്പലിലേക്ക് ആളെ അയച്ചു. വിക്ടോറിയാ രാജ്ഞിയുടെ ജൂപ്പിറ്റര്‍ എന്ന യുദ്ധക്കപ്പല്‍ ആയിരുന്നു അത്. സിലോണിലേക്ക് ഓടിച്ചു പോകൂംവഴി സംഭരണിയിലെ ജലം തീര്‍ന്നു പോയിയത്രെ. ജലം എത്തിച്ചു കൊടുക്കുകയും പിതാവിനോടൊപ്പം രാജാവ് കപ്പല്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഇതില്‍ നിന്നും ഉത്രം തിരുനാളിന്റെ കാലത്ത് വലിയതുറ പാലം ഉണ്ടായിരുന്നതായി കരുതാം. ഗൌരീ പാര്വ്വതീബായിയുടെ കാലത്താണ് പരവൂര്‍കായലിനേയും കൊല്ലം കായലിനേയും ബന്ധിപ്പിക്കുന്ന തോടും തിരുവനന്തപുരത്തെ കഠിനംകുളം കായലിനോട് ബന്ധിപ്പിക്കുന്ന മറ്റൊരു തോടും വെട്ടിച്ചത്. 999-ല്‍ തുടങ്ങിയ ഈ പണികള്‍ മൂന്നു വര്‍ഷം കൊണ്ടു പൂര്‍ത്തിയായി. ഇതിനോടനുബന്ധിച്ചായിരിക്കണം വലിയതുറ പാലത്തിന്റെയും പണി പൂര്‍ത്തിയാക്കിയത്.
വിഴിഞ്ഞം തുറമുഖം
പ്രകൃതിദത്തമായ എല്ലാ സൌകര്യങ്ങളുമൊത്തിണങ്ങിയ വിഴിഞ്ഞത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു തുറമുഖം പണിയിക്കുന്നതിനായുള്ള നടപടി ക്രമങ്ങളും ചര്‍ച്ചകളും മുന്നേറിക്കൊണ്ടിരിക്കുന്നു. പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ തുറമുഖങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കപ്പല്‍ ചാനലിന്റെ സമീപ്യം തന്നെയാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതിദത്തമായി തന്നെ നന്നേ ആഴമുള്ള പ്രദേശമാണ് വിഴിഞ്ഞം തുറമുഖം. വിദേശ കപ്പലുകളുള്‍പ്പെടെ വിവിധ വലിപ്പത്തിലുള്ള കപ്പലുകള്‍ ഇപ്പോള്‍ തന്നെ തുറമുഖത്തെത്താറുണ്ട്. കൂടാതെ മത്സ്യബന്ധന തുറമുഖമെന്ന നിലയിലും വിഴിഞ്ഞം പ്രശസ്തമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ ശാസ്തമംഗലത്ത് കേരള സര്‍ക്കാര്‍ പ്രത്യേക ഓഫീസ് തുറന്നിട്ടുണ്ട്. ഈ സംരംഭത്തിന്റെ ചെയര്മാന് സംസ്ഥാന മുഖ്യമന്ത്രി തന്നെയാണ്. കൂടാതെ മറ്റുചുമതലക്കാരായി ഒരു വൈസ്ചെയര്‍മാനും (സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം), ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഉണ്ട്.
ഫോണ്‍ :- 0471 2318616,6542484
ഇ-മെയില്‍ : ceo@vizport.org
info@vizport.org